Attukal Pongala 2026: ആറ്റുകാല്‍ പൊങ്കാല; തിരുവനന്തപുരം ജില്ലയില്‍ ഇന്ന് അവധി
Attukal Pongala 2026 Local Holiday: ആറ്റുകാല്‍ പൊങ്കാലയെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇന്ന് അവധിയായിരിക്കും.
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇന്ന് അവധിയായിരിക്കും. അതേസമയം, പൊങ്കാലയെ തുടര്‍ന്ന് ഇന്ന് രാത്രി എട്ട് വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരപരിധിയില്‍ കണ്ടെയ്‌നര്‍ വാഹനങ്ങള്‍, ചരക്കുവാഹനങ്ങള്‍ എന്നിവ പ്രവേശിക്കരുത്. റോഡുകളിലും സമീപത്തും നിര്‍ത്തിയിടാനും അനുവദിക്കില്ല.
ക്ഷേത്രപരിസരം, തിരക്ക് അനുഭവപ്പെടുന്ന നഗരത്തിലെ പ്രധാന റോഡിന്റെ ഇരുവശങ്ങള്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങിന് അനുമതിയില്ല. ക്ഷേത്രത്തിന് സമീപത്തെ പ്രധാന റോഡുകള്‍, എംസി, എംജി റോഡുകള്‍ എന്നിവിടങ്ങളില്‍ പൊങ്കാലയിടാന്‍ വരുന്ന സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.
അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. പൊങ്കാല അടുപ്പുകള്‍ക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടകരമാണ്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകള്‍ക്ക് കടന്നുപോകുന്നതിനുള്ള സൗകര്യം ഒരുക്കി മാത്രമാകണം പൊങ്കാല അടുപ്പുകള്‍ വയ്‌ക്കേണ്ടത്. നഗരറോഡുകളിലെ നടപ്പാതകളില്‍ അടുപ്പ് കൂട്ടരുത്.
Also Read: Attukal pongala 2026: ആറ്റുകാൽ പൊങ്കാല വ്രതം: ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഷ്ഠാനരീതിയും
ചടങ്ങുകള്‍
പൊങ്കാലയുടെ ചടങ്ങുകള്‍ രാവിലെ 9.15-ന് ആരംഭിക്കും. 9.45-നാണ് അടുപ്പുവെട്ട്. ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ കത്തിച്ചതിന് ശേഷം മേല്‍ശാന്തി അത് സഹമേല്‍ശാന്തിമാര്‍ക്ക് കൈമാറും. സഹമേല്‍ശാന്തിമാര്‍ വലിയ തിടപ്പള്ളിയിലും, പണ്ടാര അടുപ്പിലും തീ പകരും. തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്ന് കതിനാവെടി മുഴങ്ങും. ഉച്ചയ്ക്ക് 2.15-നാണ് നിവേദ്യം.