8th Pay Commission: സായുധ സേന ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ വൻ വർദ്ധനവ്? എട്ടാം ശമ്പളകമ്മീഷനിൽ പ്രതീക്ഷകളേറെ
Salary Hike for Indian Armed Forces: ശമ്പള വർദ്ധനവ്, ഡിഎ, ഫിറ്റ്മെന്റ് ഫാക്ടർ തുടങ്ങിയവയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. കൂടാതെ ജീവനക്കാരുടെ വിവിധ ആവശ്യങ്ങളും സംഘടനകൾ അറിയിച്ചിട്ടുണ്ട്.
എട്ടാം ശമ്പളകമ്മീഷനുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ് രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാർ. പുതിയ ശമ്പള പരിഷ്കരണം ഉടനുണ്ടാവുമെന്നാണ് വിവരം. ശമ്പള വർദ്ധനവ്, ഡിഎ, ഫിറ്റ്മെന്റ് ഫാക്ടർ തുടങ്ങിയവയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. കൂടാതെ ജീവനക്കാരുടെ വിവിധ ആവശ്യങ്ങളും സംഘടനകൾ അറിയിച്ചിട്ടുണ്ട്. ഓരോ വിഭാഗം ജീവനക്കാരും ശമ്പളത്തിൽ വലിയ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഇത്തവണ ഇന്ത്യൻ സായുധ സേനയിലെ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം.
സായുധ സേന – നിലവിലെ ശമ്പളം
ഏഴാം ശമ്പളകമ്മീഷൻ പ്രകാരം ഇന്ത്യൻ കരസേന ലഫ്റ്റനന്റിന് 56,100 – 1,77,500 രൂപയാണ് അടിസ്ഥാനശമ്പളം. ജനറൽ റാങ്കിലെ ഉദ്യോഗസ്ഥർക്ക് 2,50,000 രൂപയാണ് അടിസ്ഥാനശമ്പളം. നാവികസേനയിൽ, ലഫ്റ്റനന്റിന് തുല്യമായ സബ് ലഫ്റ്റനന്റ് റാങ്കിൽ അടിസ്ഥാന ശമ്പളം 56,100 രൂപ മുതലാണ് ആരംഭിക്കുന്നത്. വ്യോമസേനയിലെ ലഫ്റ്റനന്റിന് തുല്യമായ ഫ്ലയിംഗ് ഓഫീസർ റാങ്കിൽ അടിസ്ഥാന ശമ്പളം 56,100 രൂപ മുതലാണ്.
കൂടാതെ, അടിസ്ഥാന ശമ്പളത്തിന് പുറമേ മിലിറ്ററി സർവീസ് പേയായി ഓഫീസർമാർക്ക് പ്രതിമാസം 15,500 രൂപ നിശ്ചിത തുകയായി ലഭിക്കും. കൂടാതെ, ക്ഷാമബത്ത, സിയാച്ചിൻ പോലുള്ള അതീവ ദുഷ്കരമായ ഇടങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള അലവൻസ്, യൂണിഫോം അലവൻസ്, വീട്ടുവാടക അലവൻസ് (HRA), ട്രാൻസ്പോർട്ട് അലവൻസ്, ഹൈ ആൾട്ടിറ്റ്യൂഡ് അലവൻസ് തുടങ്ങിയവയും ലഭിക്കുന്നുണ്ട്.
ALSO READ: ഡി.എ വർദ്ധനവ് ഉടൻ; അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുമോ? പുതിയ വിവരങ്ങൾ ഇതാ
എട്ടാം ശമ്പളകമ്മീഷനിൽ പ്രതീക്ഷകളേറെ
ഇന്ത്യൻ സായുധ സേനയിലെ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ ഇത്തവണ ഗണ്യമായ വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് വിവരം. 2.86 എന്ന ഫിറ്റ്മെന്റ് ഘടകം അടിസ്ഥാനമാക്കി, പല റാങ്കുകളുടെയും അടിസ്ഥാന ശമ്പളം ഏകദേശം 25 ശതമാനം മുതൽ 35 ശതമാനം വരെ വർദ്ധിച്ചേക്കാം. കൂടാതെ, പണപ്പെരുപ്പം നികത്തുന്നതിനായുള്ള ക്ഷാമബത്ത (ഡിഎ) ഏകദേശം 70 ശതമാനത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഡിഎ പുതുക്കിയ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാനും സാധ്യതയുണ്ട്.
എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കുന്നതോടെ വിരമിച്ച കരസേന, നാവികസേന, വ്യോമസേന ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏകദേശം 65 ലക്ഷം പെൻഷൻകാർക്ക് പ്രയോജനം ലഭിക്കും. പുതുക്കിയ ശമ്പള സ്കെയിലിനൊപ്പം, പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും കൂടുമെന്നാണ് പ്രതീക്ഷ. ഇത് മുൻ സൈനികർക്ക് കൂടുതൽ സാമ്പത്തിക സുരക്ഷ നൽകുകയും വിരമിക്കലിനു ശേഷമുള്ള അവരുടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യും.