Saudi Arabia Oil Supply to India: ഇറാൻ്റെ ഭീഷണി ഫലിച്ചില്ല; ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാൻ റെഡ് സീ പാതയുമായി സൗദി
Saudi Arabia Opens New Red Sea Route to Secure India’s Oil Supply: സൗദി അറേബ്യയുടെ ഉൾഭാഗത്തുകൂടി 1200 കിലോമീറ്റർ നീളുന്ന പൈപ്പ്‌ലൈൻ വഴിയാണ് എണ്ണ യാൻബു തുറമുഖത്ത് എത്തിക്കുന്നത്. ഇതുകൊണ്ടുതന്നെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകേണ്ട ആവശ്യം വരുന്നില്ല. എന്നാൽ ഈ മാർഗത്തിനു ചില പരിമിതികളും ഉണ്ട്.
റിയാദ്: ഹോർമുസ് കടലിടുക്കിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ഇന്ത്യയിലേക്ക് അസംസ്കൃത എണ്ണ വിതരണം ചെയ്യുന്നതിനായി സൗദി അറേബ്യ പുതിയ ചെങ്കടൽ പാത തുറന്നു. പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് സൗദി ഈ പുതിയ മാർഗത്തിലൂടെ ഇന്ത്യയിലേക്ക് എണ്ണ എത്തിച്ചു തുടങ്ങിയത്.
ഇതനുസരിച്ച് സൗദിയിലെ യാൻബു തുറമുഖത്തുനിന്നാണ് ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലുകൾ പുറപ്പെടുന്നത്. നിലവിൽ 60 ലക്ഷം ബാരൽ എണ്ണയുമായി നാല് ടാങ്കറുകൾ ഇന്ത്യയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു എന്നാണ് വിവരം. ഈ മാസം അവസാനത്തോടെ 100 ലക്ഷം ബാരൽ കൂടി ഇന്ത്യയിലെത്തിക്കാനാണ് നീക്കം.
സൗദി അറേബ്യയുടെ ഉൾഭാഗത്തുകൂടി 1200 കിലോമീറ്റർ നീളുന്ന പൈപ്പ്‌ലൈൻ വഴിയാണ് എണ്ണ യാൻബു തുറമുഖത്ത് എത്തിക്കുന്നത്. ഇതുകൊണ്ടുതന്നെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകേണ്ട ആവശ്യം വരുന്നില്ല. എന്നാൽ ഈ മാർഗത്തിനു ചില പരിമിതികളും ഉണ്ട്.
പൈപ്പ്‌ലൈൻ വഴിയുള്ള നീക്കത്തിന് ശേഷിക്കുറവുള്ളതിനാൽ ഹോർമുസ് കടലിടുക്ക് വഴി അയക്കുന്ന അത്രയും അളവിൽ എണ്ണ ഈ പുതിയ പാതയിലൂടെ അയക്കാൻ സാധിക്കില്ല എന്നതാണ് ഇതിൽ പ്രധാനം. കൂടാതെ, ചെങ്കടലിലെ ബാബ് അൽ-മന്ദബ് മേഖലയിൽ ഹൂതി വിമതരുടെ ഭീഷണി നിലനിൽക്കുന്നുണ്ടെന്നത് മറ്റൊരു വെല്ലുവിളിയാണ്.