India vs South Africa: ശുക്രിയുടെ ശുക്രദശ തീര്‍ന്നു; ആ വാക്ക് പറഞ്ഞതിന് ദക്ഷിണാഫ്രിക്കന്‍ കോച്ചിനെ എയറില്‍ കയറ്റി ഇന്ത്യന്‍ ടീം
South Africa coach Shukri Conrad: ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ ശുക്രി കോൺറാഡ് നടത്തിയ ഒരു പരാമര്‍ശം വിവാദമായിരുന്നു. ഇന്ത്യയെ തോല്‍വിയിലേക്ക് വലിച്ചിഴക്കുമെന്ന തരത്തില്‍ 'ഗ്രോവല്‍' എന്ന വാക്ക് ഉപയോഗിച്ചതാണ് വിവാദമായത്
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ ശുക്രി കോൺറാഡ് നടത്തിയ ഒരു പരാമര്‍ശം വിവാദമായിരുന്നു. ഇന്ത്യയെ തോല്‍വിയിലേക്ക് വലിച്ചിഴക്കുമെന്ന തരത്തില്‍ ‘ഗ്രോവല്‍’ എന്ന വാക്ക് ഉപയോഗിച്ചതാണ് വിവാദമായത്. എന്നാല്‍ ആ പരാമര്‍ശം തെറ്റായിപോയെന്ന് വ്യക്തമാക്കുകയാണ് ശുക്രി കോൺറാഡ്. തന്റെ പരാമര്‍ശം ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് വിജയത്തിന്റെ ശോഭ കെടുത്തിയെന്ന് ശുക്രി കോൺറാഡ് സമ്മതിച്ചു.
പരാമര്‍ശം നടത്തുമ്പോള്‍ ശ്രദ്ധാലുവാകേണ്ടിയിരുന്നുവെന്നും, മറ്റേതെങ്കിലും വാക്ക് ഉപയോഗിച്ചാല്‍ മതിയായിരുന്നുവെന്നും ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ വ്യക്തമാക്കി. ആര്‍ക്കും ഒരു ദ്രോഹമുണ്ടാകണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ല. വിജയിക്കാന്‍ ഇന്ത്യ കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെങ്കിലും, ആളുകള്‍ അത് മറ്റ് രീതിയില്‍ വ്യാഖ്യാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദം കളിക്കാരുടെ നേട്ടങ്ങളില്‍ നിന്നുള്ള ശ്രദ്ധ തിരിച്ചുവിട്ടു. ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വിഷയത്തിന്റെ കേന്ദ്രബിന്ദുവായി താന്‍ മാറി. വിനയാന്വിതനായിരിക്കുക എന്നതാണ് പ്രധാനം. എല്ലായ്‌പ്പോഴും താരങ്ങളെക്കുറിച്ചാകണം ചര്‍ച്ചകള്‍. പരിശീലകന്‍ ആരാണെന്ന് പോലും ആളുകള്‍ അറിയരുത്. നിര്‍ഭാഗ്യവശാല്‍, തന്നെക്കുറിച്ചായിരുന്നു ചര്‍ച്ചകളെന്നും ശുക്രി കോൺറാഡ് പറഞ്ഞു.
ഏത് വാക്കും വിചാരിക്കാത്ത തലത്തിലേക്ക് വലിച്ചിടുമെന്നതിനാല്‍ ഇനി ഓരോ വാക്കും ശ്രദ്ധിക്കും. നേരത്തെയും അങ്ങനെയാണ് ചെയ്തിരുന്നത്. ദുരുദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.