Welfare Pension: ക്ഷേമനിധി പെൻഷൻ 5000 രൂപയായി വർധിപ്പിച്ചു; കിട്ടുന്നത് ആർക്ക്?
Government Increases Artists' Welfare Pension: കലാപ്രവർത്തകരുടെ ചികിത്സ ധനസഹായത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ആജീവനാന്ത ചികിത്സാ സഹായം ഒന്നര ലക്ഷത്തിൽ നിന്നും രണ്ട് ലക്ഷം രൂപയായി വർധിപ്പിച്ചു.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ കലാപ്രവർത്തകരുടെ പെൻഷൻ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് വഴി നൽകി വരുന്ന വിവിധ ധനസഹായങ്ങളാണ് വർദ്ധിപ്പിച്ചത്. നിലവിൽ നൽകിവരുന്ന സൂപ്പറാന്വേഷൻ പെൻഷൻ 4000 രൂപയിൽ നിന്നും 5000 രൂപയാക്കി. കുടുംബ പെൻഷനും അവശതാ പെൻഷനും 1100 രൂപയിൽ നിന്നും 1600 രൂപയാക്കി ഉയർത്തി.
കൂടാതെ, കലാപ്രവർത്തകരുടെ ചികിത്സ ധനസഹായത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ആജീവനാന്ത ചികിത്സാ സഹായം ഒന്നര ലക്ഷത്തിൽ നിന്നും രണ്ട് ലക്ഷം രൂപയായി വർധിപ്പിച്ചു. മുമ്പ് ഒരു തവണ ലഭിച്ചിരുന്ന സഹായം ഇനി ഓരോ മൂന്ന് വർഷം കൂടുമ്പോഴും ലഭ്യമാക്കാൻ വ്യവസ്ഥ ചെയ്തു. മാരക രോഗങ്ങൾ പിടിപെട്ടവർക്ക് രണ്ട് ലക്ഷം രൂപ വരെ ആവർത്തന ധനസഹായമായും ലഭിക്കുന്നതാണ്.
ALSO READ: 1 കോടിയുമായി വിരമിച്ചാലെന്താ പുളിക്കുമോ? ആ തുക നേടാനും എളുപ്പമാണ്
അതുപോലെ, വിവാഹ ധനസഹായം 25,000 രൂപയിൽ നിന്നും 50,000 രൂപയായും, മരണാനന്തര ധനസഹായം 10,000 രൂപയിൽ നിന്നും 25,000 രൂപയായും കൂട്ടിയിട്ടുണ്ട്. കൂടാതെ, അർഹരായ 60 വയസ്സ് കഴിഞ്ഞ കലാകാരന്മാർക്ക് അംഗത്വത്തിന് ഒരവസരം കൂടി നൽകാൻ സർക്കാർ തീരുമാനിച്ചതായും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
ഇതിനായി ഏപ്രിൽ 1 മുതൽ മൂന്ന് മാസത്തിനകം 10 വർഷത്തെ അംശദായം ഒന്നിച്ചടച്ച് അപേക്ഷിക്കേണ്ടതാണ്. ക്ഷേമനിധി ബോർഡിന്റെ വെബ്‌സൈറ്റ് വഴിയും അപേക്ഷ സമർപ്പിക്കാം. നമ്മുടെ നാടിന്റെ പെരുമ ലോകത്തിന് മുന്നിലെത്തിക്കുന്ന കലാസമൂഹത്തെ പ്രതിസന്ധികളിൽ സഹായിക്കാനും അവരുടെ ഭാവി സുരക്ഷിതമാക്കാനുമുള്ള സർക്കാരിന്റെ പരിശ്രമങ്ങളുടെ തുടർച്ചയാണിതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.