8th Pay Commission: 8-ാം ശമ്പള കമ്മീഷൻ: പെൻഷൻകാരെ ഒഴിവാക്കുമോ? പരിഗണനാ വിഷയങ്ങളിൽ മാറ്റം വരുത്താൻ സമ്മർദ്ദം
8th Pay Commission Updates, Pensioners Demand Inclusion of Pension Revision: അടിസ്ഥാന ശമ്പളം, പെൻഷൻ, ഫിറ്റ്മെന്റ് ഫാക്ടർ, വീടുവാടക അലവൻസ് തുടങ്ങി ആവശ്യങ്ങൾ അനേകമാണ്. ഇത്തവണ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. ഫിറ്റ്മെന്റ് ഫാക്ടറിനനുസരിച്ചാകും ശമ്പളം നിശ്ചയിക്കുന്നത്.

പ്രതീകാത്മക ചിത്രം
എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുംതോറും ജീവനക്കാരുടെ ആശങ്കയും ഉയരുകയാണ്. അടിസ്ഥാന ശമ്പളം, പെൻഷൻ, ഫിറ്റ്മെന്റ് ഫാക്ടർ, വീടുവാടക അലവൻസ് തുടങ്ങി ആവശ്യങ്ങൾ അനേകമാണ്. ഇത്തവണ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. ഫിറ്റ്മെന്റ് ഫാക്ടറിനനുസരിച്ചാകും ശമ്പളം നിശ്ചയിക്കുന്നത്. ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
പെൻഷൻകാരുടെ ആവശ്യമെന്ത്?
എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസിൽ സർവീസിലിരിക്കുന്ന ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തോടൊപ്പം മുൻ പെൻഷനർമാരുടെയും ഫാമിലി പെൻഷനർമാരുടെയും പെൻഷൻ പരിഷ്കരണവും വ്യക്തമായി ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ പെൻഷനർ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരത് പെൻഷനേഴ്സ് സമാജ് (BPS), ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ (AIDEF) തുടങ്ങിയ പ്രമുഖ പെൻഷനർ സംഘടനകളാണ് ഈ ആവശ്യവുമായി കേന്ദ്ര ധനമന്ത്രാലയത്തെയും ക്യാബിനറ്റ് സെക്രട്ടറിയെയും സമീപിച്ചിരിക്കുന്നത്.
പെൻഷൻ പരിഷ്കരണം ഉൾപ്പെടുത്തുക
നിലവിലെ ‘ടേംസ് ഓഫ് റെഫറൻസിൽ’ മുൻകാല പെൻഷനർമാരുടെയും കുടുംബ പെൻഷനർമാരുടെയും പെൻഷൻ പരിഷ്കരണത്തെക്കുറിച്ച് വ്യക്തമായ പരാമർശമില്ല. അതിനാൽ 2026 ജനുവരി 1-ന് മുമ്പോ ശേഷമോ വിരമിച്ച എല്ലാവരെയും കമ്മീഷന്റെ പരിധിയിൽ ഉൾപ്പെടുത്തണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആവശ്യം.
പെൻഷൻ തുല്യത
നിലവിലുള്ള പെൻഷനർമാർക്കും ഭാവിയിൽ വിരമിക്കുന്നവർക്കും തമ്മിൽ പെൻഷൻ ആനുകൂല്യങ്ങളിൽ തുല്യത ഉറപ്പാക്കണമെന്നും പെൻഷനകാരുടെ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ: അടിസ്ഥാന ശമ്പളം മാത്രമല്ല, ഡിഎയും വർധിക്കും! 8-ാം ശമ്പള കമ്മീഷൻ, പ്രതീക്ഷ വാനോളം
‘അൺഫണ്ടഡ് കോസ്റ്റ്’ ഒഴിവാക്കണം
കമ്മീഷൻ രേഖകളിൽ നോൺ-കോൺട്രിബ്യൂട്ടറി പെൻഷൻ പദ്ധതികളെ ‘അൺഫണ്ടഡ് കോസ്റ്റ്’ (Unfunded Cost) അല്ലെങ്കിൽ സർക്കാരിന്റെ ബാധ്യതയായി ചിത്രീകരിക്കുന്ന പ്രയോഗം നീക്കം ചെയ്യുകയോ ഭേദഗതി ചെയ്യുകയോ വേണമെന്നാണ് മറ്റൊരു ആവശ്യം. ജീവനക്കാർ ചെയ്ത സേവനത്തിനുള്ള അവകാശമാണ് പെൻഷൻ എന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ഒരുമിച്ച് നടപ്പിലാക്കുക
സർവീസിലുള്ള ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തോടൊപ്പം തന്നെ പെൻഷനർമാരുടെയും കുടുംബ പെൻഷനർമാരുടെയും പെൻഷൻ പരിഷ്കരണ ശുപാർശകളും ഒരുമിച്ച് പ്രാബല്യത്തിൽ വരുത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
റിപ്പോർട്ട് എന്ന്?
2025 നവംബർ 3-നാണ് ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ എട്ടാം ശമ്പള കമ്മീഷന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി രൂപം നൽകിയത്. കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളതെന്നും, ഇതിന് മുൻപായി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഉറപ്പ് നൽകാനാവില്ലെന്നുമാണ് സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയത്.
പാർലമെന്റിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം ലോക്സഭയിലും രാജ്യസഭയിലും എഴുതിത്തയ്യാറാക്കിയ മറുപടിയിലൂടെ അറിയിച്ചത്. ഉത്തരവ് പ്രകാരം ശുപാർശകൾ സമർപ്പിക്കാൻ കമ്മീഷന് 18 മാസത്തെ സമയപരിധിയാണ് അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് 2027 മെയ് മാസം വരെ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ സമയമുണ്ട്.
English Summary:
8th Pay Commission has completed more than half of its 18-month mandate, and pensioner organisations are pressing the government to clarify the scope of pension revision in its Terms of Reference. The Bharat Pensioners’ Samaj and All India Defence Employees’ Federation have demanded that pension and family pension revision for existing central government pensioners, particularly those who retired before January 1, 2026, be explicitly included.