2026 Movies: 2026 ൽ പ്രേക്ഷകർ ഏറ്റവും കാത്തിരിക്കുന്ന സിനിമകൾ ഇതാ… പക്ഷേ ദൃശ്യം 3 ഇല്ല
Most Anticipated Movies of 2026: ആദ്യ 20 സ്ഥാനങ്ങളിൽ ഉള്ള സിനിമകളുടെ ലിസ്റ്റ് ആണ് പുറത്തുവന്നത്. എന്നാൽ പട്ടിക മലയാളികളെ നിരാശപ്പെടുത്തുന്നതാണ്. ഒരു മലയാളം സിനിമ മാത്രമാണ് ഇതിൽ ഉൾപ്പെടുന്നത്.
വൻ താരങ്ങളുടേത് അടക്കം വലുതും ചെറുതുമായ നിരവധി സിനിമകളാണ് ഈ വർഷം സിനിമ പ്രേമികൾക്കായി കാത്തിരിക്കുന്നത്.പല പാൻ ഇന്ത്യൻ സിനിമകളും 2026 ൽ ബോക്സ് ഓഫീസ് പിടിച്ചടക്കാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ 2026 ൽ പ്രേക്ഷകർ ഏറ്റവും കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ഐഎംഡിബി. ആദ്യ 20 സ്ഥാനങ്ങളിൽ ഉള്ള സിനിമകളുടെ ലിസ്റ്റ് ആണ് പുറത്തുവന്നത്. എന്നാൽ പട്ടിക മലയാളികളെ നിരാശപ്പെടുത്തുന്നതാണ്. ഒരു മലയാളം സിനിമ മാത്രമാണ് ഇതിൽ ഉൾപ്പെടുന്നത്.
ഷാരൂഖ് ഖാൻ നായകനായി സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ചിത്രം കിംഗ് ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. സുജോയ് ഘോഷ്, സിദ്ധാർഥ് ആനന്ദ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ദീപിക പദുകോണും സുഹാന ഖാൻ, അഭിഷേക് ബച്ചൻ, അഭയ് വർമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും. വില്ലൻ വേഷത്തിലാണ് അഭിഷേക് ബച്ചൻ എത്തുന്നത്. വൻ ബഡ്ജറ്റിൽ ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്.
പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിതീഷ് തിവാരി നിർമ്മിക്കുന്ന രാമായണ ആണ്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ടു ഭാഗങ്ങളിൽ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. ഇവർക്ക് പുറമെ സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയും ശൂർപണഖയുമായി അഭിനയിക്കും.
Also Read:പൃഥ്വിയെ അഭിനയിപ്പിക്കേണ്ടെന്ന് ദിലീപ് പറഞ്ഞു;ഇന്നുവരെ ഞാൻ ചോദിച്ചിട്ടില്ല’: മല്ലിക സുകുമാരൻ
വിജയ് നായകനായി എത്തുന്ന ചിത്രം ജനനായകനാണ് മൂന്നാം സ്ഥാനത്ത്. സന്ദീപ് റെഡ്‌ഡി വാങ്ക-പ്രഭാസ് ചിത്രം സ്പിരിറ്റ് ലിസ്റ്റിലെ നാലാം സ്ഥാനം കയ്യടക്കി. ഗീതു മോഹൻദാസ് ഒരുക്കി യഷ് നായകനായി എത്തുന്ന ടോക്സിക് അഞ്ചാം സ്ഥാനത്തുണ്ട്. സൽമാൻ ഖാൻ ചിത്രം ബാറ്റിൽ ഓഫ് ഗാൽവൻ ആണ് ആറാം സ്ഥാനം നേടിയിരിക്കുന്നത്. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സ് ചിത്രമായ ആൽഫ ആണ് ഏഴാം സ്ഥാനത്ത്. പ്രദീപ് രംഗനാഥൻ ചിത്രം ലവ് ഇൻഷുറൻസ് കമ്പനി ആണ് പത്താം സ്ഥാനം നേടിയിരിക്കുന്നത്. എന്നാൽ പട്ടികയിൽ ആദ്യ പത്തിൽ മലയാളം സിനിമകൾക്ക് ഒന്നും ഇടംപിടിക്കാനായില്ല.
പ്രഭാസ് ചിത്രം ഫൗസി , നാനിയുടെ ദി പാരഡൈസ്, രാംചരൺ ചിത്രം പെഡ്ഡി, ജൂനിയർ എൻടിആർ-പ്രശാന്ത് നീൽ കോമ്പോയിൽ ഒരുങ്ങുന്ന പുതിയ ചിത്രം, ലവ് ആൻഡ് വാർ, ഭൂത് ബംഗ്ലാ, രാഘവ ലോറൻസ്-നിവിൻ പോളിയുടെ ബെൻസ്, ശക്തി ശാലിനി, പാട്രിയറ്റ്, ഓ റോമിയോ എന്നിവയാണ് യഥാക്രമം പതിനൊന്ന് മുതൽ ഇരുപത് വരെയുള്ള സിനിമകൾ. മലയാളികൾ ഒന്നടങ്ങൾ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 യ്ക്ക് ലിസ്റ്റിൽ ഇടം നേടാനായില്ല.