നേപ്പാൾ പ്രളയം: ഭോട്ടെ കോശി നദിയിൽ ജലനിരപ്പ് ഉയരുന്നു; അതീവ ജാഗ്രത
Water level rises in Bhote Koshi rive: നേപ്പാളിൽ പ്രളയത്തിന് ഇരയായ പ്രദേശങ്ങൾക്ക് സമീപമാണ് ഭോട്ടെ കോശി നദി ഒഴുകുന്നത്. ഇവിടെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ രസുവ, നുവാകോട്ട്, ധാഡിംഗ് എന്നീ മൂന്ന് ജില്ലകളിൽ നദികളുടെ സമീപം താമസിക്കുന്നവരോടള അതീവ ജാഗ്രത പാലിക്കാൻ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റി (NDRRMA) ആവശ്യപ്പെട്ടു.

Nepal Floods Water Level Rises In Bhote Koshi River
കാഠ്മണ്ഡു: മിന്നൽ പ്രളയം നടുക്കിയ നേപ്പാളിന് ആശങ്കയായി ഭോട്ടെ കോശി (Bhote Koshi) നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. നേപ്പാളിൽ പ്രളയത്തിന് ഇരയായ പ്രദേശങ്ങൾക്ക് സമീപമാണ് ഭോട്ടെ കോശി നദി ഒഴുകുന്നത്. ഇവിടെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ രസുവ, നുവാകോട്ട്, ധാഡിംഗ് എന്നീ മൂന്ന് ജില്ലകളിൽ നദികളുടെ സമീപം താമസിക്കുന്നവരോടള അതീവ ജാഗ്രത പാലിക്കാൻ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റി (NDRRMA) ആവശ്യപ്പെട്ടു. പുലർച്ചെ 4:30ന് പ്രദേശവാസികൾക്ക് ജലനിരപ്പ് ഉയരുന്നതിനെക്കുറിച്ച് സന്ദേശങ്ങൾ നൽകിയെങ്കിലും നിലവിൽ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
പ്രളയ സാധ്യത മുൻനിർത്തി പ്രാദേശിക രക്ഷാസേനയും അധികൃതരും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നേരത്തെ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5,200 മീറ്റർ ഉയരത്തിലുള്ള ഒരു വൻ ഹിമാനിയുടെ താഴ്ഭാഗം പെട്ടെന്ന് തകർന്ന് 1,000 മീറ്ററിലധികം താഴെയുള്ള താഴ്‌വരയിലേക്ക് പതിച്ചതാണ് മിന്നൽ പ്രളയത്തിന് കാരണമായത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ALSO READ: പ്രധാനമന്ത്രി മോദിയെ നെഞ്ചിലേറ്റി ഉസ്ബെക്കിസ്ഥാൻ! വൻ സ്വീകരണത്തിൽ നന്ദി അറിയിച്ച് മോദി
മലമുകളിൽ നിന്ന് താഴേക്ക് പതിച്ച കോടിക്കണക്കിന് ടൺ മഞ്ഞും പാറയും മണ്ണും നദിയുടെ ഗതി തടസ്സപ്പെടുത്തുകയും അവിടെ സ്വാഭാവികമായ ഒരു താൽക്കാലിക തടയണ രൂപപ്പെടുകയും ചെയ്തു. ഇതിനു പിന്നിൽ അതിവേഗം വെള്ളം കെട്ടിനിൽക്കുകയും, സമ്മർദ്ദം താങ്ങാനാവാതെ ഈ തടയണ പെട്ടെന്ന് പൊട്ടിത്തെറിച്ചതുപോലെ തകരുകയും ചെയ്തു.
അതോടെ വലിയ അളവിൽ വെള്ളവും ചെളിയും താക്ക് കുതിച്ചെത്തി. ഘർഷണവും ഊർജ്ജവും കാരണം ടൺ കണക്കിന് മഞ്ഞ് നിമിഷങ്ങൾക്കകം വെള്ളമായി മാറിയത് പ്രളയ ജലത്തിന്റെ അളവ് വൻതോതിൽ വർദ്ധിപ്പിച്ചു. നേപ്പാളിലെ ഇടുങ്ങിയതും കുത്തനെയുള്ളതുമായ താഴ്‌വരകൾ പ്രളയത്തിന്റെ വേഗത ഗണ്യമായി വർദ്ധിപ്പിച്ചു. മണിക്കൂറിൽ 75 കിലോമീറ്ററിലധികം വേഗതയിലാണ് പ്രളയജലം ഒഴുകിയെത്തി നേപ്പാളിനെ ദുരന്തത്തിൽ മുക്കിയത്.
ഏറ്റവുമൊടുവിൽ വന്ന കണക്കുകൾ പ്രകാരം ഇതുവരെ 688 പേർ നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചിട്ടുണ്ട്. മരണ സംഖ്യ ഇതിലും ഏറെ ഉയരാം. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ പ്രളയത്തെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയിട്ടുണ്ട്. ഇതുവരെ 108 ഇന്ത്യൻ പൗരന്മാരെ നേപ്പാളിൽ നിന്ന് രക്ഷിച്ചു. ടിബറ്റ് ഭാഗത്ത് കുടുങ്ങിക്കിടന്ന 598 പേർ നേപ്പാൾ അതിർത്തി സുരക്ഷിതമായി കടന്നു.
ടിബറ്റിലുള്ള 900 ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാൽ നേപ്പാളിൽ കാണാതായ 7 മലയാളികളെക്കുറിച്ച് ഇനിയും വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം, നേപ്പാൾ ആവശ്യപ്പെടുന്നത് അനുസരിച്ച് എന്ത് സഹായത്തിനും ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. കരസേനയിൽ നിന്നുള്ള കൂടുതൽ തുരങ്ക വിദഗ്ധർ നേപ്പാളിലെ രക്ഷാദൗത്യത്തിൽ പങ്കുചേരും.
ഒരു ബെയ്ലി പാലം പണിയാനുള്ള ഉപകരണങ്ങൾ ഇന്ത്യ നേപ്പാളിൽ എത്തിച്ചു. ഇനി ഏഴ് പാലങ്ങൾക്ക് കൂടിയുള്ള ഉപകരണങ്ങൾ ഉടൻ അയക്കും. കൂടാതെ കൂടുതൽ ഡോക്ടർമാരെയും ഇന്ത്യ നിയോഗിക്കും. പ്രളയത്തിൽ അകപ്പെട്ട ഏകദേശം 2,000ത്തിലധികം ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം. ആൾ നാശത്തിന് പുറമേ വലിയ നഷ്ടങ്ങളും നേപ്പാളിന് ഉണ്ടായിട്ടുണ്ട്. പ്രളയം വിഴുങ്ങിയ നേപ്പാളിന്റെ പുനർനിർമാണത്തിന് അഞ്ച് ബില്യൺ ഡോളറിനടുത്ത് തുക ആവശ്യമായി വരുമെന്നാണ് നേപ്പാൾ ധനകാര്യ മന്ത്രി പറഞ്ഞത്.
English Summary
The water level in the Bhote Koshi river is rising rapidly, a concern for Nepal, which has been rocked by flash floods. The Bhote Koshi river flows near flood-hit areas in Nepal. In the wake of the rising water level here, the National Disaster Risk Reduction and Management Authority (NDRRMA) has asked people living near the rivers in three districts of Rasuwa, Nuwakot and Dhading to be on high alert.