മുഖ്യാതിഥിയായി പൂജ ഹെഗ്‌ഡെ; ന്യൂയോർക്കിൽ ഇന്ത്യാ ഡേ പരേഡിൽ പങ്കെടുത്തത് രണ്ട് ലക്ഷത്തോളം പേർ
New York Hosts Grand India Day Parade to Celebrate Independence and Heritage: മുഖ്യാതിഥിയായ ബോളിവുഡ് നടി പൂജ ഹെഗ്‌ഡെ, നടനും സംവിധായകനുമായ അദിവി ശേഷ്, ജനപ്രിയ ഹിന്ദി ടെലിവിഷൻ പരമ്പരയായ 'താരാക് മേത്ത കാ ഉൽത്ത ചഷ്മ'യിലെ താരങ്ങൾ എന്നിവർ പരേഡിനെ കൂടുതൽ ജനപ്രിയമാക്കി. 'താരാക് മേത്ത' ടീം ഒരുക്കിയ ഫ്ലോട്ട് കാണാൻ മാഡിസൺ അവന്യൂവിൽ വൻ ജനക്കൂട്ടം തന്നെ തടിച്ചുകൂടിയിരുന്നു.
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിലുള്ള മാൻഹാട്ടൻ മാഡിസൺ അവന്യൂവിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് ഓഗസ്റ്റ് 16 ഞായറാഴ്ച സംഘടിപ്പിച്ച 44-ാമത് ഇന്ത്യാ ഡേ പരേഡിൽ വൻ ജന പങ്കാളിത്തം. ഏകദേശം രണ്ട് ലക്ഷത്തോളം പേരാണ് പരേഡിൽ പങ്കെടുത്തത്. ‘പൈതൃകത്തിലെ ഐക്യം’ എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം. ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനത്തിനും അമേരിക്കയുടെ 250-ാം വാർഷികത്തിനും ആദരമർപ്പിച്ചുകൊണ്ടാണ് ഇത്തവണത്തെ പരേഡ് നടന്നത്.
മുഖ്യാതിഥിയായ ബോളിവുഡ് നടി പൂജ ഹെഗ്‌ഡെ, നടനും സംവിധായകനുമായ അദിവി ശേഷ്, ജനപ്രിയ ഹിന്ദി ടെലിവിഷൻ പരമ്പരയായ ‘താരാക് മേത്ത കാ ഉൽത്ത ചഷ്മ’യിലെ താരങ്ങൾ എന്നിവർ പരേഡിനെ കൂടുതൽ ജനപ്രിയമാക്കി. ‘താരാക് മേത്ത’ ടീം ഒരുക്കിയ ഫ്ലോട്ട് കാണാൻ മാഡിസൺ അവന്യൂവിൽ വൻ ജനക്കൂട്ടം തന്നെ തടിച്ചുകൂടിയിരുന്നു. പരമ്പരയുടെ നിർമ്മാതാവ് അസിത് കുമാർ മോദി, താരങ്ങളായ ദിലീപ് ജോഷി, മന്ദർ ചന്ദ്വാദ്കർ, മുൻമുൻ ദത്ത, സൊണാലിക ജോഷി, ബൽവീന്ദർ സിംഗ് സൂരി, നിതീഷ് ഭലൂനി എന്നിവർക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.
ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ പരേഡിന് നേതൃത്വം നൽകി. ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ജെറമി കൂണി, കോൺഗ്രസ്മാൻ ശ്രീ താനേദാർ, അസംബ്ലിമാൻ ഡേവിഡ് വെപ്രിൻ, റിപ്പബ്ലിക്കൻ അറ്റോർണി ജനറൽ സ്ഥാനാർത്ഥി സരിത കോമിറെഡ്ഡി തുടങ്ങിയ ജനപ്രതിനിധികളും ഗവർണർക്കൊപ്പം അണിനിരന്നു.
വിവിധ സാംസ്കാരിക സംഘടനകൾ, ബിസിനസ്സ് സ്ഥാപനങ്ങൾ, പ്രാദേശിക കൂട്ടായ്മകൾ എന്നിവയെ പ്രതിനിധീകരിച്ച് 55 ഫ്ലോട്ടുകൾ മാഡിസൺ അവന്യൂവിൽ അണിനിരന്നു. ഒപ്പം മാർച്ചിംഗ് ബാൻഡുകളും നൃത്തസംഘങ്ങളും പ്രാദേശിക കലാകാരന്മാരും കൂടി ചേർന്നതോടെ പരേഡ് ദൃശ്യവിരുന്നായി മാറി. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൻ്റെ നേതൃത്വത്തിലും പ്രത്യേക ഫ്ലോട്ട് ഒരുക്കിയിരുന്നു.
പരേഡിന് പുറമെ, മാഡിസൺ-പാർക്ക് അവന്യൂകൾക്കിടയിലുള്ള ഈസ്റ്റ് 26-ാം സ്ട്രീറ്റിൽ എഫ്.ഐ.എ പ്രത്യേക ഭക്ഷ്യമേളയും കമ്മ്യൂണിറ്റി ബൂത്തുകളും ഒരുക്കിയിരുന്നു. ഈസ്റ്റ് 26, 25 സ്ട്രീറ്റുകൾക്കിടയിലുള്ള വേദിയിൽ ഉച്ച തിരിഞ്ഞ് പരമ്പരാഗത സംഗീത-നൃത്ത പരിപാടികളും അരങ്ങേറി. എഫ്.ഐ.എ ചെയർമാൻ അങ്കുർ വൈദ്യ, പ്രസിഡൻ്റ് ശ്രീകാന്ത് അക്കപ്പള്ളി എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.
English Summary
The 44th Annual India Day Parade in New York City drew around 200,000 spectators to Madison Avenue. Themed ‘Harmony in Heritage,’ the event featured cultural floats and celebrities like Pooja Hegde and the ‘Taarak Mehta’ cast, beautifully celebrating India’s Independence Day and the US anniversary