Khalifa OTT : തൂക്കിയാണോ വിറ്റത്? പൃഥ്വിരാജിൻ്റെ ഖലീഫ ഒടിടിയിൽ എത്തുന്നത് ആറ് പ്ലാറ്റ്ഫോമുകളിലൂടെ
Khalifa Malayalam Movie OTT Release Date & Platforms : ഇപ്രാവശ്യം ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഖലീഫ. ചിത്രത്തിൽ മോഹൻലാലും ടൊവീനോ തോമസും അതിഥി വേഷത്തിലെത്തുന്നതും ശ്രദ്ധേയമാണ്. നേരത്തെ ഖലീഫ ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒടിടി സംപ്രേഷണം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ.

Khalifa OTT
ഓണത്തിന് തിയറ്ററുകളിൽ എത്തിയ പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ഒടിടി റിലീസ് തീയതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പോക്കിരിരാജ എന്ന സിനിമയ്ക്ക് ശേഷം ഹിറ്റ്മേക്കർ വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിച്ച ചിത്രമാണ് ഖലീഫ. മാസ് ആക്ഷൻ ചിത്രം റിലീസായി ആദ്യ ദിനങ്ങളിൽ മികച്ച ഇൻഷ്യൽ കളക്ഷൻ നേടിയിരുന്നെങ്കിലും അത് ബോക്സ്ഓഫീസിൽ തുടരാനായില്ല. സിനിമ റിലീസായി 40 ദിവസം പിന്നിട്ടിട്ടും ഖലീഫയുടെ ഒടിടി സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പും ഉണ്ടായില്ല. എന്നാൽ ഇപ്പോഴിതാ ചിത്രം ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുമെന്ന് ഔദ്യോഗിക അറിയിപ്പ് എത്തി. എന്നാൽ എക്സ്ക്ലൂസീവായി ഒരു പ്ലാറ്റ്ഫോമിനല്ല ഖലീഫയുടെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്.
ഖലീഫ ഒടിടി
ഒക്ടോബർ ഒമ്പതാം തീയതി മുതലാണ് ഖലീഫയുടെ ഒടിടി സംപ്രേഷണം ആരംഭിക്കുന്നത്. ആറ് വ്യത്യസ്ത പ്ലാറ്റ്ഫോമിലൂടെയാണ് ഖലീഫയുടെ ഒടിടി റിലീസ്. ഖലീഫ ആമസോൺ പ്രൈം വീഡിയോയിൽ എത്തുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ വന്നത്. എന്നാൽ പ്രൈം വീഡിയോയ്ക്ക് പുറമെ മനോരമ മാക്സ്, ലയൺസ്ഗേറ്റ് പ്ലേ, ആഹാ, സിമ്പ്ലി സൗത്ത്, സ്റ്റാർസ്പ്ലേ എന്നീ പ്ലാറ്റ്ഫോമുകളിലൂടെ ഒടിടി സംപ്രേഷണം ചെയ്യുന്നത്. നേരത്തെ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം ബിഗ് ബജറ്റിൽ ഒരുക്കിയ ഖലീഫയുടെ ഒടിടി അവകാശം വിറ്റു പോയത് നിസാര തുകയ്ക്കാണെന്നുള്ള ചർച്ചയും സോഷ്യൽ മീഡിയയിൽ ഉടലെടുത്തു. ആറ് വ്യത്യസ്ത പ്ലാറ്റ്ഫോമുകളിൽ സിനിമയുടെ ഒടിടി അവകാശം തൂക്കി വിറ്റുയെന്നാണ് സോഷ്യൽ മീഡിയയിൽ ആക്ഷേപം ഉയരുന്നത്. ചിത്രത്തിൻ്റെ എക്സ്ക്ലൂസീവ് അവകാശം വിറ്റു പോകാത്തതിനാൽ പേ പെർ വ്യൂ അടിസ്ഥാനാത്തിലാകാം ഈ പ്ലാറ്റ്ഫോമുകൾ ഖലീഫയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. പ്രൈം വീഡിയോയും ലയൺസ്ഗേറ്റും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഇന്ത്യയിൽ മാത്രമായിട്ടാണ് സംപ്രേഷണം ചെയ്യുക. മനോരമ മാക്സിലൂടെ മലയാളത്തിൽ മാത്രമാണ് സംപ്രേഷണം ചെയ്യുന്നത്. അഹായിലൂടെ തെലുങ്കിലും തമിഴിലുമാണ് സംപ്രേഷണം ചെയ്യുക. ഇന്ത്യക്ക് പുറത്ത് സിമ്പ്ലി സൗത്തിലൂടെയും ഗൾഫ്-വടക്കൻ ആഫ്രിക്കൻ മേഖലയിൽ സ്റ്റാർസ്പ്ലേയിലൂടെയാണ് ഖലീഫ സംപ്രേഷണം ചെയ്യുക.
ഖലീഫ സിനിമ
വൈശാഖ് ഒരുക്കിയ ചിത്രം ജിനു എബ്രഹാം ഇന്നോവേഷൻ്റെ ബാനറിൽ ജിനു വി എബ്രഹാമും സുരാജ് കുമാറും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ജിനു വി എബ്രഹാം തന്നെയാണ് ഖലീഫയുടെ രചനയും നിർവഹിച്ചിട്ടുള്ളത്. തെന്നിന്ത്യൻ താരം മാളവിക ശർമയാണ് ചിത്രത്തിൽ പൃഥ്വിരാജിൻ്റെ നായികയായി എത്തിയത്. ഇരുവർക്കും പുറമെ നീൽ നിതിൻ മുകേഷ്, ഷമ്മി തിലകൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി തുടങ്ങി നിരവധി പേരാണ് ഖലീഫയിൽ അണിനിരന്നിട്ടുള്ളത്. മോഹൻലാലും ടൊവീനോ തോമസും കാമിയോ വേഷത്തിലെത്തുന്നു എന്നതും ചിത്രത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നുണ്ട്.
ജോമോൻ ടി ജോൺ ആണ് ഖലീഫയുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ജേക്സ് ബിജോയിയാണ് ഛായാഗ്രാഹകൻ. ചമ്മൻ ചാക്കോയാണ് എഡിറ്റർ. നിരവധി ആക്ഷൻ രംഗങ്ങൾ ഉള്ള ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് യാന്നിക് ബെന്നും ചേതൻ ഡിസൂസയും ഫീനിക്സ് പ്രഭവും ചേർന്നാണ്