Narendra Modi: യുദ്ധം അവസാനിപ്പിക്കണം; സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി
Narendra Modi And Volodymyr Zelenskyy: കഴിഞ്ഞ ഒരു മാസത്തിനിടെ നരേന്ദ്രമോദിയും സെലെൻസ്കിയും തമ്മിൽ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഓഗസ്റ്റ് 23നാണ് സെലെൻസ്കിയുടെ പ്രത്യേക ക്ഷണപ്രകാരം മോദി ഉക്രെയ്ൻ സന്ദർശിച്ചത്.
വാഷിംഗ്ടൺ: ഉക്രൈൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ത്രിദിന യുഎസ് സന്ദർശനത്തോട് അനുബന്ധിച്ച് ന്യൂയോർക്കിലായിരുന്നു കൂടിക്കാഴ്ച. റഷ്യ- ഉക്രെയ്ൻ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. സമാധാനം പുഃനസ്ഥാപിക്കാൻ ഇന്ത്യയുടെ പിന്തുണയും പ്രധാനമന്ത്രി സെലൻസ്കിയെ അറിയിച്ചു,
കഴിഞ്ഞ ഒരു മാസത്തിനിടെ ഇരു രാഷ്ട്രത്തലവൻമാരും നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്തയാണിത്. ഓഗസ്റ്റ് 23 ന് പ്രധാനമന്ത്രി ഉക്രെയ്ൻ സന്ദർശിച്ചിക്കുകയും യുദ്ധം അവസാനിപ്പിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.
1992-ൽ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഉക്രൈൻ സന്ദർശിച്ചത്. സെലൻസ്‌കിയുടെ ക്ഷണപ്രകാരമായിരുന്നു സന്ദർനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാകുമെന്നും ഇരുവരും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. യുഎൻ ചാർട്ടർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് രാജ്യങ്ങളുടെ പരമാധികാരം, പ്രാദേശിക സമഗ്രത എന്നിവയെ ബഹുമാനിക്കുന്നതിനുള്ള സന്നദ്ധതയും പ്രസ്താവനയിലൂടെ രാഷ്ട്രതലവൻമാർ അറിയിച്ചിരുന്നു.
അതേസമയം ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റഷ്യയുമായുള്ള യുദ്ധം അവസാനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് സെലെൻസ്കി പറഞ്ഞു. മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനെത്തിയ നരേന്ദ്രമോദി യുഎസ് പ്രസിഡന്റ് ജോ ബെെഡൻ, ജപ്പാൻ- ഓസ്ട്രേലിയ രാഷ്ട്രത്തലവൻമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യയടക്കുമുള്ള വികസ്വര രാജ്യങ്ങൾക്ക് സ്ഥിരാംഗത്വം നൽകി ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതി വിപുലീകരിക്കണമെന്ന ആവശ്യവുമായി അമേരിക്ക രംഗത്തെത്തി. ആഫ്രിക്കൻ -ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങൾക്ക് ഒപ്പം ചെറിയ ദ്വീപ് രാഷ്ട്രങ്ങൾക്കും പ്രതിനിധ്യം നൽകണമെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആവശ്യപ്പെട്ടു.
”മാറുന്ന ലോകസാഹചര്യങ്ങളെ ഉൾക്കൊള്ളുന്ന പരിഷ്കാരങ്ങൾ ഐക്യരാഷ്ട്ര സഭയിൽ അനിവാര്യമാണ്. യുഎൻ സ്ഥാപിതമായ 1940-കളിലെ സ്ഥിതിയല്ല നിലവിലുള്ളത്. ഇന്ത്യ, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങൾക്ക് സ്ഥിരാംഗത്വം നൽകണം. അമേരിക്ക ഏറെ കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. കൂടാതെ രണ്ട് ആഫ്രിക്കൻ രാജ്യങ്ങൾക്കും റോട്ടേഷൻ അടിസ്ഥാനത്തിൽ രണ്ട് ചെറുദ്വീപ് രാഷ്ട്രങ്ങൾക്കും ലാറ്റിനമേരിക്കൻ കരീബിയൻ രാജ്യങ്ങൾക്കും സുരക്ഷാ സമിതിയിൽ പ്രതിനിധ്യം നൽകണം. സുരക്ഷാ സമിതിയുടെ ഘടന പുന പരിശോധിക്കാനുള്ള ചർച്ചകൾക്കും അമേരിക്ക പിന്തുണ നൽകും”.- ആന്റണി ബ്ലിങ്കൻ സബ്മിറ്റ് ദി ഫ്യൂച്ചറിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
യുഎൻ സുരക്ഷാ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്തിനുള്ള ആവശ്യം പരോക്ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും പരാമർശിച്ചിരുന്നു. ആഗോള സമാധാനവും വികസനും ഉറപ്പുവരുത്താൻ അന്താരാഷ്ട്ര സംഘടനകൾ പരിഷ്കരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സെെബർ, ബഹിരാകാശം സമുദ്രം എന്നിവ പുതിയ സംഘർഷ ഇടങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. സുസ്ഥിര വികസനത്തിനാണ് ഇന്ത്യ ഉൗന്നൽ നൽകുന്നതെന്നും രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്രത്തിൽ നിന്ന് മോചിപ്പിക്കാനായെന്നും യുഎൻ ജനറൽ അസംബ്ലിയിൽ അദ്ദേഹം പറഞ്ഞു.