Lal Jose about Classmates: ആ രാത്രിയിൽ സിനിമ ഉപേക്ഷിക്കാൻ ഞാനും ജെയിംസും തീരുമാനിച്ചു, ഒടുവിൽ അത് സംഭവിച്ച് – ലാൽജോസ്
Lal Jose Reveals the Unexpected Story Behind Classmates : രസികൻ എന്ന സിനിമയുടെ പരാജയത്തിന് ശേഷം കസിന്റെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുന്ന കാലത്താണ് തിരക്കഥാകൃത്ത് ജെയിംസ് ആൽബർട്ട് തന്നെ വന്ന് കാണുന്നതെന്ന് ലാൽജോസ് ഓർക്കുന്നു.
കൊച്ചി: മലയാളികൾ ഇന്നും നെഞ്ചിലേറ്റുന്ന ക്യാമ്പസ് ചിത്രമാണ് ലാൽജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ്. എന്നാൽ ഈ സിനിമ ആദ്യം പ്ലാൻ ചെയ്തത് ഇന്നത്തെ രൂപത്തിലായിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. രസികൻ എന്ന സിനിമയുടെ പരാജയത്തിന് ശേഷം കസിന്റെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുന്ന കാലത്താണ് തിരക്കഥാകൃത്ത് ജെയിംസ് ആൽബർട്ട് തന്നെ വന്ന് കാണുന്നതെന്ന് ലാൽജോസ് ഓർക്കുന്നു.
ആദ്യം ജെയിംസ് ആൽബർട്ട് പറഞ്ഞ കഥ ബെംഗളൂരുവിലെ ഒരു ക്യാമ്പസിനെ ആസ്പദമാക്കിയുള്ളതായിരുന്നു. അതിലും റസിയയും മുരളിയുമൊക്കെ ഉണ്ടായിരുന്നു. സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വിതരണത്തിനായി ലാൽ ക്രിയേഷൻസിനെ സമീപിച്ചപ്പോഴാണ് നിർണ്ണായകമായ ഒരു മാറ്റം സംഭവിക്കുന്നത്. ലാലു ചെയ്യുമ്പോൾ ആളുകൾ കുറച്ചുകൂടി റിയലിസ്റ്റിക് ആയ കാര്യങ്ങളല്ലേ പ്രതീക്ഷിക്കുക എന്ന സംവിധായകൻ ലാലിന്റെ (ലാൽ ക്രിയേഷൻസ്) ചോദ്യം ലാൽജോസിനെ ചിന്തിപ്പിച്ചു.
ആ രാത്രിയിൽ സിനിമ ഉപേക്ഷിക്കാൻ താനും ജെയിംസും തീരുമാനിച്ചുവെന്ന് ലാൽജോസ് പറയുന്നു. പിന്നീട് തങ്ങളുടെ സ്വന്തം കോളേജ് കാലഘട്ടത്തെക്കുറിച്ച് സംസാരിച്ചപ്പോഴാണ് കഥ കേരളത്തിലെ ഒരു ക്യാമ്പസിലേക്ക് മാറ്റാൻ തീരുമാനിച്ചത്. സിനിമയുടെ കഥ മാറിയതോടെ നേരത്തെ തീരുമാനിച്ച താരങ്ങളിലും മാറ്റം വന്നു. മുരളിയുടെ വേഷം ചെയ്യാൻ ആദ്യം നിശ്ചയിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാൽ ഷൂട്ടിംഗ് തീയതികൾ മാറിയതോടെ ചാക്കോച്ചന് പങ്കെടുക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് ആ വേഷം നരേനിലേക്ക് എത്തുന്നത്.