Padayatra song: പദയാത്രയ്ക്ക് പിന്നിൽ ഇങ്ങനെയൊരു കഥയുണ്ട്… സുഹൃത്തിന്റെ യാത്ര കാരണമുണ്ടായ പാട്ട് – ജോബ് കുര്യൻ
Musician Job Kurian talks about Padayatra song: ഒരുപാട് ട്രാവൽ വീഡിയോകളിൽ ഈ പാട്ട് ഉപയോഗിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. ബൈക്കേഴ്‌സുമായി ഈ പാട്ട് അത്രമേൽ റിലേറ്റ് ചെയ്തു, അതിൽ റൈഡേഴ്‌സിന് വലിയൊരു പങ്കുണ്ട്," ജോബ് കുര്യൻ വ്യക്തമാക്കി.

Job Kurian
മലയാള സംഗീത ലോകത്ത് രണ്ട് പതിറ്റാണ്ടായി തനതായ ശൈലി കൊണ്ട് ശ്രദ്ധേയനായ ഗായകനാണ് ജോബ് കുര്യൻ. അദ്ദേഹത്തിന്റെ ഹിറ്റ് ഗാനമായ ‘പദയാത്ര’ ഇന്നും സംഗീതപ്രേമികൾക്കിടയിൽ തരംഗമാണ്. ഈ ഗാനത്തിന്റെ വിജയത്തിന് പിന്നിലെ രഹസ്യവും അത് പിറവിയെടുത്ത സാഹചര്യവും വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ‘ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ’ എക്സ്പ്രസ് ഡയലോഗ്‌സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റൈഡേഴ്‌സും പദയാത്രയും
താനൊരു ബൈക്ക് റൈഡറല്ലെങ്കിലും ‘പദയാത്ര’ എന്ന പാട്ട് റൈഡേഴ്‌സ് ഏറ്റെടുത്തതാണ് അതിന്റെ വലിയ വിജയത്തിന് പിന്നിലെന്ന് ജോബ് പറയുന്നു. യാത്രകളോടുള്ള എന്റെ ഇഷ്ടം പാട്ടിന്റെ താളത്തിലും ഫീലിലും വരാറുണ്ട്. ഒരുപാട് ട്രാവൽ വീഡിയോകളിൽ ഈ പാട്ട് ഉപയോഗിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. ബൈക്കേഴ്‌സുമായി ഈ പാട്ട് അത്രമേൽ റിലേറ്റ് ചെയ്തു, അതിൽ റൈഡേഴ്‌സിന് വലിയൊരു പങ്കുണ്ട്,” ജോബ് കുര്യൻ വ്യക്തമാക്കി. പദയാത്ര എന്ന പാട്ട് തന്റെ ഒരു അടുത്ത സുഹൃത്തിന്റെ യാത്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണെന്ന് ജോബ് വെളിപ്പെടുത്തി.
Also Read: ബോക്സ് ഓഫീസിൽ ‘സർവ്വം മായ’ക്ക് ഗംഭീര വരവേൽപ്പ്! ഓപ്പണിംഗില്‍ നേടിയത് ഞെട്ടിക്കുന്ന തുക
ജീവിതത്തിലെ വലിയൊരു വിഷമഘട്ടത്തിലൂടെ കടന്നുപോയപ്പോൾ ആ സുഹൃത്ത് കയ്യിൽ വലിയ പണമൊന്നുമില്ലാതെ ഒരു ഹിമാലയൻ യാത്ര നടത്തി. യാത്രയ്ക്കിടയിൽ അവൻ അയച്ചുതരുന്ന ഓരോ ചിത്രങ്ങളിലും അവൻ പതിയെ പതിയെ മാറുന്നത് ഞാൻ കണ്ടു. തിരികെ വന്നപ്പോൾ അവൻ തികച്ചും പുതിയൊരു മനുഷ്യനായിരുന്നു.
അവന്റെ ആ യാത്രയുമായി ബന്ധപ്പെട്ടാണ് ഞാൻ ഈ പാട്ടിന് ട്യൂൺ ഇട്ടുതുടങ്ങിയത്. അവനോടുള്ള സ്നേഹമാണ് ആ പാട്ടിലുള്ളത്. “ഞാനില്ലായിരുന്നെങ്കിൽ നീ ഈ പാട്ട് ഉണ്ടാക്കില്ലായിരുന്നു” എന്ന് അവൻ ഇന്നും തമാശയായി പറയാറുണ്ടെന്നും ജോബ് കൂട്ടിച്ചേർത്തു.