Prabhas: ‘വളരെ സൗമ്യമായ പെരുമാറ്റമാണ്’; പ്രഭാസിനോട് ക്രഷ് തോന്നിയെന്ന് മാളവിക മോഹനൻ
Malavika Mohanan About Prabhas: പ്രഭാസിനെ പുകഴ്ത്തി മാളവിക മോഹനൻ. താരത്തിനോട് തനിക്ക് ക്രഷ് തോന്നിയെന്ന് മാളവിക പറഞ്ഞു.

മാളവിക മോഹനൻ, പ്രഭാസ്
തനിക്ക് പ്രഭാസിനോട് ക്രഷ് തോന്നിയെന്ന് നടി മാളവിക മോഹനൻ. താരത്തിൻ്റേത് വളരെ സൗമ്യമായ പെരുമാറ്റമാണെന്നും നല്ല പാചകക്കാരനാണെന്നും മാളവിക മോഹനൻ പറഞ്ഞു. പ്രഭാസ് നായകനാവുന്ന ദി രാജാ സാബ് എന്ന ചിത്രത്തിൻ്റെ പ്രമോഷനിലാണ് മാളവികയുടെ വാക്കുകൾ. സിനിമയിൽ മാളവികയും ഒരു നായികയാണ്.
പ്രഭാസ് നന്നായി ഭക്ഷണം പങ്കുവെക്കുന്നത് പോലെ നന്നായി പാചകം ചെയ്യുന്ന ആൾ കൂടിയാണെന്ന് മാളവിക പറഞ്ഞു. അദ്ദേഹം വളരെ നന്നായി ചിക്കൻ ബിരിയാണി ഉണ്ടാക്കും. എല്ലാവരോടും വളരെ ഊഷ്മളമായാണ് അദ്ദേഹം പെരുമാറുന്നത്. എല്ലാവർക്കു ഏറ്റവും നല്ല ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ബാഹുബലി കാലം മുതൽ താൻ അദ്ദേഹത്തിൻ്റെ ആരാധികയാണ്. ആ സമയത്ത് അദ്ദേഹത്തോട് ക്രഷ് തോന്നിയിരുന്നു. ഒരു വലിയ താരം എന്നതിലുപരി ഒപ്പം പ്രവർത്തിക്കുന്ന എല്ലാവരെയും വളരെയധികം ബഹുമാനിക്കുന്ന ആൾ കൂടിയാണ് പ്രഭാസ് എന്നും മാളവിക പറഞ്ഞു.
ഹൊറർ കോമഡി വിഭാഗത്തിലൊരുങ്ങുന്ന ദി രാജാ സാബ് ഈ മാസം 9ന്, പൊങ്കൽ റിലീസ് ആയാണ് തീയറ്ററുകളിലെത്തുക. മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ സഞ്ജയ് ദത്ത്, സറീന വഹാബ് എന്നിവർ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. മൂന്ന് നായികമാരാണ് സിനിമയിലുള്ളത്. മാളവികയെ കൂടാതെ റിദ്ധി കുമാർ, നിധി അഗർവാൾ എന്നിവരാണ് മറ്റ് നായികമാർ. മാളവിക മോഹനൻ്റെ ആദ്യ തെലുങ്ക് സിനിമയാണ് ദി രാജാ സാബ്.
കാർത്തിക് പളനിയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. കൊടഗിരി വെങ്കടേശ്വര റാവു എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. തമനാണ് സംഗീതസംവിധാനം. സിനിമയുടെ ബജറ്റ് 400 കോടിയ്ക്ക് മുകളിലാണെന്നാണ് റിപ്പോർട്ടുകൾ.