മറ്റൊരാളുടെ വായ്പയ്ക്ക് ജാമ്യം നിന്നാൽ പെൻഷൻ നഷ്ടമാകുമോ?
Can Your Pension Be Seized for Someone Else’s Loan? What the High Court Ruled: വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് മറ്റൊരാളുടെ വായ്പ തിരിച്ചടയ്ക്കുന്നതിനായി പണം ഈടാക്കുന്നത് തടഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 2026 നവംബര്‍ 13-ന് ജസ്റ്റിസ് മോക്ഷ ഖജൂരിയ കസ്മി പുറപ്പെടുവിച്ച വിധി വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ സംരക്ഷണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ്.

പ്രതീകാത്മക ചിത്രം
മറ്റൊരാള്‍ ബാങ്കില്‍ നിന്ന് വായ്പ എടുക്കുമ്പോള്‍ ജാമ്യം നില്‍ക്കുന്നത് പലപ്പോഴും വലിയ സാമ്പത്തിക ബാധ്യതയായി മാറാറുണ്ട്. വായ്പയെടുത്ത വ്യക്തി തിരിച്ചടവ് മുടക്കിയാല്‍ ജാമ്യം നിന്നയാള്‍ക്കും ബാധ്യതയുണ്ടാകാം. എന്നാല്‍ ജാമ്യം നിന്ന വ്യക്തി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ലഭിക്കുന്ന പെന്‍ഷനില്‍ നിന്ന് ബാങ്കിന് വായ്പത്തുക ഈടാക്കാന്‍ കഴിയുമോ? ഈ വിഷയത്തില്‍ നിര്‍ണായകമായ ഉത്തരവുമായി എത്തിയിരിക്കുകയാണ് ജമ്മു കശ്മീര്‍ ആന്‍ഡ് ലഡാക്ക് ഹൈക്കോടതി.
വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് മറ്റൊരാളുടെ വായ്പ തിരിച്ചടയ്ക്കുന്നതിനായി പണം ഈടാക്കുന്നത് തടഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 2026 നവംബര്‍ 13-ന് ജസ്റ്റിസ് മോക്ഷ ഖജൂരിയ കസ്മി പുറപ്പെടുവിച്ച വിധി വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ സംരക്ഷണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ്.
തിരിച്ചടവ് പെന്‍ഷനില്‍ നിന്ന്
നസീര്‍ അഹമ്മദ് കുച്ചെ എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മറ്റൊരാള്‍ ജമ്മു കശ്മീര്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്തപ്പോള്‍ കുച്ചെ ജാമ്യം നില്‍ക്കുകയായിരുന്നു. എന്നാല്‍ വായ്പയെടുത്ത വ്യക്തി തിരിച്ചടവ് മുടക്കിയതോടെ ബാങ്ക് ജാമ്യക്കാരനായ കുച്ചെയുടെ അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കാന്‍ തുടങ്ങി.
പെന്‍ഷനായിരുന്നു അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പ്രധാന വരുമാനമാര്‍ഗം. വിരമിച്ച വിവരം ബാങ്കിനെ അറിയിക്കുകയും സാമ്പത്തിക സാഹചര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിട്ടും അക്കൗണ്ടില്‍ നിന്നുള്ള പണം പിടിക്കുന്നത് തുടര്‍ന്നുവെന്നാണ് അദ്ദേഹത്തിന്റെ പരാതി.
പെന്‍ഷനില്‍ നിന്ന് പണം പിടിക്കുന്നു
പെന്‍ഷന്‍ എന്നത് വിരമിച്ച ജീവനക്കാരന്റെ വാര്‍ധക്യകാല സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആനുകൂല്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പെന്‍ഷനും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്കും നിര്‍ബന്ധിതമായ തിരിച്ചുപിടിക്കലില്‍ നിന്ന് സംരക്ഷണം നല്‍കുന്ന സുപ്രീംകോടതി വിധിയും കോടതി പരിഗണിച്ചു.
Also Read: 555 ദിവസം എഫ്ഡിയിൽ പണം നിക്ഷേപിച്ചാൽ എത്ര പലിശ കിട്ടും? ബാങ്ക് ഓഫ് ബറോഡ നിരക്ക് കൂട്ടി
സര്‍വീസിലിരിക്കെയാണ് കുച്ചെ മറ്റൊരാളുടെ വായ്പയ്ക്ക് ജാമ്യം നിന്നത്. എന്നാല്‍ വിരമിച്ച ശേഷം പെന്‍ഷന്‍ മാത്രമാണ് കുടുംബത്തിന്റെ പ്രധാന ആശ്രയമായി മാറിയത്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് തുടര്‍ന്നും വായ്പത്തുക ഈടാക്കരുതെന്ന് ബാങ്കിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്.
പെന്‍ഷനില്‍ നിന്ന് പണം പിടിക്കാനാകില്ലേ?
ജമ്മു കശ്മീര്‍ ഹൈക്കോടതി തന്നെ 2026 ഫെബ്രുവരിയില്‍ മറ്റൊരു കേസില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരുന്നു. ചുനി ലാല്‍ വേഴ്‌സസ് ജമ്മു കശ്മീര്‍ ബാങ്ക് കേസില്‍, പെന്‍ഷന്‍ തുക ബാങ്ക് അക്കൗണ്ടില്‍ എത്തിയശേഷം അതിന് ലഭിക്കുന്ന നിയമപരമായ സംരക്ഷണം സംബന്ധിച്ച് കോടതി വ്യത്യസ്തമായ നിരീക്ഷണമാണ് നടത്തിയത്. മറ്റൊരാളുടെ 15 ലക്ഷം രൂപയുടെ ഭവനവായ്പയ്ക്ക് ജാമ്യം നിന്ന വിരമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ നിന്ന് 4.64 ലക്ഷം രൂപ ബാങ്ക് ഈടാക്കിയിരുന്നു. കരാര്‍പരമായ ബാധ്യതകള്‍ക്കായി അക്കൗണ്ടിലെ പണം ഉപയോഗിച്ച് തിരിച്ചുപിടിത്തം നടത്താമെന്നായിരുന്നു അന്നത്തെ വിധി.
എന്നാല്‍ നവംബറിലെ പുതിയ കേസില്‍ വിരമിച്ച ജീവനക്കാരന്റെ പ്രത്യേക സാഹചര്യങ്ങള്‍ക്കും പെന്‍ഷന്‍ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായിരുന്നുവെന്ന വസ്തുതയ്ക്കുമാണ് കോടതി പ്രാധാന്യം നല്‍കിയത്. അതുകൊണ്ട് എല്ലാ പെന്‍ഷന്‍ അക്കൗണ്ടുകളും വായ്പാ തിരിച്ചുപിടിത്തത്തില്‍ നിന്ന് പൂര്‍ണമായി സംരക്ഷിക്കപ്പെട്ടവയാണെന്ന് കരുതാനാകില്ല.
English Summary
The Jammu and Kashmir High Court has restrained a bank from recovering another person’s loan from a retired government employee’s pension account in a specific case. The court considered the pensioner’s financial circumstances and clarified that the bank can pursue recovery from the actual borrower through legally permissible means.