8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ എവിടെ? വൈകുന്നത് ജീവനക്കാരുടെ കുടിശ്ശികയെ ബാധിക്കുമോ?
8th Pay Commission, Arrears Calculation: ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31-ന് അവസാനിക്കുന്ന സാഹചര്യത്തിൽ, പുതിയ ശമ്പള പരിഷ്കരണം എപ്പോൾ വരുമെന്നതാണ് ചർച്ചാവിഷയം. എട്ടാം ശമ്പള കമ്മീഷൻ 2027 പകുതിയോടെ മാത്രമേ പൂർണ്ണമായി നടപ്പിലാക്കാൻ സാധ്യതയുള്ളൂ എന്നാണ് വിദഗ്ധർ പറയുന്നത്.

പ്രതീകാത്മക ചിത്രം
കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പള കമ്മീഷൻ. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31-ന് അവസാനിക്കുന്ന സാഹചര്യത്തിൽ, പുതിയ ശമ്പള പരിഷ്കരണം എപ്പോൾ വരുമെന്നതാണ് ചർച്ചാവിഷയം. എട്ടാം ശമ്പള കമ്മീഷൻ 2027 പകുതിയോടെ മാത്രമേ പൂർണ്ണമായി നടപ്പിലാക്കാൻ സാധ്യതയുള്ളൂ എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ, ശമ്പള വർദ്ധനവിന് 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യം ഉണ്ടാകാനാണ് സാധ്യത. അതായത്, ശമ്പള പരിഷ്കരണം പ്രഖ്യാപിക്കാൻ വൈകുന്ന 12 മുതൽ 24 മാസത്തെ വരെയുള്ള തുക ജീവനക്കാർക്ക് കുടിശ്ശികയായി ലഭിച്ചേക്കും.
കുടിശ്ശിക കണക്കാക്കുന്നത് എങ്ങനെ?
നെക്‌സ്‌ഡിഗം പേറോൾ സർവീസസ് ഡയറക്ടർ രാമചന്ദ്രൻ കൃഷ്ണമൂർത്തിയുടെ അഭിപ്രായത്തിൽ, പുതിയ ഫിറ്റ്‌മെന്റ് ഫാക്ടർ അനുസരിച്ചുള്ള പുതുക്കിയ ശമ്പളവും നിലവിലെ ശമ്പളവും തമ്മിലുള്ള വ്യത്യാസത്തെ വൈകിയ മാസങ്ങൾ കൊണ്ട് ഗുണിച്ചാണ് കുടിശ്ശിക കണക്കാക്കുന്നത്.
(പുതുക്കിയ പ്രതിമാസ ശമ്പളം – പഴയ ശമ്പളം) × വൈകിയ മാസങ്ങളുടെ എണ്ണം = കുടിശ്ശിക
ശമ്പള വർദ്ധനവിൽ ഏറ്റവും നിർണ്ണായകമാകുന്നത് ഫിറ്റ്‌മെന്റ് ഫാക്ടറാണ്. ഏഴാം ശമ്പള കമ്മീഷനിൽ ഇത് 2.57 ആയിരുന്നു. എട്ടാം കമ്മീഷനിൽ ഇത് 1.83 മുതൽ 2.46 വരെയാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫിറ്റ്‌മെന്റ് ഫാക്ടർ 1.83 ആണെങ്കിൽ, അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് ഏകദേശം 32,940 രൂപയായി ഉയരാം. ഇത് 2.46 ആണെങ്കിൽ അടിസ്ഥാന ശമ്പളം 44,280 രൂപ വരെയാകാനും സാധ്യതയുണ്ട്.
ALSO READ: ശമ്പളം മാത്രമല്ല, പെൻഷനും കൂടും; ക്ഷാമബത്തയിലും മാറ്റം, ജീവനക്കാർ കാത്തിരിക്കുന്നത് എന്ത്?
മറ്റ് അലവൻസുകൾ
ക്ഷാമബത്ത പുതുക്കിയ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കി കുടിശ്ശികയായി നൽകും. എന്നാൽ വീട്ടുവാടക അലവൻസ് (HRA), ട്രാൻസ്പോർട്ട് അലവൻസ് (TA) എന്നിവയ്ക്ക് സാധാരണയായി മുൻകാല പ്രാബല്യത്തോടെയുള്ള കുടിശ്ശിക നൽകാറില്ല. ഇവ പരിഷ്കരണം പ്രഖ്യാപിക്കുന്ന തീയതി മുതൽ മാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂ.
ശമ്പള പരിഷ്കരണം വൈകുന്നത് വഴി ജീവനക്കാർക്ക് വലിയൊരു തുക കുടിശ്ശികയായി ഒന്നിച്ച് ലഭിക്കാൻ വഴിയൊരുങ്ങും. ലെവൽ 1 മുതൽ 5 വരെയുള്ള ജീവനക്കാർക്ക് 2 മുതൽ 3 ലക്ഷം രൂപ വരെ കുടിശ്ശികയായി ലഭിക്കാൻ സാധ്യതയുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.