NHAI Recruitment 2025: ദേശീയപാത അതോറിറ്റിയിൽ അവസരം; 60 ഒഴിവുകൾ, 1,77,000 വരെ ശമ്പളം, ഇന്ന് തന്നെ അപേക്ഷിക്കാം
NHAI Deputy Manager Recruitment 2025: ആകെ 60 ഒഴിവുകളാണ് ഉള്ളത്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ജൂൺ 9ന് വൈകുന്നേരം 6 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 60 ഒഴിവുകളാണ് ഉള്ളത്. നേരിട്ടുള്ള നിയമനമാണ്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ജൂൺ 9ന് വൈകുന്നേരം 6 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.
ഡെപ്യൂട്ടി മാനേജർ തസ്തികയിലെ 60 ഒഴിവുകളിൽ ജനറൽ വിഭഗത്തിന് 27 ഒഴിവ്, എസ്‌സി 9, എസ്ടി 4, ഒബിസി നോൺ ക്രീമിലെയർ 13, ഇഡബ്ല്യുഎസിന് 7 എന്നിങ്ങനെയാണ് നൽകിയിരിക്കുന്നത്. അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. 2025ലെ ഗേറ്റ് സ്കോർ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടാതെ, പ്രമാണ പരിശോധന (ഡോക്യുമെന്റ് വെരിഫിക്കേഷൻ), വൈദ്യപരിശോധന എന്നിവയും ഉണ്ടാകും.
തിരഞ്ഞെടുക്കപെടുന്നവർ മൂന്ന് വർഷത്തിൽ കുറയാതെ സേവനമനുഷ്ഠിക്കാമെന്ന് കാണിച്ച് 5 ലക്ഷം രൂപയുടെ സർവീസ് ബോണ്ട് നൽകേണ്ടതുണ്ട്. അപേക്ഷകർക്കുള്ള ഏറ്റവും ഉയർന്ന പ്രായപരിധി 30 വയസ്സാണ്. എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും, ഒബിസിക്ക് 3 വർഷവും, പിഡബ്ല്യുബിഡിക്ക് 10 മുതൽ 15 വർഷവും പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. വിമുക്തഭടന്മാർക്കും പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് എൻഎച്ച്എഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
ALSO READ: നീറ്റ്-പിജി പരീക്ഷ ഓഗസ്റ്റ് 3 ന്, തീയതി നീട്ടാനുള്ള അപേക്ഷ അംഗീകരിച്ച് സുപ്രീം കോടതി
അപേക്ഷാ പ്രക്രിയ
- നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) യുടെ ഔദ്യോഗിക വെബ്‌സൈറ്റായ nhai.gov.in സന്ദർശിക്കുക.
- ഹോം പേജിൽ ലഭ്യമായ ‘ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ) റിക്രൂട്ട്മെന്റ്’ എന്നത് തിരഞ്ഞെടുത്ത് ‘അപ്ലൈ ഓൺലൈൻ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.
- അപേക്ഷ സമർപ്പിച്ച ശേഷം തുടരാവശ്യങ്ങൾക്കായി ഫോമിന്റെ ഒരു പകർപ്പ് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാം.