ആദ്യ ഫോണെന്ന പേടിയില്ല! ഇന്ത്യയിൽ മാസ് കാട്ടാൻ മിവി; 15000 രൂപയ്ക്കുള്ളിൽ സ്നാപ്ഡ്രാഗൺ ചിപ് സ്മാർട്ട്ഫോൺ
First Mivi smartphone to launch in India soon: അടുത്തിടെ ഫയർ ബോൾട്ട് തങ്ങളുടെ കന്നി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു ബ്രാൻഡ് കൂടി പുതിയതായി സ്മാർട്ട്ഫോൺ നിർമാണ രംഗത്തേക്ക് എത്തുന്നത്. മിവി സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് സംബന്ധിച്ച കൃത്യമായ തിയതി പുറത്തുവന്നിട്ടില്ല.
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഇതാ മറ്റൊരു പുതിയ ബ്രാൻഡ് കൂടി എത്താൻ പോകുന്നു. ഇന്ത്യൻ ഓഡിയോ ഡിവൈസ് നിർമ്മാതാക്കളായ മിവി (Mivi) തങ്ങളുടെ കന്നി സ്മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഫ്ലിപ്പ്കാർട്ടിൽ ഇതിനകം മിവി സ്മാർട്ട്ഫോണിന്റെ ലോഞ്ച് ടീസർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അടുത്തിടെ ഫയർ ബോൾട്ട് തങ്ങളുടെ കന്നി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു ബ്രാൻഡ് കൂടി പുതിയതായി സ്മാർട്ട്ഫോൺ നിർമാണ രംഗത്തേക്ക് എത്തുന്നത്. മിവി സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് സംബന്ധിച്ച കൃത്യമായ തിയതി പുറത്തുവന്നിട്ടില്ല.
മിവി സ്മാർട്ട്ഫോൺ ലോഞ്ച് ഉടൻ ഉണ്ടാകും എന്ന സൂചന നൽകിക്കൊണ്ട് കഴിഞ്ഞ ദിവസം ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ ഈ ഫോൺ പ്രത്യക്ഷപ്പെട്ടു. ലോഞ്ച് നടക്കാനിരിക്കെ, ഈ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ ഈ ലിസ്റ്റിംഗ് വെളിപ്പെടുത്തിയിട്ടുണ്ട്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റ് കരുത്താക്കിയാണ് ഈ ഫോൺ എത്തുക.
ഇപ്പോൾ സ്മാർട്ട്ഫോണുകൾക്ക് പൊതുവെ വില കൂടുതലാണ്. ബജറ്റ് വിലയിലുള്ള 5ജി ഫോണുകൾ കിട്ടാനില്ല. പ്രമുഖ ബ്രാൻഡുകളുടെ ‘ബജറ്റ്’ 5ജി ഫോണുകൾ പോലും 20000 രൂപയ്ക്കടുത്ത് വിലയിലാണ് എത്തുന്നത്. അതേസമയം മിവിയുടെ സ്മാർട്ട്ഫോൺ 15000 രൂപ വിലയിൽ എത്തും എന്നാണ് പ്രമുഖ ടിപ്സ്റ്റർ സഞ്ജു ചൗദരി കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയത്.
15000 രൂപയിൽ താഴെ വിലയിൽ സ്നാപ്ഡ്രാഗൺ ചിപ്സെറ്റ് സഹിതം മിവി സ്മാർട്ട്ഫോൺ എത്തും എന്നാണ് സഞ്ജു നേരത്തെ വെളിപ്പെടുത്തിയത്. ഇപ്പോൾ പുറത്തുവന്ന ഗീക്ക് ബെഞ്ച് ലിസ്റ്റിങ് ഡീറ്റെയിൽസ് ഈ വെളിപ്പെടുത്തലിനെ പാതി ശരിവയ്ക്കുന്നുണ്ട്. ഇനി വില 15000 രൂപയിൽ താഴെ ആണോയെന്ന് ലോഞ്ചിന് ശേഷമേ കൃത്യമായി ഉറപ്പിക്കാനാകൂ.
6ജിബി റാമും മിവി സ്മാർട്ട്ഫോണിൽ ഉണ്ടാകും. സ്മാർട്ട്ഫോൺ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഈ പുതിയ ബ്രാൻഡിന്റെ കടന്നുവരവിനെ നോക്കിക്കാണുന്നത്. മികച്ച ഫീച്ചറുകൾ മാന്യമായ വിലയിൽ അവതരിപ്പിച്ച് മിവി തുടക്കം ഗംഭീരമാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആൻഡ്രോയിഡ് 16 ഒഎസ് അടിസ്ഥാനമാക്കിയാണ് ഈ ഫോൺ പ്രവർത്തിക്കുക എന്ന സൂചന ഗീക്ക്ബെഞ്ച് ലിസ്റ്റിങ് നൽകുന്നുണ്ട്.
മിവി ഔദ്യോഗികമായി വരാൻ പോകുന്ന സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. ലീക്ക് റിപ്പോർട്ടുകൾ നൽകിയ സൂചനകൾ മാത്രമാണ് ഇപ്പോൾ നമുക്ക് മുൻപിലുള്ളത്. ലഭ്യമായ വിവരങ്ങൾ പ്രകാരം സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റ് തന്നെയാണ് ഇതിലുള്ളത് എങ്കിൽ അത് മിവി ഫോണിന് 5G കണക്റ്റിവിറ്റിയും ദൈനംദിന ഉപയോഗങ്ങൾ നിർവഹിക്കാൻ ആവശ്യമായ കരുത്തും നൽകും.
ഈ ചിപ്സെറ്റ് രണ്ട് വർഷം പഴക്കമുള്ളതാണ്. എന്നാൽ നിലവിലെ സ്മാർട്ട്ഫോൺ വില പരിഗണിക്കുമ്പോൾ 15000 രൂപയിൽ താഴെ വിലയിൽ ഈ ചിപ്സെറ്റ് സഹിതം ഒരു 5ജി ഫോൺ ലഭിക്കുക എന്നത് ബജറ്റ് 5ജി ഫോൺ വാങ്ങാൻ കാത്തിരിക്കുന്ന ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറെ നേട്ടമാകും എന്ന് വിലയിരുത്തപ്പെടുന്നു.
English Summary
Here is another new brand entering the Indian smartphone market. Indian audio device manufacturer Mivi will soon launch its maiden smartphone in India. The launch teaser of the Mivi smartphone has already appeared on Flipkart. Leaked reports claim that this Mivi smartphone will arrive in India with a Snapdragon chipset at a price of less than Rs 15,000.