Ukraine-Russia: ശൈത്യകാലത്ത് കീവില്‍ യുദ്ധമില്ല; പുടിന്‍ സമ്മതിച്ചതായി ട്രംപ്
Donald Trump on Russia-Ukraine War: കീവിലും വിവിധ പട്ടണങ്ങളിലും ഒരാഴ്ചത്തേക്ക് ആക്രമണങ്ങള്‍ ഉണ്ടാകരുതെന്ന് താന്‍ പ്രസിഡന്റ് പുടിനോട് വ്യക്തിപരമായി ആവശ്യപ്പെട്ടു. അദ്ദേഹം അതിന് സമ്മതിച്ചു. മേഖലയിലെ അസാധാരണമായ തണുപ്പ് കാരണമാണിതെന്നും ട്രംപ് പറഞ്ഞു.
വാഷിങ്ടണ്‍: കാലാവസ്ഥയിലെ മാറ്റം കാരണം കീവില്‍ ആക്രമണം നിര്‍ത്തിവെച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന്‍. തണുപ്പ് കാരണം ഒരാഴ്ചയോളം കീവില്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് പുടിന്‍ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് പുറംലോകത്തെ അറിയിച്ചത്. താന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുടിന്‍ ഇക്കാര്യം സമ്മതിച്ചതെന്ന് ട്രംപ് മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു.
കീവിലും വിവിധ പട്ടണങ്ങളിലും ഒരാഴ്ചത്തേക്ക് ആക്രമണങ്ങള്‍ ഉണ്ടാകരുതെന്ന് താന്‍ പ്രസിഡന്റ് പുടിനോട് വ്യക്തിപരമായി ആവശ്യപ്പെട്ടു. അദ്ദേഹം അതിന് സമ്മതിച്ചു. മേഖലയിലെ അസാധാരണമായ തണുപ്പ് കാരണമാണിതെന്നും ട്രംപ് പറഞ്ഞു.
പലരും പറഞ്ഞു, പുടിന്‍ അതിന് സമ്മതിക്കാന്‍ പോകുന്നില്ല, നിങ്ങള്‍ ഒരു കോള്‍ പാഴാക്കരുതെന്ന്. എന്നാല്‍ ഒരാഴ്ചത്തേക്ക് വെടിവെപ്പുകള്‍ നിര്‍ത്തിവെക്കാന്‍ പുടിന്‍ സമ്മതിച്ചിരിക്കുന്നു, ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, നാല് വര്‍ഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയെ റഷ്യയിലേക്ക് ക്ഷണിച്ചതായി ആവര്‍ത്തിച്ച് രാജ്യം. ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നതിനിടെയാണ് റഷ്യയുടെ പ്രസ്താവന.
മോസ്‌കോവും കീവും പരസ്പരം ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ ആആക്രമിക്കുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് റഷ്യയുടെ പ്രതികരണം. അതേസമയം, അബുദബിയില്‍ വെച്ച് യുഎസിന്റെ നേതൃത്വത്തില്‍ നടന്ന സമാധാന ചര്‍ച്ചകള്‍, കരാറില്‍ എത്തിച്ചേരാനുള്ള ശ്രമങ്ങള്‍ക്ക് വേഗത പകര്‍ന്നിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ വൈകാതെ സമാധാന കരാറില്‍ എത്തിച്ചേരുമെന്നാണ് വിവരം.