AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

COVID-19 at Singapore: സിങ്കപ്പൂരിൽ കോവിഡ് വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ

Covid 19 alert : ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഒരാഴ്ച കൊണ്ട് 250 പേരെയാണ് അഡ്മിറ്റ് ചെയ്തത്.

COVID-19 at Singapore:  സിങ്കപ്പൂരിൽ കോവിഡ് വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ
Aswathy Balachandran
Aswathy Balachandran | Published: 19 May 2024 | 08:44 AM

വീണ്ടും കോവിഡ് തരം​ഗം സിങ്കപ്പൂരിൽ രൂക്ഷമാകുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ കോവിഡ് ബാധിതരുടെ എണ്ണം 25,900 ആയി ഉയർന്നതായാണ് റിപ്പോർട്ട്. ആദ്യ ആഴ്ചയിൽ 13,700 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തൊട്ടടുത്ത ആഴ്ച ആയപ്പോഴേക്ക് രോഗികളുടെ എണ്ണം ഇരട്ടിയായി എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കോവിഡ് കടുക്കുന്നതിനാൽ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സിങ്കപ്പൂർ ആരോഗ്യ മന്ത്രി ഒങ് യെ കുങ് നിർദേശിച്ചു. അടുത്ത രണ്ടോ നാലോ ആഴ്ചക്കുള്ളിൽ വ്യാപനം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചതായി റിപ്പോർട്ട്.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഒരാഴ്ച കൊണ്ട് 250 പേരെയാണ് അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞാഴ്ച 181 രോഗികൾ ഉണ്ടായിരുന്നിടത്താണ് ഇത്രയും എണ്ണം കൂടിയത്. കേസുകൾ ഇരട്ടിയായാൽ ആശുപത്രിയിൽ അഡ്മിറ്റാകുന്നവരുടെ എണ്ണം 500-ൽ അധികമാകും. കോവിഡിനെ പ്രതിരോധിക്കാനും ചികിത്സിക്കാനും ആവശ്യമായ കിടക്കകളും മറ്റു സൗകര്യങ്ങളും ആശുപത്രികളിലുണ്ട് എന്നാണ് വിവരം.

ALSO READ – അവസാനം ആസ്ട്രസെനെക്ക സമ്മതിച്ചു; കൊവിഷീൽഡ് ഉപയോഗിച്ചവരിൽ പാർശ്വഫലങ്ങൾ ഉണ്ടാകും

ഇതിനിടെ രോഗികളുടെ എണ്ണം ക്രമാതീതമായാൽ രാജ്യത്തിൻറെ ആരോഗ്യമേഖലയിൽ പ്രതിസന്ധിയുണ്ടായേക്കാമെന്നും മന്ത്രി പറഞ്ഞു. 60 വയസിന് മുകളിലുള്ളവരും മറ്റ് ഗുരുതര രോഗമുള്ളവരും ഈ സാഹചര്യത്തിൽ ഏറെ ജാഗ്രത പാലിക്കണം. കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്‌സിൻ എടുക്കാത്തവർ ഏറെ ശ്രദ്ധിക്കണം. ഇവർ സുരക്ഷയ്ക്കായി അധിക ഡോസ് സ്വീകരിക്കാൻ മറക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആശുപത്രിയിലെ കിടക്കകൾ എപ്പോഴും ലഭ്യമാക്കുന്നതിനായി അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ കുറയ്ക്കണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ ഗുരുതരമല്ലാത്ത രോഗമുള്ളവരെ വീടുകളിലേക്ക് മടക്കി അയയ്ക്കാനും തീരുമാനം ഉണ്ട്. അവർക്ക് മൊബൈൽ ഇൻപേഷ്യന്റ് കെയർ വഴി ചികിത്സ തുടരാനും ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.