Mamitha Baiju: വിജയും സൂര്യയും മുതൽ ടൊവിനോയും നിവിനും വരെ; പുതിയ ചിത്രങ്ങളുമായി മമിത ബൈജു തിരക്കിലാണ്
Mamitha Baiju Upcoming Big Projects: തമിഴിൽ വിജയ്, സൂര്യ, ധനുഷ് തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പമാണ് താരം ബിഗ്‌സ്‌ക്രീൻ പങ്കിടുന്നതെങ്കിൽ മലയാളത്തിൽ നിവിൻ പോളിക്കും ടൊവിനോ തോമസിനും ഒപ്പമാണ് മമിത എത്തുന്നത്.
‘പ്രേമലു’ എന്ന സിനിമയിലൂടെ യുവാക്കളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് മമിത ബൈജു. പ്രേമലുവിന്റെ വിജയത്തോടെ മലയാളത്തിലെ മാത്രമല്ല തമിഴിലെയും തിരക്കേറിയ യുവ നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ് മമിത. തമിഴിൽ വിജയ്, സൂര്യ, ധനുഷ് തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പമാണ് താരം ബിഗ്‌സ്‌ക്രീൻ പങ്കിടുന്നതെങ്കിൽ മലയാളത്തിൽ നിവിൻ പോളിക്കും ടൊവിനോ തോമസിനും ഒപ്പമാണ് മമിത എത്തുന്നത്.
പ്രദീപ് രംഗനാഥന്റെ ‘ഡ്യൂഡ്’
പ്രദീപ് രംഗനാഥനെ നായകനാക്കി കീർത്തിശ്വരൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഡ്യൂഡ്’ എന്ന റൊമാന്റിക് ആക്ഷൻ കോമഡി ചിത്രത്തിലെ നായിക മമിതയാണ്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിൽ ശരത്കുമാർ, ഹൃദു ഹാരൂൺ, രോഹിണി എന്നിവരും അണിനിരക്കുന്നു. 2025 ഒക്ടോബറിൽ ദീപാവലി റിലീസായാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.
വിജയുടെ ‘ജനനായകൻ’
ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിൽ മമതയും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെയാണ് പൂർത്തിയായത്. ചിത്രത്തിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. 2026 ജനുവരി 9ന് ചിത്രം തീയേറ്ററുകളിൽ എത്തും.
ധനുഷിന്റെ ‘ഡി 54’
ധനുഷിനെ നായകനാക്കി വിഘ്നേശ് രാജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായികയും മമിത തന്നെ. ‘ഡി 54’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലെ തിരക്കഥ ഒരുക്കിയത് വിഘ്നേശ് രാജയും ആൽഫ്രഡ് പ്രകാശും ചേർന്നാണ്. ചിത്രത്തിൽ ജയറാം, സുരാജ് വെഞ്ഞാറമൂട്, കെ.എസ്.രവികുമാർ, കരുണാസ്, നിതിൻ സത്യ, പൃഥ്വി പാണ്ടിരാജ്, കുഷ്മിത എന്നിവരും അണിനിരക്കുന്നു.
ALSO READ: ആദ്യ കൺമണിയെ വരവേറ്റ് താരദമ്പതികൾ, കിയാരയ്ക്കും സിദ്ധാർഥിനും ആശംസകളേകി ആരാധകർ
സൂര്യയുടെ ‘സൂര്യ 46’
വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ സൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിലെ നായികയും മമിത തന്നെ. ‘സൂര്യ 46’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സിതാര എന്റർടെയ്ൻമെന്റ്സാണ്. ചിത്രത്തിൽ രവീണ ടണ്ടൻ, രാധിക ശരത് കുമാർ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവിയാണ്.
നിവിൻ പോളി ചിത്രം
നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നായികാ വേഷത്തിൽ എത്തുന്നത് മമിത ബൈജുവാണ്. ഭാവന സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമ്മാണം.
ടൊവിനോ തോമസ് ചിത്രം
ടൊവിനോ തോമസിനെ നായകനാക്കി സംവിധായകൻ മുഹ്സിൻ പരാരി ഒരുക്കുന്ന പുതിയ ചിത്രത്തിലും മമിത ബൈജുവാണ് നായിക. ‘തന്ത വൈബ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസാണ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.