അബുദാബിയിൽ സ്വന്തമായി കാർ കഴുകുന്നവരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ ലക്ഷങ്ങൾ പിഴ!
Fines Await Those Washing Cars in Streets and Parking Lots in Abu Dhabi: അനുമതിയില്ലാത്ത സ്ഥലങ്ങളിൽ വാഹനം കഴുകുമ്പോൾ വെള്ളം റോഡുകളിലും നടപ്പാതകളിലും കെട്ടിക്കിടക്കാൻ കാരണമാകുന്നുണ്ട്. ഇത് നഗരത്തിൻ്റെ ഭംഗിയും വൃത്തിയും നശിപ്പിക്കുന്നതിനൊപ്പം കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്
അബുദാബി: സ്വന്തം വീടിൻ്റെ മുറ്റത്തോ അല്ലെങ്കിൽ വീടിന് മുന്നിലെ റോഡിലോ മറ്റു പൊതു ഇടങ്ങളിലോ വച്ച് വാഹനം കഴുക്കുന്ന ശീലമുള്ളവരാണ് ഇന്ത്യക്കാർ. നമ്മുടെ നാട്ടിലെ പുഴയോരങ്ങളിലും നീർചാലുകളുടെ അരികുകളിലുമെല്ലാം ഇതോരു സാധാരണ കാഴ്ചയാണ്. എന്നാൽ ഈ ശീലം അബുദാബിയിൽ തുടരാം എന്ന് കരുതരുത്. അബുദാബിയിൽ അനുവദനീയമല്ലാത്ത ഇടങ്ങളിൽ അനധികൃതമായി വാഹനങ്ങൾ കഴുകുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് നഗരസഭ.
തെരുവുകളിലും പാർക്കിംഗ് ഏരിയകളിലും വാഹനം കഴുകുന്നത് നഗരത്തിൻ്റെ സൗന്ദര്യത്തെ ബാധിക്കുമെന്നും പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് അധികൃതർ പരിശോധന ശക്തമാക്കിയത്. നഗരസഭയുടെ ‘നമ്മുടെ വീട്, നമ്മുടെ ഉത്തരവാദിത്തം’ എന്ന കാമ്പയിൻ്റെ ഭാഗമായാണ് ഈ നടപടി. താമസസ്ഥലങ്ങളിലെ തെരുവുകളിലും മറ്റ് പൊതുയിടങ്ങളിലും വാഹനം കഴുകുന്നത് ഒഴിവാക്കണമെന്നും, പകരം ലൈസൻസുള്ള കാർ വാഷ് കേന്ദ്രങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അനുമതിയില്ലാത്ത സ്ഥലങ്ങളിൽ വാഹനം കഴുകുമ്പോൾ വെള്ളം റോഡുകളിലും നടപ്പാതകളിലും കെട്ടിക്കിടക്കാൻ കാരണമാകുന്നുണ്ട്. ഇത് നഗരത്തിൻ്റെ ഭംഗിയും വൃത്തിയും നശിപ്പിക്കുന്നതിനൊപ്പം കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ബോധവൽക്കരണത്തിൻ്റെ ഭാഗമായി നഗരസഭാ ഉദ്യോഗസ്ഥർ വിവിധ റെസിഡൻഷ്യൽ ഏരിയകളിൽ നേരിട്ടെത്തി ആളുകളുമായി ആശയവിനിമയം നടത്തി. ഇതിന് പുറമെ വിവിധ സ്ഥലങ്ങളിൽ വർക്ക് ഷോപ്പുകളും സംഘടിപ്പിച്ചു. പരിസരം വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.
നിയമലംഘകർക്ക് കനത്ത പിഴ
അബുദാബിയിലെ നഗരസഭാ നിയമപ്രകാരം തെരുവുകൾ, പാർക്കിംഗ് ഏരിയകൾ തുടങ്ങിയ പൊതുയിടങ്ങളിൽ വാഹനം കഴുകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ലൈസൻസില്ലാത്ത ആളുകളെക്കൊണ്ട് വാഹനം കഴുകിക്കുന്നവർക്കും, ഇങ്ങനെ അനധികൃതമായി വാഹനം കഴുകുന്നവർക്കും പിഴ ചുമത്തും. കൂടാതെ, പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ വൃത്തിഹീനമായി ഉപേക്ഷിച്ചു പോകുന്നവരിൽ നിന്ന് 2,000 ദിർഹം വരെ പിഴ ഈടാക്കും. ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കാനും സാധ്യതയുണ്ട്. നിയമലംഘനം ആവർത്തിച്ചാൽ പിഴ 4,000 ദിർഹമായി ഉയരും.
നഗരസൗന്ദര്യം നിലനിർത്തുന്നതിനപ്പുറം, പൊതുജനാരോഗ്യത്തെയും അടിസ്ഥാന സൗകര്യങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളാണ് ഈ തീരുമാനത്തിന് കാരണം. റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകളും മറ്റ് പ്രാണികളും പെരുകാൻ കാരണമാകും. തുടർച്ചയായി വെള്ളം വീഴുന്നത് റോഡുകൾ തകരാനും ഡ്രെയിനേജ് സംവിധാനങ്ങൾക്ക് തടസ്സമുണ്ടാകാനും ഇടയാക്കും. വെള്ളം അനാവശ്യമായി പാഴാക്കുന്നത് തടയാനും നഗരത്തിൻ്റെ ശുചിത്വം കാത്തുസൂക്ഷിക്കാനും ലക്ഷ്യമിട്ടാണ് നഗരസഭ ഈ ക്യാമ്പയിൻ നടപ്പിലാക്കുന്നത്.
English Summary
The Abu Dhabi Municipality has launched a campaign warning motorists against washing vehicles in unauthorized public areas like streets and parking lots. Violators and unlicensed car washers face fines. The initiative aims to prevent water pooling, road damage, and mosquito breeding, urging residents to use only licensed car wash facilities.