Badminton: ഷട്ടില്‍കോക്ക് കിട്ടാനില്ല, കാരണം ചൈനക്കാരുടെ പോര്‍ക്ക് പ്രേമം?
Badminton crisis: ഷട്ടില്‍കോക്കുകളുടെ നിര്‍മ്മാണത്തില്‍ തൂവലുകള്‍ നിര്‍ണായകമാണ്. താറാവ്, വാത്ത എന്നിവയുടെ തൂവലുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. താറാവിനെയും, വാത്തയെയും ഏറ്റവും കൂടുതല്‍ വളര്‍ത്തിയിരുന്ന രാജ്യങ്ങളിലൊന്നാണ് ചൈന
ചൈനക്കാരുടെ ആഹാരരീതി ബാഡ്മിന്റണ് കൊടുത്തിരിക്കുന്നത് എട്ടിന്റെ പണിയാണ്. ലോകമെമ്പാടും ഷട്ടില്‍കോക്കുകളുടെ കടുത്ത ക്ഷാമമാണ് നേരിടുന്നത്. വിവിധ നാഷണല്‍ അസോസിയേഷനുകള്‍ താരങ്ങള്‍ക്ക് മികച്ച ഷട്ടില്‍കോക്കുകള്‍ ലഭ്യമാക്കാന്‍ പെടാപാട് പെടുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇത് ബാഡ്മിന്റണ്‍ എന്ന കായിക ഇനത്തെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
ഉയര്‍ന്ന തുക കൊടുത്താണ് പലരും ഇപ്പോള്‍ മികച്ച ഷട്ടില്‍കോക്കുകള്‍ വാങ്ങുന്നത്. ഇന്ത്യയിലും, ഫ്രാന്‍സിലുമടക്കം ഈ പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയിലും ഷട്ടില്‍കോക്കുകള്‍ കുറവാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഈ പ്രതിസന്ധിയുടെ കാരണമാണ് കൂടുതല്‍ ആശ്ചര്യകരം. ചൈനയുടെ മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതികളാണ് ഇതിന് പ്രധാന കാരണമെന്ന് ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ബിഎഐ) സെക്രട്ടറി സഞ്ജയ് മിശ്ര ഇന്ത്യ ടുഡേയോട് പറഞ്ഞു.
ഷട്ടില്‍കോക്കുകളുടെ നിര്‍മ്മാണത്തില്‍ തൂവലുകള്‍ നിര്‍ണായകമാണ്. താറാവ്, വാത്ത എന്നിവയുടെ തൂവലുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. താറാവിനെയും, വാത്തയെയും ഏറ്റവും കൂടുതല്‍ വളര്‍ത്തിയിരുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. എന്നാല്‍ ഇപ്പോള്‍ ഇത്തരം പക്ഷികളെ വളര്‍ത്തുന്നതില്‍ ചൈനക്കാര്‍ വലിയ താല്‍പര്യമൊന്നും കാണിക്കുന്നില്ല.
സമീപകാലത്ത് പോര്‍ക്കിലാണ് ചൈനക്കാര്‍ കൂടുതലായും താല്‍പര്യം കാണിക്കുന്നത്. അതുകൊണ്ട് തന്നെ താറാവ്, വാത്ത തുടങ്ങിയവയെ പരിപാലിക്കുന്നതിന് പകരം കൂടുതലായും പന്നി വളര്‍ത്തലിലാണ് ഇവര്‍ ശ്രദ്ധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ താറാവ്, വാത്ത എന്നിവയുടെ തൂവലുകള്‍ ഷട്ടില്‍കോക്ക് നിര്‍മ്മാണത്തിന് കിട്ടാനില്ലാത്ത അവസ്ഥയായി. ഇത് ബാഡ്മിന്റണ്‍ രംഗത്തെ കടുത്ത പ്രതിസന്ധിയിലേക്കും നയിച്ചു. ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ ഈ വിഷയം ബാഡ്മിന്റൺ വേൾഡ് ഫെഡറേഷനുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തൂവലുകളെ ആശ്രയിക്കാത്ത ഹൈബ്രിഡ് ഷട്ടില്‍കോക്ക് മോഡലുകള്‍ വിവിധ കമ്പനികള്‍ നിര്‍മ്മിക്കുന്നുണ്ട്. ബാഡ്മിന്റണ്‍ രംഗം ഇത്തരം മോഡലുകള്‍ ഉപയോഗിക്കുന്നതിലേക്ക് കടക്കാനാണ് സാധ്യത.