Devaswom Board Recruitment: ഗുരുവായൂര്‍ ദേവസ്വത്തിലെ റിക്രൂട്ട്‌മെന്റ്; തിരുത്തല്‍ വിജ്ഞാപനവുമായി കെഡിആര്‍ബി; മാറ്റം ഇങ്ങനെ
KDRB Recruitment 2025: ഗുരുവായൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് കെഡിആര്‍ബി തിരുത്തല്‍ വിജ്ഞാപനം പുറത്തിറക്കി. 38 തസ്തികകളിലേക്ക് മാര്‍ച്ചില്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് നേരിയ ഭേദഗതി
ഗുരുവായൂര്‍ ദേവസ്വത്തിലെ വിവിധ തസ്തികകളിലേക്ക് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഭേദഗതിയുമായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി). സുപ്രീം കോടതി വിധിയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്ത 38 പോസ്റ്റുകളിലേക്ക് കെഡിആര്‍ബി മാര്‍ച്ച് 29ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ വ്യവസ്ഥയാണ് തിരുത്തിയത്. കെഡിആര്‍ബി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രകാരം ലിസ്റ്റിൽ വരാൻ യോഗ്യത നേടുന്ന (കട്ട് ഓഫ് മാർക്കും അതിനു മുകളിലും മാർക്ക് ലഭിച്ചിട്ടുള്ള) ഗുരുവായൂർ ദേവസ്വത്തിൽ (താത്കാലികമായോ അല്ലെങ്കില്‍ ദിവസവേതന അടിസ്ഥാനത്തിലോ) ഇതേ തസ്തികയിൽ ജോലി ചെയ്യുന്നവരോ, ചെയ്തിട്ടുള്ളവരോ ആയവര്‍ക്ക് അവർക്ക് മറ്റു വിധത്തിൽ യോഗ്യതയുണ്ടെങ്കില്‍ അവരുടെ താത്കാലിക സേവനം കണക്കാക്കി പൂര്‍ത്തിയാക്കിയ ഓരോ വർഷത്തിനും ഒരു മാർക്ക് എന്ന നിലയില്‍ പരമാവധി പത്ത് മാർക്ക് വരെ ഗ്രേസ് മാർക്ക് നല്‍കുമെന്നായിരുന്നു ആദ്യം പുറപ്പെടുവിച്ച വിജ്ഞാപനത്തിലുണ്ടായിരുന്നത്.
കെഡിആര്‍ബി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രകാരം പരീക്ഷ എഴുതുന്ന/ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഗുരുവായൂർ ദേവസ്വത്തിൽ (താത്കാലികമായോ അല്ലെങ്കില്‍ ദിവസവേതന അടിസ്ഥാനത്തിലോ) ഇതേ തസ്തികയിൽ ജോലി ചെയ്യുന്നവരോ, ചെയ്തിട്ടുള്ളവരോ ആയവര്‍ക്ക് അവർക്ക് മറ്റു വിധത്തിൽ യോഗ്യതയുണ്ടെങ്കില്‍ അവരുടെ താത്കാലിക സേവനം കണക്കാക്കി പൂര്‍ത്തിയാക്കിയ ഓരോ വർഷത്തിനും ഒരു മാർക്ക് എന്ന കണക്കിൽ പരമാവധി പത്ത് മാർക്ക് വരെ ഗ്രേസ് മാർക്ക് നല്‍കുമെന്ന തരത്തിലാണ് തിരുത്ത് വരുത്തിയത്.
Also Read: KDRB: ഗുരുവായൂര്‍ ദേവസ്വത്തിലെ ഈ പരീക്ഷകള്‍ നവംബറില്‍; തീയതി പുറത്തുവിട്ട് കെഡിആര്‍ബി
വിജ്ഞാപനങ്ങളിലെ മറ്റ് വ്യവസ്ഥകളില്‍ മാറ്റമില്ലെന്ന് കെഡിആര്‍ബി സെക്രട്ടറി അറിയിച്ചു. ഏതാണ്ട്, നാനൂറിലേറെ ഒഴിവുകളിലേക്കാണ് കെഡിആര്‍ബി അപേക്ഷ ക്ഷണിച്ചത്. എല്ലാ തസ്തികകളിലേക്കുമുള്ള പരീക്ഷ കഴിഞ്ഞു. എല്‍ഡി ക്ലര്‍ക്ക് അടക്കമുള്ള പല തസ്തികകളുടെയും ഫൈനല്‍ ആന്‍സര്‍ കീയടക്കം പുറത്തുവന്നു. നിലവില്‍ മൂല്യനിര്‍ണയ നടപടികള്‍ പുരോഗമിക്കുകയാണ്.