T20 World Cup 2026: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനൊരുങ്ങി പാകിസ്താൻ; റിപ്പോർട്ട്
Pakistan To Boycott India Match: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനൊരുങ്ങി പാകിസ്താൻ. ബംഗ്ലാദേശിന് പിന്തുണ അറിയിച്ചുകൊണ്ടാണ് തീരുമാനം.
ടി20 ലോകകപ്പിൽ പാകിസ്താൻ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനൊരുങ്ങുന്നു. ബംഗ്ലാദേശിൻ്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാൻ തയ്യാറാവാതിരുന്ന ഐസിസിയോടുള്ള പ്രതിഷേധസൂചകമായാണ് പാകിസ്താൻ്റെ തീരുമാനം. ഫെബ്രുവരി 15ന് ശ്രീലങ്കയിലെ കൊളംബോയിലാണ് ഇന്ത്യ – പാകിസ്താൻ ഗ്രൂപ്പ് മത്സരം. ഈ കളി ബഹിഷ്കരിക്കാനാണ് പിസിബിയുടെ ആലോചന.
പാകിസ്താൻ മാധ്യമമായ ജിയോ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി പാകിസ്താൻ സർക്കാരുമായി ചർച്ചനടത്തിയിരുന്നു. ഈ ചർച്ചയിൽ ബഹിഷ്കരണ തീരുമാനം ആയെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി രണ്ടിന് മുൻപ് ഇക്കാര്യത്തിൽ പിസിബി തീരുമാനം അറിയിക്കും. ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുന്നതിനൊപ്പം ടൂർണമെൻ്റിൽ നിന്ന് പിന്മാറുന്നതും പാകിസ്താൻ്റെ പരിഗണനയിലുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കളി പാകിസ്താൻ ബഹിഷ്കരിച്ചാൽ ആ മത്സരം ഉപേക്ഷിക്കപ്പെടും. ഒപ്പം, ഇന്ത്യക്ക് രണ്ട് പോയിൻ്റും ലഭിക്കും. കനത്ത സാമ്പത്തികനഷ്ടമാണ് ബഹിഷ്കരണത്തിലൂടെ പിസിബിയെ കാത്തിരിക്കുന്നത്. ബംഗ്ലാദേശ് പ്രശ്നവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പാകിസ്താൻ ടൂർണമെൻ്റ് ബഹിഷ്കരിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ, ഇങ്ങനെ ചെയ്താൽ പാകിസ്താന് ഉഭയകക്ഷി മത്സരങ്ങൾ നൽകില്ലെന്നായിരുന്നു ഐസിസിയുടെ നിലപാട്.
ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ് ആണ് ടി20 ലോകകപ്പ് കളിക്കുക. ഇക്കാര്യം ഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ സുരക്ഷാപ്രശ്നങ്ങളുണ്ടെന്നും മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം ഐസിസി അംഗീകരിച്ചിരുന്നില്ല. തീരുമാനമറിയിക്കാൻ ഐസിസി നൽകിയിരുന്ന സമയം അവസാനിച്ചതോടെ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ലോകകപ്പിൽ ഉൾപ്പെടുത്തുകയായിരുന്നു.
ഫെബ്രുവരി ഏഴിന് ടി20 ലോകകപ്പ് ആരംഭിക്കും. മാർച്ച് എട്ടിനാണ് ഫൈനൽ. ഇന്ത്യയാണ് നിലവിലെ ജേതാക്കൾ. നാല് ഗ്രൂപ്പുകളിലായി 20 ടീമുകൾ ലോകകപ്പിൽ പങ്കെടുക്കും. പാകിസ്താനൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്.