IndiGo Crisis: ഏഴാം ദിവസവും ഇൻഡിഗോ പ്രതിസന്ധി തുടരുന്നു, ടിക്കറ്റ് റീഫണ്ടായി നല്‍കിയത് 610 കോടി
IndiGo Crisis Update: ഇന്ന് രാത്രിക്കുള്ളിൽ ലഗേജുകൾ പൂർണമായി യാത്രക്കാർക്ക് എത്തിച്ചുനൽകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പാർലമെന്‍ററി സമിതി ഇൻഡിഗോ പ്രതിനിധികളെ വിളിപ്പിക്കും. ഇതുവരെ 610 കോടി രൂപയുടെ ടിക്കറ്റ് റീഫണ്ടുകൾ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ന്യൂഡൽഹി: ഇൻഡിഗോ വിമാനസർവീസ് പ്രതിസന്ധി തുടരുന്നു. ഏഴാം ദിവസമായ ഇന്നും വിമാന സർവീസുകൾ റദ്ദാക്കിയേക്കും. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സ്ഥിതി മെച്ചപ്പെടുന്നുണ്ട്. ഇന്ന് അഞ്ഞൂറിൽ താഴെ ഇൻഡിഗോ സർവീസുകളെ റദ്ദാക്കപ്പെടുകയുള്ളൂ എന്നാണ് വിലയിരുത്തൽ.
അതേസമയം കേന്ദ്രസർക്കാർ ഇൻഡിഗോയ്ക്കെതിരെ നടപടിക്കൊരുങ്ങുകയാണ്. ഇന്ന് രാത്രിക്കുള്ളിൽ ലഗേജുകൾ പൂർണമായി യാത്രക്കാർക്ക് എത്തിച്ചുനൽകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പാർലമെന്‍ററി സമിതി ഇൻഡിഗോ പ്രതിനിധികളെ വിളിപ്പിക്കും. ഇതുവരെ 610 കോടി രൂപയുടെ ടിക്കറ്റ് റീഫണ്ടുകൾ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റീഫണ്ട്, റീബുക്കിംഗ് പ്രശ്നങ്ങൾ കാലതാമസമോ അസൗകര്യമോ ഇല്ലാതെ പരിഹരിക്കുന്നതിന് യാത്രക്കാർക്കായി ഹെൽപ് സെല്ലുകളും ഇൻഡിഗോ തുടങ്ങിയിട്ടുണ്ട്.
അതേസമയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനും അക്കൗണ്ടബിൾ മാനേജർ ഇസിഡ്രോ പോർക്റാസിനും നൽകിയ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സര്‍വീസുകള്‍ ബുധനാഴ്ചയോടെ സാധാരണ നിലയിലെത്തുമെന്നാണ് കമ്പനി അറിയിച്ചത്.
ALSO READ: ‘നിങ്ങളുടെ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു’; ഇന്‍ഡിഗോ സിഇഒ നോട്ടീസിന് ഇന്ന് മറുപടി നല്‍കും
കൂടാതെ, ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ തടസ്സങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി. പുതിയ പൈലറ്റ് ഡ്യൂട്ടി ചട്ടങ്ങളും ആസൂത്രണത്തിലെ പിഴവുകളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് സൂചന. നവംബർ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (FDTL) ചട്ടങ്ങളുടെ രണ്ടാം ഘട്ടം പ്രതിസന്ധിക്ക് കാരണമായി.
പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്നുണ്ടായ പൈലറ്റ് ക്ഷാമം ആണ് രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകൾ മുടങ്ങാൻ കാരണം. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ സമീപ വർഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് കണക്കിലെടുത്ത് ഇൻഡിഗോയ്ക്ക് ഭാഗികമായ ഇളവുകൾ നൽകിയിട്ടുണ്ട്. എന്നാൽ പൈലറ്റുമാരുടെ പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട ഡിജിസിഎയുടെ ഉത്തരവ് പൂർണമായും മരവിപ്പിച്ചിട്ടില്ല.