Mammootty: ഇടവേളയ്ക്ക് വിട നൽകി മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലേക്ക് തിരികെയെത്തുന്നു; ഔദ്യോഗികമായി അറിയിച്ച് നിർമ്മാതാവ്
Mammootty Is Back: അഭിനയത്തിലേക്ക് തിരികെയെത്തി മമ്മൂട്ടി. മഹേഷ് നാരായണൻ സിനിമയിലൂടെയാണ് മമ്മൂട്ടിയുടെ തിരിച്ചുവരവ്.

മമ്മൂട്ടി
ഇടവേളയ്ക്ക് വിടനൽകി മമ്മൂട്ടി അഭിനയത്തിലേക്ക് തിരികെയെത്തുന്നു. മഹേഷ് നാരായണൻ്റെ പേട്രിയറ്റ് എന്ന ബിഗ് ബജറ്റ് ചിത്രത്തിലേക്കാണ് മമ്മൂട്ടിയുടെ തിരിച്ചുവരവ്. ഇക്കാര്യം സിനിമയുടെ നിർമ്മാതാവ് ആൻ്റോ ജോസഫ് തന്നെ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. രോഗബാധയെ തുടർന്ന് മാസങ്ങളായി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു മമ്മൂട്ടി.
‘പ്രിയപ്പെട്ട മമ്മൂക്ക വരുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്നുമുതൽ. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തിൽ അതിജീവിച്ചു. മമ്മുക്ക ഹൈദ്രാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. പ്രാർത്ഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.’- ആൻ്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
മമ്മൂട്ടിയ്ക്ക് വൻകുടലിൽ അർബുദത്തിൻ്റെ പ്രാഥമിക ലക്ഷണമെന്നായിരുന്നു റിപ്പോർട്ടുകൾ. പ്രോട്ടോൺ തെറാപ്പിക്കായി താരത്തെ മാർച്ച് 19ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. മമ്മൂട്ടി രോഗബാധിതനാണെന്ന റിപ്പോർട്ടുകൾ ആദ്യ ഘട്ടത്തിൽ മമ്മൂട്ടിയുടെ പിആർ ടീം തള്ളിയിരുന്നു. എന്നാൽ, പിന്നീട് ആധികാരികമായ പല വൃത്തങ്ങളിൽ നിന്നും രോഗബാധ സ്ഥിരീകരിച്ചു. മമ്മൂട്ടി രോഗമുക്തനായപ്പോൾ മോഹൻലാൽ അടക്കം സന്തോഷം പങ്കുവച്ചിരുന്നു.
മമ്മൂട്ടിയ്ക്കൊപ്പം മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻ താര തുടങ്ങി വൻ താരനിര അഭിനയിക്കുന്ന ബിഗ് ബജറ്റ് സിനിമയാണ് പേട്രിയറ്റ്. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ബിഗ് സ്ക്രീനിൽ ഒരുമിക്കുന്നത്. ഹരികൃഷ്ണൻസ് എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി – മോഹൻലാൽ – കുഞ്ചാക്കോ ബോബൻ എന്നിവർ ഒരുമിക്കുന്ന സിനിമ കൂടിയാണ് ഇത്.
ആൻ്റോ ജോസഫിൻ്റെ പോസ്റ്റ്