Elizabeth Udayan: ‘250 കോടിയുടെ ആസ്തിയുള്ള ആളാണ് കാശില്ലെന്ന് പറയുന്നത്, നീതിയ്ക്ക് വേണ്ടി പോരാടും’; ബാലയ്‌ക്കെതിരെ എലിസബത്ത്
Elizabeth Udayan Against Bala: ആശുപത്രി കിടക്കയിൽ നിന്നാണ് എലിസബത്ത് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തവാദിത്വം ബാലയ്ക്ക് ആണെന്നാണ് വീഡിയോയിൽ പറയുന്നത്.
നടൻ ബാലയ്‌ക്കെതിരെ മുൻ പങ്കാളിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ. എലിസബത്ത് ഉദയൻ. ആശുപത്രി കിടക്കയിൽ നിന്നാണ് എലിസബത്ത് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തവാദിത്വം ബാലയ്ക്ക് ആണെന്നാണ് വീഡിയോയിൽ പറയുന്നത്. എന്നാൽ, ബാലയുടെ പേര് വീഡിയോയിൽ പരാമർശിച്ചിട്ടില്ല. 250 കോടിയുടെ ആസ്തിയുള്ള ആൾ ഇപ്പോൾ കാശില്ലെന്നാണ് പറയുന്നതെന്നും നീതി കിട്ടും വരെ പോരാടുമെന്നും എലിസബത്ത് പറയുന്നു.
ഈ അവസ്ഥയിൽ വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടില്ല, എന്നാൽ പല കാര്യങ്ങളും തനിക്ക് സഹിക്കാൻ പറ്റിയിട്ടുണ്ടായിരുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് എലിസബത്തിന്റെ വീഡിയോ ആരംഭിക്കുന്നത്. നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കു, പണം വലിച്ചെടുക്കുന്ന കുളയട്ട എന്നൊക്കെ പറഞ്ഞ് തനിക്ക് പല ഭീഷണി കോളുകൾ വന്നതായും കൗണ്ടർ കേസുകൾ നൽകി അവർ തന്നെ തളർത്തുകയാണെന്നും എലിസബത്ത് പറയുന്നു.
വിവാഹം തന്നെ നടന്നിട്ടില്ലെന്നും എല്ലാം തന്റെ ഇമാജിനേഷൻ മാത്രമാണെന്നുമാണ് അയാൾ ഇപ്പോൾ പറയുന്നതെന്നും എലിസബത്ത് പറഞ്ഞു. പിന്നെ എന്തിനാണ് ആൾക്കാരുടെ മുന്നിൽ വച്ച് തന്നെ ഭാര്യയാണെന്ന് പറഞ്ഞതും അഭിമുഖങ്ങളും സ്റ്റേജ് ഷോകളുമൊക്കെ കൊണ്ടുപോയതെന്നും തനിക്ക് അറിയില്ല. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം ആ വ്യക്തിക്കാണ്. തന്റെ പരാതി പൊലീസ് സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. അങ്ങനെ പരാതി ഡിവൈഎസ്പി ഓഫീസിലേക്ക് എത്തി. ഒരു തവണ വീട്ടിൽ വന്ന് അന്വേഷിച്ചു. പിന്നീട് വിവരമൊന്നും ഇല്ലെന്നും എലിസബത്ത് പറയുന്നു.
ALSO READ: ജെഎസ്കെ വിവാദം: ‘ടീസറിലുള്ള പഴയ പേര് പ്രശ്നങ്ങൾക്ക് വഴി തെളിക്കരുത്’; ഹർജി തീർപ്പാക്കി ഹൈക്കോടതി
നിലവിൽ കോടതിയിൽ കേസ് നടക്കുന്നുണ്ടെന്ന് പറഞ്ഞ എലിസബത്ത് കുറേതവണ വക്കീലും അയാളും ഹാജരായില്ലെന്നും പറയുന്നു. കൗണ്ടറിൽ അയാൾ കാശില്ലെന്നാണ് പറയുന്നത്. 250 കോടിയുടെ ആസ്തിയുള്ള ആളാണ്. ഇപ്പോൾ ഡോക്ടർ-രോഗി ബന്ധം മാത്രമേ ഉള്ളൂവെന്നാണ് പറയുന്നതെന്നും നീതിയ്ക്ക് വേണ്ടി തനിക്ക് പറ്റുന്ന പോലെ പോരാടുമെന്നും എലിസബത്ത് കൂട്ടിച്ചേർത്തു.
ബാല തന്നെ ചതിക്കുകയും, ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നും വീഡിയോയിൽ എലിസബത്ത് പറയുന്നുണ്ട്. മീഡിയയിലൂടെ അയാളും അയാളുടെ കുടുംബവും തന്നെ അപകീർത്തിപ്പെടുത്തി. സ്ത്രീകൾക്കാണ് നീതി കിട്ടുകയെന്ന് എപ്പോഴും പറയും. എന്നാൽ, കാശുണ്ടോ, ആരാണ് വലുത് എന്നൊക്കെ നോക്കിയാണ് നീതി കിട്ടുന്നത്. ഈ വീഡിയോ പുറത്തുവരുമ്പോൾ എന്താവുമെന്ന് അറിയില്ല. താൻ ജീവനോടെ ഉണ്ടാകുമോയെന്നും അറിയില്ല. പറയാതെ മരിച്ചിട്ട് കാര്യമില്ലല്ലോ. ആ കല്യാണവും, കല്യാണക്കുറിയും, ഭാര്യയെന്ന് പറഞ്ഞ് കൊണ്ട് നടന്നതും എല്ലാം നിങ്ങളേയും കൂടി പറ്റിക്കുകയായിരുന്നില്ലേ. പലകാര്യങ്ങളും തെളിവുകൾ സഹിതം പറഞ്ഞു. എന്നിട്ടും ആരും കേസ് എടുത്തില്ലെന്നും എലിസബത്ത് പറഞ്ഞു.