UAE : ജോലി നഷ്ടമാവുക 12000ഓളം കമ്പനികളിലെ വിദേശികൾക്ക്; യുഎഇയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു
UAE Strengthens Emiratisation Regulations : സ്വദേശിവത്കരണം പാലിക്കാത്ത കമ്പനികൾക്ക് മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം. സ്വദേശികൾക്ക് ജോലി നൽകാത്ത കമ്പനികൾ കടുത്ത പിഴയൊടുക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.
യുഎഇയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ കൂടുതൽ യുഎഇ പൗരന്മാരെ നിയമിക്കണമെന്നും നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് വൻ തുക പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 20 മുതൽ 49 വരെ അംഗങ്ങളുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു സ്വദേശിയെങ്കിലും ഉണ്ടാവണമെന്നും യുഎഇ മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം ഉത്തരവിട്ടു. സ്വദേശിവത്കരണം വിപുലീകരിക്കാനുള്ള ക്യാബിനറ്റ് തീരുമാനത്തിന് പിന്നാലെയാണ് പുതിയ നിർദ്ദേശം.
നേരത്തെ മുതൽ സ്വകാര്യവത്കരണ നിർദ്ദേശങ്ങളുണ്ടെങ്കിലും പുതിയ നിബന്ധനകൾ നിരവധി സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകും. വിദ്യാഭ്യാസം, ശാസ്‌ത്രം, സാങ്കേതികം, ആരോഗ്യം, റിയൽ എസ്റ്റേറ്റ്, നിർമ്മാണം തുടങ്ങി 14 മേഖലകളിലുള്ള 12,000ത്തിലധികം കമ്പനികളെയാണ് ഈ തീരുമാനം ബാധിക്കുക. നിരവധി തൊഴിലവരസങ്ങളുള്ള ഈ മേഖലകളിൽ ദ്രുതഗതിയിലുള്ള വളർച്ചയുമുണ്ട്.
Also Read : Quad Summit: ക്വാഡ് ഉച്ചകോടിയിൽ ഇന്ത്യയുടെ പങ്ക് എന്ത്? പ്രാധാന്യം, രൂപീകരണം എന്നിവയെക്കുറിച്ചറിയാം
ഇക്കൊല്ലം അവസാനമാണ് നിർദ്ദേശം പാലിക്കുന്നതിനുള്ള അവസാന സമയം. എന്നാൽ ഇതുവരെ കാത്തിരിക്കരുതെന്ന് മന്ത്രാലയം നിർദ്ദേശിക്കുന്നുണ്ട്. 2025ലും ഇതുപോലെ സ്ഥാപനങ്ങൾ യുഎഇ പൗരന്മാർക്ക് ജോലി നൽകണം. നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴയടയ്ക്കേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. 2024ലെ നിർദ്ദേശമനുസരിച്ച് എമിറേറ്റി പൗരന്മാരെ നിയമിക്കാത്ത കമ്പനികൾക്ക് പിഴയായി 96,000 ദിർഹം (ഏകദേശം 21,85,813 രൂപ) അടയ്ക്കേണ്ടിവരും. 2025 ജനുവരിയിലാണ് പിഴയടയ്ക്കേണ്ടത്. 2025ലെ സ്വദേശിവത്കരണ നിർദ്ദേശം പാലിക്കാത്ത കമ്പനികൾക്ക് 2026 ജനുവരിയിൽ 108,000 ദിർഹമാവും (ഏകദേശം 24,59,039 രൂപ) അടയ്ക്കേണ്ട പിഴ. 2024 ജനുവരിയ്ക്ക് മുൻപ് നിയമിക്കപ്പെട്ട യുഎഇ പൗരന്മാരെ സ്ഥാപനത്തിൽ നിലനിർത്തണം. അവർക്ക് പെൻഷനും സാമൂഹിക സുരക്ഷാ സംവിധാനങ്ങളുമൊക്കെ നൽകണം. അവരുടെ വേതന സംരക്ഷണം ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.
ജോലി ഒഴിവുകൾ നാഫിസ് പ്ലാറ്റ്ഫോമിൽ പരസ്യപ്പെടുത്തണം. എമിറാറ്റി പൗരന്മാർ തൊഴിൽ അന്വേഷിക്കുന്നതിനായി ആശ്രയിക്കുന്ന പ്ലാറ്റ്ഫോമാണിത്. നാഫിസ് പ്ലാറ്റ്ഫോമിൽ തൊഴിലവസരങ്ങൾ പരസ്യപ്പെടുത്തിയാൽ സ്ഥാപനങ്ങൾക്ക് സ്വകാര്യവത്കരണം ബുദ്ധിമുട്ടില്ലാതെ നടപ്പാക്കാനാവും. വർക്ക് ഷോപ്പുകൾ അടക്കമുള്ളവ നടത്തി പൗരന്മാരെ ബോധവത്കരണം നടത്തും. ഇത് സ്ഥാപനങ്ങൾക്ക് ഗുണം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. 2026 അവസാനത്തോടെ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശികളുടെ എണ്ണം 10 ശതമാനമാക്കി ഉയർത്തുകയാണ് ലക്ഷ്യം.