Kerala Gold Rate: മോഹം വേണ്ടാ സ്വര്‍ണം ലാഭം കൊയ്യും; വില കൂടും, ഇതുവരെ നടന്നത് സാമ്പിള്‍
Gold Prices Likely to Jump Again From March 9: വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം വിശാലമായ ചരക്ക് വിപണി വലിയ അസ്ഥിരതയ്ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ഓണ്‍ലൈന്‍ ട്രേഡിങ്, വെല്‍ത്ത്‌ടെക് സ്ഥാപനമായ എന്റിച്ച് മണിയുടെ സിഇഒ പൊന്‍മുടി ആര്‍ പറയുന്നു.

പ്രതീകാത്മക ചിത്രം
ആടി ഉലയുന്ന സ്വര്‍ണവിലകള്‍ക്ക് അറുതിവരാന്‍ പോകുന്നു. മാര്‍ച്ച് 9 തിങ്കള്‍ മുതല്‍ സ്വര്‍ണം കുതിക്കാന്‍ പോകുന്നത് റെക്കോഡ് വിലയിലേക്കെന്ന് അറിയിച്ച് വിദഗ്ധര്‍. വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയരുന്നതാണ് എക്കാലത്തും വില വര്‍ധനവിന് ആക്കംക്കൂട്ടിയിട്ടുള്ളത്. ഇനിയും അത് തുടരാന്‍ തന്നെയാണ് സാധ്യത.
പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ മറ്റ് നിക്ഷേപങ്ങളില്‍ നിന്ന് ആളുകളെ പൂര്‍ണമായും പിന്നോട്ട് വലിച്ചിട്ടുണ്ട്. സംഘര്‍ഷം ആരംഭിച്ച ആദ്യനാളില്‍ സ്വര്‍ണത്തില്‍ വലിയ വില വര്‍ധനവ് സംഭവിച്ചുവെങ്കിലും, പിന്നീട് കുറയുകയായിരുന്നു. എന്നാല്‍ പിന്നീട് കുറച്ചതെല്ലാം കൂട്ടി സ്വര്‍ണവില വര്‍ധിച്ചു.
വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം വിശാലമായ ചരക്ക് വിപണി വലിയ അസ്ഥിരതയ്ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ഓണ്‍ലൈന്‍ ട്രേഡിങ്, വെല്‍ത്ത്‌ടെക് സ്ഥാപനമായ എന്റിച്ച് മണിയുടെ സിഇഒ പൊന്‍മുടി ആര്‍ പറയുന്നു. ഇടയ്ക്കിടെ ലാഭമെടുക്കലും തിരുത്തലുകളും സംഭവിക്കുന്നുണ്ടെങ്കിലും സ്വര്‍ണം ഇപ്പോഴും ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ശക്തമായിക്കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
Also Read: Kerala Gold Rate: പ്രതീക്ഷിച്ചതെല്ലാം വെറുതെ, വില ഇടിവിന് ബ്രേക്കിട്ട് സ്വർണം; പവന് എത്ര?
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത ഉയരുകയും വിലയില്‍ വര്‍ധനവ് സംഭവിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ പക്ഷം. പശ്ചിമേഷ്യന്‍ സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ ഇനിയും സ്വര്‍ണം വാങ്ങിക്കൂട്ടും. ഇതിന്റെ സ്വാധീനം ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാനുള്ള സാധ്യതയുണ്ട്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയരുന്നത്, ഇന്ത്യയിലെ സ്വര്‍ണവിലയെയും ബാധിക്കും. ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങളും ക്രൂഡ് ഓയില്‍ വിലയിലെ ഉയര്‍ച്ചയും സ്വര്‍ണത്തെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളാണ്. നിലവില്‍ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചത് ക്രൂഡ് ഓയില്‍ വില വര്‍ധനവിന് വഴിയൊരുക്കിയിട്ടുണ്ട്.