സീറ്റ് ബെൽറ്റ് ഇടില്ലെന്ന് കുട്ടിക്ക് വാശി, സീറ്റിൽ എണീറ്റുനിന്നു; വിമാനം റദ്ദാക്കി
Flight in Canada canceled: പുറപ്പെടാൻ വേണ്ടി യാത്രക്കാരെല്ലാവരും കയറുകയും വിമാനത്തിന്റെ വാതിലുകൾ അടച്ച് വിക്ടോറിയ രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനലിൽ നിന്നും റൺവേയിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടെയാണ് ഒരു കുട്ടി സീറ്റിൽ എണീറ്റ് നിൽക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഈ കുട്ടിയെ സീറ്റിൽ ഇരുത്താനും സീറ്റ്ബെൽറ്റ് ധരിപ്പിക്കാനും വിമാനത്തിലെ ജീവനക്കാർ ശ്രമിച്ചു. എന്നാൽ കുട്ടി വഴങ്ങാൻ കൂട്ടാക്കിയില്ല.
വിക്ടോറിയ: സീറ്റ് ബെൽറ്റ് ധരിക്കാൻ യാത്രക്കാരനായ കുട്ടി വിസമ്മതിച്ചതിനെ തുടർന്ന് കാനഡയിൽ വിമാനം റദ്ദാക്കി, നിരവധി പേരുടെ യാത്ര മുടങ്ങി. കാനഡയിലെ വിക്ടോറിയ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ടൊറന്റോയിലേക്ക് പോകേണ്ടിയിരുന്ന പോർട്ടർ എയർലൈൻസിന്റെ PD444 വിമാനമാണ് റദ്ദാക്കേണ്ടി വന്നത്. ഇതേത്തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ രാത്രി വിമാനത്താവളത്തിൽ കുടുങ്ങി. സീറ്റ് ബെൽറ്റ് ധരിക്കാൻ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല, കുട്ടി സീറ്റിൽ എഴുനേറ്റ് നിൽക്കുകയും ചെയ്തു. കുട്ടി കടുംപിടുത്തം തുടർന്നതിനെത്തുടർന്ന് ഇവരെ പുറത്താക്കി വന്നപ്പോഴേക്കും യാത്ര തുടരാനാകാത്ത നിലയിൽ വൈകുകയും ഫ്ലൈറ്റ് ക്യാൻസൽ ചെയ്യുകയുമായിരുന്നു.
കുട്ടിയുടെ വാശികൊണ്ട് ഫ്ലൈറ്റ് മുടങ്ങുക എന്ന അപൂർവ സംഭവം വ്യാഴാഴ്ചയാണ് ഉണ്ടായത്. പുറപ്പെടാൻ വേണ്ടി യാത്രക്കാരെല്ലാവരും കയറുകയും വിമാനത്തിന്റെ വാതിലുകൾ അടച്ച് വിക്ടോറിയ രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനലിൽ നിന്നും റൺവേയിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടെയാണ് ഒരു കുട്ടി സീറ്റിൽ എണീറ്റ് നിൽക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
Also Read: സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്ഥാനും, സൗദി അറേബ്യയും, തുർക്കിയും; നിരീക്ഷിച്ച് ഇന്ത്യ
തുടർന്ന് ഈ കുട്ടിയെ സീറ്റിൽ ഇരുത്താനും സീറ്റ്ബെൽറ്റ് ധരിപ്പിക്കാനും വിമാനത്തിലെ ജീവനക്കാർ ശ്രമിച്ചു. എന്നാൽ കുട്ടി വഴങ്ങാൻ കൂട്ടാക്കിയില്ല. കുട്ടിയുടെ രക്ഷിതാവും സീറ്റ് ബെൽറ്റ് ധരിപ്പിച്ച് ഇരുത്താൻ നോക്കിയെങ്കിലും നടന്നില്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് അപകടകരമായതിനാൽ, ഒടുവിൽ കുട്ടിയെയും രക്ഷിതാവിനെയും പുറത്തിറക്കാൻ തീരുമാനമായി.
തുടർന്ന് ക്രൂ അംഗങ്ങൾ വിമാനം വീണ്ടും ടെർമിനലിലേക്ക് തിരിച്ചുവിളിച്ചു. ശേഷം കുട്ടിയെയും കുടുംബത്തെയും വിമാനത്തിൽ നിന്ന് പുറത്തിറക്കി. തുടർന്ന് അവരുടെ ലഗേജുകൾ കാർഗോ ഹോൾഡിൽ നിന്ന് കണ്ടെത്തി പുറത്തെടുക്കുക, വിമാന സർവീസിനായുള്ള പേപ്പർ വർക്കുകൾ പൂർത്തിയാക്കുക, പുതിയ ഫ്ലൈറ്റ് പ്ലാൻ സമർപ്പിക്കുക തുടങ്ങിയ നടപടികൾക്ക് സമയം ഏറെയെടുത്തു.
വിക്ടോറിയ എയർപോർട്ടിലെ റൺവേ രാത്രി 12:30 ന് അടയ്ക്കും. കുട്ടിയെയും രക്ഷിതാവിനെയും പുറത്തിറക്കി മറ്റ് നടപടികൾ പൂർത്തിയായപ്പോഴേക്കും സമയം 12:30 കഴിഞ്ഞിരുന്നു, അതിനാൽ വിമാനത്തിന് അന്ന് ടേക്ക് ഓഫ് ചെയ്യാൻ സാധിക്കാത്ത അവസ്ഥ വന്നു. തുടർന്ന് പോർട്ടർ എയർലൈൻസ് സർവീസ് പൂർണ്ണമായി റദ്ദാക്കുകയും യാത്രക്കാരെ തൊട്ടടുത്ത ദിവസത്തെ ഫ്ലൈറ്റിൽ അയയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഇതോടെ ആ വിമാനത്തിലുണ്ടായിരുന്നവരെല്ലാം വിമാനത്താവളത്തിൽ കുടുങ്ങുന്ന സ്ഥിതി ഉണ്ടായി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ പോർട്ടർ എയർലൈൻസ് ഖേദം പ്രകടിപ്പിക്കുകയും വിമാനത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു. അതേസമയം കുട്ടിയുടെയും രക്ഷിതാവിന്റെയും നടപടി സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി. രക്ഷിതാക്കളുടെ ഉത്തരവാദിത്തമില്ലായ്മയാണ് മറ്റ് യാത്രക്കാരെ ദുരിതത്തിലാക്കിയതെന്ന് വിമർശിച്ച് നിരവധിപേർ രംഗത്തെത്തി.
English Summary
A flight in Canada was canceled after a child passenger refused to wear a seat belt, disrupting the travel of many people. Porter Airlines flight PD444, which was scheduled to depart from Victoria International Airport in Canada for Toronto, was canceled. As a result, other passengers on the plane were stranded at the airport overnight.