Asha Sarath: ‘ഐജി ഗീത പ്രഭാകറിന് പ്രതികാരം ചെയ്യണം; പക്ഷെ ഞാൻ ജോര്‍ജുകുട്ടിയുടെ പക്ഷത്താണ്’; ആശ ശരത്ത്
Asha Sarath on Drishyam 3: ആശ ശരത്തിന്റെ അഭിമുഖത്തിലെ വാക്കുകൾ കഥയിലേക്കുള്ള സൂചനയാണോ നൽകുന്നതെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ തിരക്കുന്നത്. ഐ.ജി. ഗീത പ്രഭാകറിന് ജോർജ് കുട്ടിയോട് പ്രതികാരം ചെയ്യണമെന്നാണ് അഭിമുഖത്തിൽ നടി പറഞ്ഞത്.
സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘ദൃശ്യം’. സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളും വലിയ വിജയമായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകകളിൽ ചിത്രത്തിന്റെ റീമേക്കുകളും ഇറങ്ങി. കഴിഞ്ഞ ദിവസം ദൃശ്യം മൂന്നാം ഭാഗത്തിന്റെ എഴുത്ത് പൂർത്തിയായ വിവരം ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു. ഈ വർഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. ഇപ്പോഴിതാ, ദൃശ്യം 3യെ കുറിച്ച് സംസാരിക്കുകയാണ് നടി ആശ ശരത്ത്.
ആശ ശരത്തിന്റെ അഭിമുഖത്തിലെ വാക്കുകൾ കഥയിലേക്കുള്ള സൂചനയാണോ നൽകുന്നതെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ തിരക്കുന്നത്. ഐ.ജി. ഗീത പ്രഭാകറിന് ജോർജ് കുട്ടിയോടും സ്വയംബുലിംഗത്തോടും (തമിഴ് റീമേക്കിൽ കമൽ ഹാസൻ അവതരിപ്പിച്ച കഥാപാത്രം) പ്രതികാരം ചെയ്യണമെന്നാണ് അഭിമുഖത്തിൽ ആശ ശരത്ത് പറഞ്ഞത്. ഒക്ടോബറിൽ ദൃശ്യം 3യുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും നടി പറഞ്ഞു.
ചിത്രത്തിനായി താൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ദൃശ്യം രണ്ടിൽ മോഹൻലാലിന്റെ കഥാപാത്രത്തോട് പ്രതികാരം ചെയ്യാനുള്ള അവസരം തനിക്ക് ലഭിച്ചല്ല. അതിനാൽ, ദൃശ്യം മൂന്നിലെങ്കിലും ജോർജുകുട്ടിയോടും സ്വയംബുലിംഗത്തോടും തനിക്ക് പ്രതികാരം ചെയ്യണമെന്നാണ് ഗീത പ്രഭാകറിന്റെ ആഗ്രഹമെന്നും തമാശ രൂപേണ ആശ ശരത്ത് പറഞ്ഞു.
“ഗീത പ്രഭാകറിന് ഉള്ളിൽ വരുണിനെ കൊന്നവരോട് പ്രതികാരം ചെയ്യണമെന്ന് ഒരു ആശയുണ്ട്. അവരുടെ മകനെയല്ലേ അവർ കൊന്നത്. ഒരമ്മ അങ്ങനെ വിചാരിക്കില്ലേ. എന്നാൽ, പ്രേക്ഷക എന്ന രീതിയിൽ താൻ ജോർജുകുട്ടിയ്ക്കും സ്വയംബുലിംഗത്തിനുമൊപ്പമാണ്” എന്നും ആശ ശരത്ത് കൂട്ടിച്ചേർത്തു. എസ്എസ് മ്യൂസിക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ALSO READ: ‘രേണു എന്ന വിവരം കെട്ടവൾ എന്നെ നാറ്റിച്ചു, സുധിയും ഞാനും വേർപിരിയാൻ കാരണം അവൾ’; നടി വീണ എസ്. പിള്ള
ആശ ശരത്തിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘ദൃശ്യം’. മോഹൻലാൽ സാറിനൊപ്പം അഭിനയിക്കുമ്പോൾ, ഒരു സൂപ്പർസ്റ്റാറിനൊപ്പമാണ് അഭിനയിക്കുന്നതെന്ന് തോന്നിയില്ലെന്നും അദ്ദേഹം വളരെ കൂളാണെന്നും നടി പറഞ്ഞു. ദൃശ്യത്തിന്റെ ഷൂട്ടിംഗ് സമയത്ത് മോഹൻലാൽ വളരെ ശാന്തനായിരുന്നു. അദ്ദേഹത്തിൽ നിന്ന് ഒരുപാടു കാര്യങ്ങൾ തനിക്ക് പഠിക്കാനുണ്ടെന്നും നടി കൂട്ടിച്ചേർത്തു.