Kerala Assembly Election Result 2026 : അച്ഛനോടുള്ള മധുരപ്രതികാരം, ജോസ് കെ മാണിയെ തുടർച്ചയായ രണ്ടുതവണ പരാജയപ്പെടുത്തി മാണി സി കാപ്പൻ
Pala Election Result 2026, Mani C. Kappan secured a historic victory: 2006 മുതൽ തുടർച്ചയായ മൂന്ന് തിരഞ്ഞെടുപ്പുകളിൽ കെ.എം. മാണിയോട് തോറ്റ ചരിത്രമാണ് മാണി സി. കാപ്പനുള്ളത്. എന്നാൽ 2019-ൽ മാണിയുടെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയം തുടങ്ങിയ കാപ്പൻ, 2021-ലും ഇപ്പോൾ 2026-ലും വിജയം ആവർത്തിച്ചു. മാണിയുടെ മകൻ ജോസ് കെ. മാണിയെ തുടർച്ചയായി രണ്ടുതവണ തോൽപ്പിക്കാൻ കഴിഞ്ഞത് കാപ്പന് രാഷ്ട്രീയമായ മധുരപ്രതികാരം കൂടിയായി.
പാലാ: കേരള രാഷ്ട്രീയത്തിലെ അതികായൻ കെ.എം. മാണിയുടെ വിശ്വസ്ത തട്ടകമായിരുന്ന പാലാ, ഇനി തന്റെ സാമ്രാജ്യമെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിച്ച് മാണി സി. കാപ്പൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കിയ തീപാറുന്ന പോരാട്ടത്തിൽ, എൽഡിഎഫ് സ്ഥാനാർത്ഥിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായ ജോസ് കെ. മാണിയെ 2,991 വോട്ടുകൾക്ക് പരാജയപ്പെടുത്തി കാപ്പൻ ഹാട്രിക് വിജയം പൂർത്തിയാക്കി. സജീവ രാഷ്ട്രീയത്തിൽ നിന്നുള്ള തന്റെ വിരമിക്കൽ പ്രഖ്യാപിച്ച കാപ്പന്, പാലാ നൽകിയ ഐതിഹാസികമായ യാത്രയയപ്പായി ഈ വിജയം മാറി.
അങ്കത്തട്ടിലെ കണക്കുകൾ
വാശിയേറിയ പോരാട്ടത്തിനൊടുവിൽ വോട്ടുകൾ ഇപ്രകാരമാണ് വിഭജിക്കപ്പെട്ടത്.
- മാണി സി. കാപ്പൻ (UDF): 50,799 വോട്ടുകൾ
- ജോസ് കെ. മാണി (LDF): 47,808 വോട്ടുകൾ
- ഷോൺ ജോർജ് (NDA): 35,304 വോട്ടുകൾ
ആകെ പോൾ ചെയ്ത 1,35,851 വോട്ടുകളിൽ 2,991 വോട്ടുകളുടെ ഭൂരിപക്ഷമാണ് കാപ്പൻ നേടിയത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കാപ്പന്റെ ഭൂരിപക്ഷം ഇടിഞ്ഞെങ്കിലും, എൻഡിഎ സ്ഥാനാർത്ഥി ഷോൺ ജോർജ് നേടിയ വൻ മുന്നേറ്റം ജോസ് കെ. മാണിയുടെ വോട്ടുബാങ്കിൽ വലിയ ചോർച്ചയുണ്ടാക്കിയതാണ് വിജയത്തിൽ നിർണ്ണായകമായത്.
കെ.എം. മാണിയോടുള്ള പ്രതികാരം ജോസിലൂടെ
2006 മുതൽ തുടർച്ചയായ മൂന്ന് തിരഞ്ഞെടുപ്പുകളിൽ കെ.എം. മാണിയോട് തോറ്റ ചരിത്രമാണ് മാണി സി. കാപ്പനുള്ളത്. എന്നാൽ 2019-ൽ മാണിയുടെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയം തുടങ്ങിയ കാപ്പൻ, 2021-ലും ഇപ്പോൾ 2026-ലും വിജയം ആവർത്തിച്ചു. മാണിയുടെ മകൻ ജോസ് കെ. മാണിയെ തുടർച്ചയായി രണ്ടുതവണ തോൽപ്പിക്കാൻ കഴിഞ്ഞത് കാപ്പന് രാഷ്ട്രീയമായ മധുരപ്രതികാരം കൂടിയായി. വോളിബോൾ കോർട്ടിലെ പഴയ കരുത്ത് 69-ാം വയസ്സിലും പൊളിറ്റിക്കൽ സ്മാഷായി കാപ്പൻ പ്രയോഗിച്ചപ്പോൾ തകർന്നത് കേരള കോൺഗ്രസ് (എം) പാർട്ടിയുടെ അഭിമാനമാണ്.
കേരള കോൺഗ്രസിന്റെ നിലനിൽപ്പ് ഭീഷണിയിൽ
പാർട്ടിയുടെ ചരിത്രം ഉറങ്ങുന്ന മണ്ണിൽ, സ്വന്തം ചെയർമാൻ തന്നെ പരാജയപ്പെട്ടത് കേരള കോൺഗ്രസ് (എം) ഗ്രൂപ്പിന് രാഷ്ട്രീയമായി കനത്ത ആഘാതമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും നേരിട്ട തിരിച്ചടികൾ പാർട്ടിയെ ദുർബലപ്പെടുത്തിയിരുന്നു. പാലാ നഗരസഭയിലെ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ നിയമസഭാ സീറ്റും കൈവിട്ടത് പാർട്ടിയുടെ ഭാവി തന്നെ ചോദ്യചിഹ്നമാക്കുന്നു.
ഷോൺ ജോർജ് എന്ന നിർണ്ണായക ഘടകം
യുഡിഎഫിനും എൽഡിഎഫിനും ഇടയിൽ ഷോൺ ജോർജ് നടത്തിയ ശക്തമായ മത്സരം പാലായിൽ പ്രകടമായിരുന്നു. 35,000-ത്തിലധികം വോട്ടുകൾ ഷോൺ പിടിച്ചെടുത്തത് ജോസ് കെ. മാണിയുടെ വിജയസാധ്യതകളെ സാരമായി ബാധിച്ചു. ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ച പാലായിൽ, അന്തിമ വിജയം കാപ്പന്റെ ജനകീയ പ്രതിച്ഛായയ്ക്കൊപ്പമായിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച മാണി സി. കാപ്പൻ, വരും വർഷങ്ങളിൽ യുഡിഎഫിന്റെ മുൻനിരയിൽ മാർഗനിർദ്ദേശിയായി തുടരുമെന്നാണ് ലഭിക്കുന്ന സൂചനകൾ.