Arya: ‘ചില കമന്റുകൾ കണ്ട് സങ്കടം തോന്നി, പൈസ പോയാലും സാരമില്ലായിരുന്നു’; ഇങ്ങനെ മനുഷ്യത്വമില്ലാത്തവരാകരുതെന്ന് ആര്യ
Arya Online Scam: സുഹൃത്തുക്കളാണ് തനിക്ക് ഈ വീഡിയോ അയച്ചു തന്നത്. ചില കമന്റുകൾ കണ്ട് സങ്കടം തോന്നിയെന്നും പൈസ പോയാലും സാരമില്ലായിരുന്നു എന്നു വരെ തോന്നിപ്പോയെന്നും ആര്യ കൂട്ടിച്ചേർത്തു.
നടിയും അവതാരകയുമായ ആര്യയുടെ കാഞ്ചീവരം ബുട്ടീക്കിന്റെ പേരിൽ തട്ടിപ്പ് നടന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറം ലോകം അറിയുന്നത്. കാഞ്ചീവരത്തിന്റെ വ്യാജ ഇൻസ്റ്റഗ്രാം പേജ് ഉപയോഗിച്ചും വ്യാജ ക്യൂആർ കോഡും വീഡിയോ നിർമിച്ചുമാണ് തട്ടിപ്പ് നടത്തിയതെന്നാണ് നടി നൽകിയ പരാതിയിൽ പറയുന്നത്. പോലീസിലും സൈബർ സെല്ലിലും പരാതി നൽകിയതായി താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ തട്ടിപ്പിനെ കുറിച്ചും സോഷ്യൽ മീഡിയ കമന്റിനെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
തന്റെ ബ്രാൻഡുമായി കണക്ട് ചെയ്ത് വലിയൊരു തട്ടിപ്പാണ് നടക്കുന്നത്. തട്ടിപ്പ് തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായി എന്നും കഴിഞ്ഞ മെയ് മാസമാണ് ആദ്യം തട്ടിപ്പ് കണ്ടുപിടിക്കുന്നത്. ഈ തട്ടിപ്പിൽ കുറേ ആളുകൾ പെട്ടുപോയി. കുറേ പേർക്ക് പണം നഷ്ടമായി എന്നാണ് ആര്യ പറയുന്നത്. ഇപ്പോഴാണ് അത് മീഡിയ റിപ്പോർട്ട് ചെയ്യുന്നതും കൂടുതൽ ആളുകളിലേക്ക് എത്തുന്നതും. ഈയൊരു തട്ടിപ്പ് അറിഞ്ഞ് ചാനലുകാർ തങ്ങളുടെ ഓഫീസിലേക്ക് എത്തിയതിലും വിവരങ്ങൾ അന്വേഷിച്ചതിലും തനിക്ക് സന്തോഷമുണ്ടെന്നും ആര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നു.
Also Read:ആര്യയുടെ കാഞ്ചീവരത്തിന്റെ പേരില്‍ ‘ഓഫർ’ തട്ടിപ്പ്; പരാതി നൽകി നടി
എന്നാൽ ചാനലിൽ വന്ന വാർത്തയ്ക്ക് താഴെ വന്ന ചില കമന്റുകൾ കണ്ട് സങ്കടം തോന്നിയെന്നും ആര്യ പറയുന്നു. ചുളുവില്ലാതെ പരസ്യം കിട്ടിയല്ലോ എന്നും ചെലവില്ലാതെ ഇങ്ങനെയും പരസ്യം ചെയ്യാമല്ലോ എന്ന രീതിയിലും വീഡിയോയ്ക്കു താഴെ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സുഹൃത്തുക്കളാണ് തനിക്ക് ഈ വീഡിയോ അയച്ചു തന്നത്. ചില കമന്റുകൾ കണ്ട് സങ്കടം തോന്നിയെന്നും പൈസ പോയാലും സാരമില്ലായിരുന്നു എന്നു വരെ തോന്നിപ്പോയെന്നും ആര്യ കൂട്ടിച്ചേർത്തു.