KB Ganesh Kumar: ‘പ്രിയദർശൻ സിനിമയിൽ ബീഡി വലിക്കുന്ന ഹനുമാനും ചീട്ട് കളിക്കുന്ന ശ്രീരാമനും’; ഇപ്പോൾ അതിന് പറ്റില്ലെന്ന് ഗണേഷ് കുമാർ
Ganesh Kumar Against Censor Board: പ്രിയദർശൻ സിനിമയിൽ ഹനുമാൻ ബീഡി വലിക്കുന്ന രംഗം ഉണ്ടായിരുന്നു എന്ന് കെബി ഗണേഷ് കുമാർ. ഇന്നാണെങ്കിൽ സെൻസർ ബോർഡ് വെറുതെവിടുമോ എന്നും ഗണേഷ് കുമാർ ചോദിച്ചു.
സെൻസർ ബോർഡിനെതിരെ രൂക്ഷവിമർശനവുമായി ഗതാഗതമന്ത്രിയും നടനുമായി കെബി ഗണേഷ് കുമാർ. പ്രിയദർശൻ സിനിമയിൽ ബീഡി വലിയ്ക്കുന്ന ഹനുമാൻ്റെയും ചീട്ട് കളിക്കുന്ന ശ്രീരാമൻ്റെയും സീനുകളുണ്ടായിരുന്നു. ഇന്നാണെങ്കിൽ സെൻസർ ബോർഡ് വെറുതെവിടുമോ എന്നും ഗണേഷ് കുമാർ ചോദിച്ചു. പ്രിയദർശനെയും വേദിയിലിരുത്തിയായിരുന്നു ഗണേഷ് കുമാറിൻ്റെ വിമർശനം. ഗണേഷ് കുമാറിൻ്റെ വിമർശനത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
“പ്രിയൻ്റെ ധീം തരികിട തോം എന്നൊരു സിനിമയുണ്ട്. സെറ്റിലിരുന്ന് എഴുതി ഉണ്ടാക്കിയ സിനിമയാണ് അത്. ആ സിനിമയിൽ ഹനുമാൻ ഇരുന്ന് വീഡിവലിക്കുന്നു. ഇന്നാണെങ്കിൽ ഈ രാജ്യത്ത് എന്തൊക്കെ കോലാഹലങ്ങളുണ്ടാവും. ഇതൊക്കെ ഇന്നത്തെ സിനിമയിൽ പറയാൻ പറ്റുമോ? സെൻസർ ബോർഡ് വെറുതെവിടുമോ? ഈ രാജ്യത്ത് എന്തൊക്കെ ബഹളങ്ങളുണ്ടാവും? നമ്മുടെ രാജ്യം പിന്നിലേക്ക് പോവുകയാണ്.”- ഗണേഷ് കുമാർ പറഞ്ഞു. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ചായിരുന്നു ഗണേഷ് കുമാറിൻ്റെ പ്രതികരണം.
Also Read: പൃഥ്വിയെ അഭിനയിപ്പിക്കേണ്ടെന്ന് ദിലീപ് പറഞ്ഞു;ഇന്നുവരെ ഞാൻ ചോദിച്ചിട്ടില്ല’: മല്ലിക സുകുമാരൻ
ശ്രീനാരായണ ഗുരു പറഞ്ഞസ്ഥലത്തുനിന്നും നൂറ് കൊല്ലം പിന്നിലേക്ക് പോകുന്ന അവസ്ഥയിലാണ് നമ്മളെന്ന് ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. ഹനുമാൻ ബീഡിവലിക്കുമ്പോൾ ശ്രീരാമൻ ഇപ്പുറത്തിരുന്ന ചീട്ട് കളിക്കുകയാണ്. ഇതൊക്കെ ഇപ്പോൾ കാണിക്കാൻ കഴിയുമോ? ക്രിയാത്മകമായ എഴുത്തിന് കഴിയാത്തൊരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ശ്രീനിവാസൻ ഈ കാലത്തിന് മുൻപേ നടന്നുപോയത് നന്നായെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
1986ൽ പ്രിയദർശൻ അണിയിച്ചൊരുക്കിയ സിനിമയാണ് ധീം തരികിട തോം. മണിയൻ പിള്ള രാജുവും ലിസിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നെടുമുടി വേണു, ശ്രീനിവാസൻ, ശങ്കർ, ജഗതി ശ്രീകുമാർ, മുകേഷ് തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചു. പ്രിയദർശൻ്റെ അണ്ടറേറ്റഡ് സിനിമയായി കണക്കാക്കപ്പെടുന്ന ധീം തരികിട തോമിന് യൂട്യൂബിൽ ഇപ്പോഴും കാഴ്ചക്കാരുണ്ട്.
വിഡിയോ കാണാം