Nivin Pauly: ‘എനിക്ക് പ്രേതത്തെ പേടിയാണ്, കട്ടിലിൻ്റെ അടിയിലൊക്കെ നോക്കും’; ഹൊറർ സിനിമകൾ കാണാറില്ലെന്ന് നിവിൻ പോളി
Nivin Pauly About Horror Movies: തനിക്ക് പ്രേതത്തെ പേടിയാണെന്ന് നിവിൻ പോളിയുടെ വെളിപ്പെടുത്തൽ. താൻ ഹൊറർ സിനിമകൾ കാണാറില്ലെന്നും താരം പറഞ്ഞു.
തനിക്ക് പ്രേതത്തെ പേടിയാണെന്ന് നിവിൻ പോളി. ഹൊറർ സിനിമകൾ കാണാറില്ലെന്നും താരം പറഞ്ഞു. തൻ്റെ ഏറ്റവും പുതിയ സിനിമയായ സർവം മായയുടെ പ്രമോഷൻ്റെ ഭാഗമായാണ് നിവിൻ പോളി ഇക്കാര്യം വെളിപ്പെടുത്തിയത്. അഖിൽ സത്യൻ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഹൊറർ തനിക്ക് ഭയങ്കര പേടിയുള്ള ഒരു ഏരിയയാണ് എന്ന് നിവിൻ പറഞ്ഞു. ഹൊറർ സിനിമകൾ താൻ കാണാറില്ല. യാത ചെയ്യുമ്പോഴും ഷൂട്ടിൻ്റെ സമയത്തുമൊക്കെ ഒറ്റയ്ക്ക് താമസിക്കുന്നതാണ് പ്രധാന പ്രശ്നം. ആ സമയത്ത് ഇതൊക്കെ തന്നെ വേട്ടയാടും. ഈ സിനിമയുടെ ടീസറിൽ കട്ടിലിൻ്റെ അടിയിലും ടോയ്‌ലറ്റിലുമൊക്കെ കയറി നോക്കുന്നത് കാണിക്കുന്നില്ലേ. അതൊക്കെ താൻ സ്ഥിരം ചെയ്യാറുണ്ട്. ഹൊറർ ഏരിയ തനിക്ക് വലിയ പേടിയാണ്. അഖിലിനും ഇതുപോലെ തന്നെയാണ്. അഖിലിന് വലിയ മുറി പറ്റില്ല. ചെറിയ മുറി വേണം. ഈ സിനിമയിൽ തനിക്ക് അഭിനയിക്കേണ്ടിവന്നിട്ടില്ല എന്നും നിവിൻ പോളി പറഞ്ഞു.
ഇത്തരം സിനിമകൾ ചെയ്യുമ്പോൾ ഇതുപോലുള്ള അനുഭവങ്ങൾ വരാനിടയുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. സർവം മായയിലെപ്പോലെ അവസ്ഥ വന്നാലോ എന്നോർത്ത് ടെൻഷനുണ്ടായിരുന്നു. അതേപ്പറ്റി അഖിലിനോട് ചോദിച്ചിട്ടുണ്ട്. ഒരു പ്രേതം കൂടെ വന്നിരുന്നാൽ എന്ത് ചെയ്യുമെന്നൊക്കെ ചോദിച്ചിട്ടുണ്ട് അങ്ങനെ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല എന്നും താരം വ്യക്തമാക്കി.
അഖിൽ സത്യൻ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് സർവം മായ. അഖിൽ തന്നെ തിരക്കഥയൊരുക്കിയ സിനിമയിൽ നിവിൻ പോളിയ്ക്കൊപ്പം റിയ ഷിബു, അജു വർഗീസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അഖിൽ തന്നെ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന സിനിമയിൽ ശരൺ വേലായുധനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജസ്റ്റിൻ പ്രഭാകരനാണ് എഡിറ്റ്.