Kanivellari Cultivation: വിഷുവിന് കണിവെള്ളരി വീട്ടുമുറ്റത്ത് തന്നെ വിളയിക്കാം; കൃഷി തുടങ്ങാൻ മികച്ച സമയം!
How to Cultivate Kanivellari: വിപണിയിൽ വൻ ഡിമാൻഡുള്ള കണിവെള്ളരി സ്വന്തം വീട്ടുമുറ്റത്തോ പറമ്പിലോ കൃഷി ചെയ്താൽ വിഷുവിന് വിഷരഹിതമായ വെള്ളരി ലഭിക്കുമെന്ന് മാത്രമല്ല, നല്ലൊരു ലാഭമുണ്ടാക്കാനും സാധിക്കും.

കണിവെള്ളരി
വിഷുക്കാലമെത്താറായി….മുമ്പ് സ്വന്തം പറമ്പിലെ വിളകൾ കണിക്കായി ഒരുക്കിയിരുന്നെങ്കിൽ ഇപ്പോൾ കടയിൽ നിന്ന് വാങ്ങുന്ന പച്ചക്കറികളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തവണ ചെറിയമാറ്റം വരുത്തിയാലോ…. വിഷുക്കണിയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കണിവെള്ളരി. വിഷുക്കാലത്ത് വിപണിയിൽ വൻ ഡിമാൻഡുള്ള കണിവെള്ളരി സ്വന്തം വീട്ടുമുറ്റത്തോ പറമ്പിലോ കൃഷി ചെയ്താൽ വിഷുവിന് വിഷരഹിതമായ വെള്ളരി ലഭിക്കുമെന്ന് മാത്രമല്ല, നല്ലൊരു ലാഭമുണ്ടാക്കാനും സാധിക്കും.
കണിവെള്ളരി കൃഷി
കൃഷി തുടങ്ങുന്നതിന് മുമ്പ് നിലം നന്നായി ഉഴുതു പാകപ്പെടുത്തണം. ഒരു സെന്റിന് രണ്ട് കിലോ എന്ന തോതിൽ കുമ്മായം ചേർക്കുന്നത് മണ്ണിന്റെ പുളിരസം കുറയ്ക്കാൻ സഹായിക്കും. വിത്തുകൾ നേരിട്ട് നടുന്നതിനേക്കാൾ നനഞ്ഞ തുണിയിൽ കിഴികെട്ടി മുളപ്പിച്ച ശേഷം നടുന്നതാണ് നല്ലത്. വരികൾ തമ്മിലും ചെടികൾ തമ്മിലും കൃത്യമായ അകലം പാലിക്കാൻ ശ്രദ്ധിക്കണം.
വിത്തിട്ട് നാല് ദിവസത്തിനകം ഇലകൾ വന്നു തുടങ്ങും. ഈ സമയത്ത് നനയ്ക്കണം. ചാണകം, ചാരം, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ കലർത്തിയ വളക്കൂട്ടുകൾ തടത്തിൽ ഇട്ടു കൊടുക്കാം. രോഗബാധ തടയാൻ ചാണകത്തോടൊപ്പം ട്രൈക്കോഡെർമ കൂടി ചേർക്കുന്നത് ഗുണകരമാണ്.
കടലപ്പിണ്ണാക്ക് പുളിപ്പിച്ചത്, ബയോഗ്യാസ് സ്ലറി, കോഴിവളം, മണ്ണിര കമ്പോസ്റ്റ് എന്നിവ ചെടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ നൽകാം. കൂടുതൽ വിളവ് തരുന്നതും രോഗപ്രതിരോധ ശേഷിയുള്ളതുമായ ഇനങ്ങൾ വേണം കൃഷിക്ക് തിരഞ്ഞെടുക്കാൻ.
ALSO READ: ഇതിലേതെങ്കിലും കൃഷി ചെയ്യുന്നുണ്ടോ? ബോണസ് സർക്കാർ തരും, നെൽക്കർഷകർക്ക് തിരിച്ചടി?
ചെടികൾ പൂവിടുന്ന സമയത്തും കായ്ക്കുന്ന സമയത്തും ആവശ്യത്തിന് നന ഉറപ്പാക്കണം. 15 ദിവസത്തിലൊരിക്കൽ 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുന്നത് ചെടികളുടെ വളർച്ച വേഗത്തിലാക്കാനും കീടങ്ങളെ അകറ്റാനും സഹായിക്കും.
വിളവെടുപ്പ്
കണിവെള്ളരിയുടെ നിറം മാറുന്നത് നോക്കിയാണ് വിളവെടുപ്പ് സമയം നിശ്ചയിക്കുന്നത്. കായ്കൾ ഇളം പച്ചനിറത്തിൽ നിന്ന് മാറി സ്വർണ്ണ മഞ്ഞയോ ഓറഞ്ച് കലർന്ന മഞ്ഞനിറമോ ആയി മാറുന്നതാണ് പാകമായതിന്റെ ലക്ഷണം. വിഷുവിന് കണിയൊരുക്കാൻ ഏകദേശം ഒരാഴ്ച മുമ്പ് വിളവെടുക്കുന്നതാണ് ഉചിതം. വിപണിയിൽ എത്തിക്കാനാണെങ്കിൽ അല്പം നേരത്തെ വിളവെടുക്കാം.
കായ്കൾ വള്ളിയിൽ നിന്ന് അടർത്തിയെടുക്കുമ്പോൾ കൈകൊണ്ട് വലിച്ചു പൊട്ടിക്കാതെ, മൂർച്ചയുള്ള കത്തിയോ കത്രികയോ ഉപയോഗിച്ച് ഞെട്ടോടു കൂടി മുറിച്ചെടുക്കുക. ഇത് വെള്ളരി കൂടുതൽ കാലം കേടുകൂടാതെ ഇരിക്കാൻ സഹായിക്കും. വെയിലുള്ള സമയത്ത് വിളവെടുക്കുന്നത് ഒഴിവാക്കുക. പുലർച്ചെയോ വൈകുന്നേരമോ വിളവെടുക്കുന്നതാണ് കായ്കളുടെ ഫ്രഷ്നസ് നിലനിർത്താൻ നല്ലത്.