Sarvam Maya Collection: ബോക്സ് ഓഫീസിൽ ‘സർവ്വം മായ’ക്ക് ഗംഭീര വരവേൽപ്പ്! ഓപ്പണിംഗില്‍ നേടിയത് ഞെട്ടിക്കുന്ന തുക
Sarvam Maya Box Office Collection Day 1:വരും ദിവസങ്ങളിലും ചിത്രം ബോക്സ് ഓഫിസിൽ മികച്ച വിജയം നേടുമെന്ന് ഉറപ്പാണ്. ക്രിസ്മസ്-പുതുവത്സര കാലയളവിലെ റിലീസും ചിത്രത്തിന് ഗുണകരമായി.
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് നിവിൻ പോളി നായകനായി എത്തിയ സര്‍വം മായ. അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിലേക്ക് എത്തിയത്. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. നിവിൻ പോളിയുടെ തിരിച്ചുവരവാണ് ചിത്രം എന്നാണ് ചിത്രം കണ്ട് പുറത്തിറങ്ങുന്നവർ പറയുന്നത്. ഇതോടെ നിവിൻ പോളി തന്റെ സ്വാഭാവികമായ ട്രാക്കിലേക്ക് തിരിച്ചെത്തി എന്നതാണ് സര്‍വം മായയ്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
ചിത്രത്തിന് ആദ്യദിനം തന്നെ ഗംഭീര വരവേൽപ്പ് ലഭിച്ചതോടെ പുതിയതായി 260 ഷോകൾ കൂടി ആഡ് ചെയ്‍തു. ഇതോടെ ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നാല് കോടി രൂപ നേടിയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്മില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. വരും ദിവസങ്ങളിലും ചിത്രം ബോക്സ് ഓഫിസിൽ മികച്ച വിജയം നേടുമെന്ന് ഉറപ്പാണ്. ക്രിസ്മസ്-പുതുവത്സര കാലയളവിലെ റിലീസും ചിത്രത്തിന് ഗുണകരമായി.
Also Read:ആ പഴയ നിവിനെ ഞാൻ കണ്ടടാ..! സർവ്വം മായയിൽ നിവിൻ പോളിക്ക് വാനോളം പ്രശംസ
ഫാന്‍റസി ഹൊറർ കോമഡി ഴോണറിൽ സർവ്വം മായ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അജു വർഗീസും എത്തുന്നുണ്ട്. നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’ക്കുണ്ട്. ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങൾ എല്ലാം പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇവർക്കുപുറമെ ജനാർദനൻ, രഘുനാഥ് പലേരി, മധുവാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഫയർഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീതം, ശരൺ വേലായുധന്റെ കാമറ, അഖിൽ സത്യൻ എഡിറ്റിങ് വിഭാഗം എന്നിവ കൈകാര്യം ചെയ്യും.