Infosys : കരിയറിൽ ബ്രേക്ക് വന്ന വനിതകളെ ഇൻഫോസിസ് തേടുന്നു; അവസരം ഒരുക്കുന്നവർക്ക് ബോണസ് നൽകും
Infosys Restart Program From Women : കരിയർ ബ്രേക്കെടുത്ത വനിതകൾക്ക് വീണ്ടും അവസരം ഒരുക്കുന്ന ജീവനക്കാർക്ക് 10,000 രൂപ മുതൽ ബോണസ് നൽകുന്നതാണ് ഇൻഫോസിസ് അറിയിച്ച. ഐടി കമ്പനിയിലെ സ്ത്രീ-പുരുഷ അനുപാതം ഉയർത്തുന്നതിന് വേണ്ടിയാണ് കൂടുതൽ വനിത ഉദ്യോഗാർഥികളെ കമ്പനി തേടുന്നത്
കൂടുതൽ വനിത ജീവനക്കാർക്ക് അവസരം ഒരുക്കാൻ പുതിയ പദ്ധതിയുമായി ഐടി ഭീമൻ ഇൻഫോസിസ്. കരിയറിൽ ബ്രേക്കെടുക്കേണ്ടി വന്നിട്ടുള്ള വനിതകൾക്ക് തിരികെ ജോലിയിൽ പ്രവേശിക്കുന്നതിന് വേണ്ടി ‘റിസ്റ്റാർട്ട് വിത്ത് ഇൻഫോസിസ്’ എന്ന പേരിൽ പുതിയ പദ്ധതി ഐടി ഭീമൻ ആരംഭിച്ചു. ഇത്തരത്തിൽ കരിയറിൽ ബ്രേക്കെടുക്കേണ്ടി വന്നിട്ടുള്ള വനിതകളെ നിർദേശിക്കുന്ന ജീവനക്കാർക്ക് റിവാർഡും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സെലെനീയം ടെസ്റ്റിങ്, ജാവാ, ഒറാക്കിൾ, സെയ്ൽസ്ഫോഴ്സ് എന്നീ മേഖലയിലേക്കാണ് ഇൻഫോസിസ് കൂടുതൽ വനിത ജീവനക്കാരെ തേടുന്നത്.
നിലവിൽ ഇൻഫോസിസിൽ ജോലി ചെയ്യുന്ന ലെവൽ മൂന്ന് മുതൽ ആറ് വരെയുള്ള ജീവനക്കാർക്കാണ് റെഫറൽ ബോണസ് കമ്പനി ഒരുക്കിയിരിക്കുന്നത്. ലെവെൽ മൂന്നിലുള്ള ജീവനക്കാർക്ക് 10,000 രൂപയും ലെവെൽ നാലിലുള്ള ജീവനക്കാർക്ക് 25,000 രൂപയും ലെവെൽ അഞ്ചിലുള്ളവർക്ക് 35,000 രൂപയും ആറിലുള്ളവർക്ക് 50,000 രൂപയുമാണ് കമ്പനി ബോണസ് നൽകാൻ പോകുന്നത്. അതായത് റിസ്റ്റാർട്ട് വിത്ത് ഇൻഫോസിസ് വഴി കമ്പനിയിൽ ഒരു വനിത ജോലിയിൽ പ്രവേശിച്ചതിന് ശേഷമാകും ഉദ്യോഗാർഥിയെ നിർദേശിക്കുന്ന ജീവനക്കാർക്ക് ബോണസ് ലഭിക്കുക.
കരിയർ ബ്രേക്ക് സംഭവിച്ച് വീണ്ടും ജോലിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുന്നവർക്ക് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തിപരിചയമുണ്ടായിരിക്കണം. കരിയറിൽ ഏറ്റവും കുറഞ്ഞത് ആറ് മാസത്തെ ഇടവേളയുമുണ്ടായിരിക്കണം. “ഒരു ഇടവേളയ്ക്ക് ശേഷം സ്ത്രീകൾക്ക് തൊഴിൽ മേഖലയിലേക്ക് മടങ്ങി വരാൻ സഹായിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” ഇൻഫോസിസ് തങ്ങളുടെ ജീവനക്കാർക്ക് നൽകിയ മെയിൽ സന്ദേശത്തിൽ അറിയിച്ചു.
ജോലിക്ക് ആളെ തേടുക എന്ന ലക്ഷ്യത്തോടെയല്ല ഇൻഫോസ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. മറിച്ച് തൊഴിൽ മേഖലയിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. നിലവിൽ 32,000ത്തോളം ജീവനക്കാരുള്ള ഇൻഫോസിസ് 39% പേർ മാത്രമാണ് സ്ത്രീകളായിട്ടുള്ളത്. ഈ സംഖ്യ 45 ശതമാനത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഫോസിസ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.