Post Office Schemes: മാസം 10,000 രൂപ മാറ്റിവെക്കാം; അഞ്ച് വർഷം കൊണ്ട് പലിശ മാത്രം 1 ലക്ഷം കവിയും
എല്ലാ മാസവും ഒരു നിശ്ചിത തുക വീതം നിക്ഷേപിക്കുന്ന ഒരു സേവിംഗ്സ് സ്കീമാണിത്. ഈ തുകയ്ക്ക് പലിശ ലഭിക്കുകയും കാലക്രമേണ ഈ തുക വലിയ തുകയായി മാറുകയും ചെയ്യും.
നിങ്ങളുടെ ഭാവിയിലേക്ക് വേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് സാമ്പത്തിക സുരക്ഷ. മെഡിക്കൽ എമർജൻസി, കുട്ടികളുടെ വിദ്യാഭ്യാസം അല്ലെങ്കിൽ വിരമിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് നിങ്ങളുടെ പക്കൽ പണമുണ്ടെങ്കിൽ, പിന്നെ മാനസികമായ സമാധാനവും നിലനിൽക്കും. ഇതിനുള്ള ഏറ്റവും മികച്ച സംവിധാനമാണ് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് (ആർഡി) . സാധാരണക്കാർക്കും ഇടത്തരക്കാർക്കും ചെറിയ തുകകൾ നിക്ഷേപിച്ച് ഒരു വലിയ ഫണ്ട് സൃഷ്ടിക്കാൻ ആർഡി വഴി സാധിക്കും.
എന്താണ് പോസ്റ്റ് ഓഫീസ് ആർഡി
എല്ലാ മാസവും ഒരു നിശ്ചിത തുക വീതം നിക്ഷേപിക്കുന്ന ഒരു സേവിംഗ്സ് സ്കീമാണിത്. ഈ തുകയ്ക്ക് പലിശ ലഭിക്കുകയും കാലക്രമേണ ഈ തുക വലിയ തുകയായി മാറുകയും ചെയ്യും. ഇത് സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപ പദ്ധതി കൂടിയാണ്. നിങ്ങളുടെ പണം പൂർണ്ണമായും സുരക്ഷിതമായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
എത്ര സമ്പാദിക്കാം ?
പ്രതിമാസം 100 രൂപ മുതൽ നിക്ഷേപം നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് ആർഡിയിൽ തുടങ്ങാം. പ്രതി മാസം 10,000 രൂപ വീതം 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ ഏകദേശം 7,13,659 രൂപ ലഭിക്കും. ഇതിൽ, 6 ലക്ഷം നിങ്ങളുടെ നിക്ഷേപ തുകയും 1,13,659 രൂപ പലിശയും ആയിരിക്കും.
2025 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള പാദത്തിൽ, ഈ സ്കീമിന് 6.7% ആണ് വാർഷിക പലിശ. ഇത് ഓരോ മൂന്ന് മാസത്തിലും കൂട്ടും.
ഈ പദ്ധതി ആർക്കുവേണ്ടിയാണ്?
എല്ലാ മാസവും ഒരു ചെറിയ തുക മാറ്റിവെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പദ്ധതി പ്രയോജനകരമാണ്. ശമ്പളക്കാരായ ജീവനക്കാർ, ചെറുകിട ബിസിനസുകാർ, തൊഴിലാളികൾ, വീട്ടമ്മമാർ, വിദ്യാർത്ഥികൾ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.പോസ്റ്റ് ഓഫീസ് ആർഡി സ്കീമിന്റെ കാലാവധി 5 വർഷമാണ്. പക്ഷേ, വേണമെങ്കിൽ, ഇത് 5 വർഷത്തേക്ക് കൂടി നീട്ടാം.
അക്കൗണ്ട് എങ്ങനെ തുറക്കാം?
ആർഡി അക്കൗണ്ട് തുറക്കാൻ, നിങ്ങൾക്ക് ആധാർ , പാൻ , പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ആവശ്യമാണ്. എല്ലാ മാസത്തിലെയും നിശ്ചിത തീയ്യതിയിൽ വേണം നിക്ഷേപം. കൃത്യസമയത്ത് നിക്ഷേപിച്ചില്ലെങ്കിൽ പിഴ ഈടാക്കും.