VISL Recruitment 2026: വിഴിഞ്ഞം തുറമുഖത്ത് ജോലി നേടാം; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ശമ്പളം 42,500 രൂപ വരെ
Vizhinjam International Seaport Invites Applications for Various Contract Roles: വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിലെ വിവിധ തസ്തികകളിലേക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സിഎംഡിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിലെ (വിഐഎസ്എല്‍) വിവിധ തസ്തികകളിലേക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സിഎംഡിയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.cmd.kerala.gov.in) വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഡിസംബര്‍ ഒമ്പതിന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാം. അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്സ്), ഫിനാൻസ് ഓഫീസർ, ജൂനിയർ പ്രോജക്റ്റ് ഓഫീസർ (ബ്രേക്ക്വാട്ടർ നിർമ്മാണം), അക്കൗണ്ട്സ് ക്ലർക്ക്, ഫീൽഡ് എഞ്ചിനീയർ എന്നീ തസ്തികകളിലാണ് അവസരം. ഓരോ ഒഴിവുകള്‍ വീതമാണുള്ളത്.
1. അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്സ്)
സിവിൽ എഞ്ചിനീയറിംഗിൽ ബി.ഇ / ബി.ടെക് അല്ലെങ്കിൽ തത്തുല്യമായ അംഗീകൃത യോഗ്യത ഉണ്ടായിരിക്കണം. സിവിൽ എം.ടെക് / ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് എം.ടെക് / ഓപ്പറേഷൻസ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്, അല്ലെങ്കിൽ പോർട്ട് & ഷിപ്പിംഗ് മാനേജ്മെന്റ് എന്നിവയിലേതെങ്കിലുമൊന്നിൽ മുഴുവൻ സമയ എംബിഎ / പിജിഡിഎം യോഗ്യതയും ഉണ്ടായിരിക്കണം.
വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, അല്ലെങ്കിൽ പ്രശസ്ത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തുറമുഖങ്ങൾ, ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, മൾട്ടിമോഡൽ ട്രാൻസ്പോർട്ട്, കണ്ടെയ്നർ ടെർമിനലുകൾ, സിഎഫ്എസ്/ഐസിഡി പ്രവർത്തനങ്ങൾ, വെയർഹൗസിംഗ്, മാരിടൈം ഇൻഫ്രാസ്ട്രക്ചർ, തുറമുഖാധിഷ്ഠിത വ്യവസായവൽക്കരണം, വ്യവസായ പാർക്ക് വികസനം അല്ലെങ്കിൽ അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയിലുള്ള പരിചയം അഭികാമ്യമാണ്.
കൂടാതെ പ്രോജക്ട് പ്ലാനിംഗ്, സ്റ്റേക്ക്ഹോൾഡർ കോർഡിനേഷൻ, ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യ വികസനം, ഡിപിആർ തയ്യാറാക്കൽ, നിക്ഷേപ സൗകര്യമൊരുക്കൽ, ലോജിസ്റ്റിക്സ് പദ്ധതികൾക്കായുള്ള ഭൂമി വികസനം എന്നിവയിലുള്ള പരിചയവും അഭികാമ്യമാണ്. പ്രായപരിധി 35 വയസ്. പ്രതിമാസ ഏകീകൃത ശമ്പളം 42,500 രൂപ.
2. ഫിനാൻസ് ഓഫീസർ
ബികോം ബിരുദത്തോടൊപ്പം സി.എ ഇന്റർ യോഗ്യതയും ഉണ്ടായിരിക്കണം. യോഗ്യത നേടിയതിന് ശേഷം സർക്കാർ / അർദ്ധ സർക്കാർ / പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ട്സ് വിഭാഗത്തിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഒരു സ്ഥാപനത്തിന്റെ അക്കൗണ്ടുകൾ സ്വതന്ത്രമായി കൈകാര്യം ചെയ്യാനും അന്തിമരൂപത്തിലാക്കാനും സാധിക്കണം. പ്രായപരിധി 45 വയസ്. പ്രതിമാസ ശമ്പളം 40,000 രൂപ.
Also Read: Kerala University Jobs: കേരള സർവകലാശാലയിൽ ജോലി നേടാം; യോഗ്യതയും അപേക്ഷിക്കേണ്ട തീയതിയും
3. ജൂനിയർ പ്രോജക്റ്റ് ഓഫീസർ (ബ്രേക്ക്വാട്ടർ നിർമ്മാണം)
സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് യോഗ്യത വേണം. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ദേശീയപാതകൾ, ജലസേചനം തുടങ്ങിയ മേഖലകളിലെ സംസ്ഥാന / കേന്ദ്ര സർക്കാർ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ 3 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
അല്ലെങ്കിൽ, സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും, യോഗ്യത നേടിയതിന് ശേഷം തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ദേശീയപാതകൾ, ജലസേചനം തുടങ്ങിയ മേഖലകളിലെ സംസ്ഥാന / കേന്ദ്ര സർക്കാർ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
ഇരു വിഭാഗങ്ങളിലും ബ്രേക്ക് വാട്ടർ, കടൽഭിത്തികൾ, ഗ്രോയിനുകൾ, റിവെറ്റ്മെന്റുകൾ, തടയണകൾ തുടങ്ങിയ മറൈൻ, തീരദേശ, നദീതീര സംരക്ഷണ നിർമ്മിതികളിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. പ്രായപരിധി 45 വയസ്. പ്രതിമാസ ശമ്പളം 35,000 രൂപ.
4. അക്കൗണ്ട്സ് ക്ലർക്ക്
ബികോം ബിരുദമാണ് യോഗ്യത. ടാലിയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. സർക്കാർ / അർദ്ധ സർക്കാർ / പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ട്സ് വിഭാഗത്തിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 36 വയസ്. പ്രതിമാസ ശമ്പളം 22,240 രൂപ.
5. ഫീൽഡ് എഞ്ചിനീയർ
സിവിൽ എഞ്ചിനീയറിംഗിൽ ബി.ഇ അല്ലെങ്കിൽ ബി.ടെക് യോഗ്യതയും, യോഗ്യത നേടിയതിന് ശേഷം സമാനമായ മാരിടൈം ജോലികളിൽ മുൻഗണനയോടെ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. അല്ലെങ്കിൽ, സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും, യോഗ്യത നേടിയതിന് ശേഷം സമാനമായ മാരിടൈം ജോലികളിൽ മുൻഗണനയോടെ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്. പ്രതിമാസ ശമ്പളം 27,500 രൂപ.
English Summary
The Centre for Management Development (CMD) has invited online applications for five contract positions at Vizhinjam International Seaport Limited (VISL). Open roles include Assistant Manager, Finance Officer, Junior Project Officer, Accounts Clerk, and Field Engineer. Selected candidates will be hired for one year with monthly salaries ranging from ₹22,240 to ₹42,500. Interested applicants can apply at www.cmd.kerala.gov.in between November 25 and December 9, 2026.