KEAM 2026: മെഡിക്കൽ അന്തിമ കാറ്റഗറി ലിസ്റ്റും ഫാർമസി മൂന്നാം ഘട്ട താൽക്കാലിക അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു; എങ്ങനെ പരിശോധിക്കാം?
KEAM 2026 Latest Updates : മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള അന്തിമ കാറ്റഗറി ലിസ്റ്റും, ഫാര്‍മസി കോഴ്‌സിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റിന്റെ താത്കാലിക ലിസ്റ്റും പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ രണ്ടു ലിസ്റ്റുകളും പരിശോധിക്കാം.
മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള അന്തിമ കാറ്റഗറി ലിസ്റ്റും, ഫാര്‍മസി കോഴ്‌സിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റിന്റെ താത്കാലിക ലിസ്റ്റും പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ രണ്ടു ലിസ്റ്റുകളും പരിശോധിക്കാം. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ വിവിധ കാറ്റഗറി, കമ്മ്യൂണിറ്റി സംവരണം, ഫീസാനുകൂല്യം എന്നിവയ്ക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റാണ് പുറത്തുവിട്ടത്.
നേരത്തെ പ്രസിദ്ധീകരിച്ച താത്കാലിക കാറ്റഗറി ലിസ്റ്റുമായി ബന്ധപ്പെട്ട് സാധുവായ പരാതി പരിശോധിച്ച ശേഷമാണ് അന്തിമ കാറ്റഗറി ലിസ്റ്റ് തയ്യാറാക്കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ‘കീം 2026 കാന്‍ഡിഡേറ്റ് പോര്‍ട്ടലി’ലെ കാറ്റഗറി ലിസ്റ്റ് എന്ന മെനു ക്ലിക്ക് ചെയ്ത് ലിസ്റ്റ് പരിശോധിക്കാം. എന്‍ആര്‍ഐ കാറ്റഗറി ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും.
ഫാര്‍മസി ലിസ്റ്റ്
ഫാര്‍മസി കോഴ്‌സിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റിന്റെ പ്രൊവിഷണല്‍ ലിസ്റ്റ് കീം 2026 കാന്‍ഡിഡേറ്റ് പോര്‍ട്ടലിലെ ‘പ്രൊവിഷണല്‍ അലോട്ട്‌മെന്റ് ലിസ്റ്റ്’ എന്ന മെനു ക്ലിക്ക് ചെയ്ത് പരിശോധിക്കാം. രണ്ടാം ഘട്ട അലോട്ട്‌മെന്റിന് ശേഷം, മൂന്നാം ഘട്ട അലോട്ട്‌മെന്റിനായി ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവരുടെ ഓപ്ഷനുകള്‍ പരിഗണിച്ചാണ് അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് സംബന്ധിച്ച് സാധുവായ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് രാവിലെ 11-ന് അവസാനിച്ചിരുന്നു. ‘ഫാര്‍മസി പ്രൊവിഷണല്‍ അലോട്ട്‌മെന്റ് ലിസ്റ്റ്’ എന്ന വിഷയം പരാമര്‍ശിച്ച് ceekinfo.cee@kerala.gov.in എന്ന ഇമെയിലിലേക്കായിരുന്നു പരാതികള്‍ അയക്കേണ്ടിയിരുന്നത്. സാധുവായ പരാതികളുണ്ടെങ്കില്‍ അവ പരിഹരിച്ചതിന് ശേഷം അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. സംശയങ്ങളുണ്ടെങ്കില്‍ 0471 2332120, 2338487 എന്നീ നമ്പറുകളില്‍ ഹെല്‍പ്‌ലൈനിന്റെ സഹായം തേടാം.
മൂന്നാം ഘട്ട അലോട്ട്‌മെന്റ് നടപടികള്‍ ഓഗസ്ത് 14-നാണ് ആരംഭിച്ചത്. ഫാര്‍മസി റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള അര്‍ഹകായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലൂടെ ഓഗസ്ത് 14 മുതല്‍ 16 വരെ ഓപ്ഷനുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ സമയം അനുവദിച്ചിരുന്നു.
മുന്‍ ഘട്ടങ്ങളിലെ അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നേടിയവരെയും, ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവരെയും ഈ ഘട്ടത്തിലെ അലോട്ട്‌മെന്റില്‍ പരിഗണിക്കണമെങ്കില്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും നടത്തണമായിരുന്നു.
ഫാര്‍മസി കോഴ്‌സിലേക്ക് മുന്‍ ഘട്ടങ്ങളില്‍ അലോട്ട്‌മെന്റ്/അഡ്മിഷന്‍ ലഭിക്കുകയും എന്നാല്‍ ഈ ഘട്ടത്തില്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുകയും ചെയ്യുന്നവരുടെ മുന്‍ അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നേടിയിട്ടുണ്ടെങ്കില്‍ അത് നിലനില്‍ക്കും. ഫാര്‍മസി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഈ ഘട്ടത്തില്‍ പുതുതായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടായിരം രൂപ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീ ആയി ഒടുക്കണമായിരുന്നു. അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടുന്ന കോഴ്‌സിന്റെ ട്യൂഷന്‍ ഫീസില്‍ ഈ തുക വകയിരുത്തും.
English Summary
CEE Kerala has released the KEAM 2026 Medical Final Category List. The KEAM 2026 Pharmacy Phase 3 Provisional Allotment List is also published. Candidates can check both lists on the official website.