Nivin Pauly: ‘നന്മയുടെ ഒരു കണികപോലുമില്ലാത്ത വില്ലൻ’; ‘ബെൻസി’ലെ കഥാപാത്രം വളരെ ആഗ്രഹിച്ചു ചെയ്തതെന്ന് നിവിൻ പോളി
Nivin Pauly Character In Benz: ബെൻസ് എന്ന സിനിമയിൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെപ്പറ്റി നിവിൻ പോളി. നന്മയുടെ ഒരു കണിക പോലുമില്ലാത്ത വില്ലൻ റോളാണ് സിനിമയിലേതെന്ന് നിവിൻ പറഞ്ഞു.
ഭാഗ്യരാജ് കണ്ണൻ്റെ ‘ബെൻസ്’ എന്ന സിനിമയിൽ അവതരിപ്പിക്കുന്നത് നന്മയുടെ ഒരു കണികപോലുമില്ലാത്ത വില്ലനെയെന്ന് നിവിൻ പോളി. ലോകേഷ് കനകരാജ് സിനിമാ യൂണിവേഴ്സിൽ പെട്ട ബെൻസിൽ നിവിൻ പോളി വില്ലനാണെന്ന് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നിവിൻ്റെ വെളിപ്പെടുത്തൽ.
ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് നിവിൻ്റെ വെളിപ്പെടുത്തൽ. തനിക്ക് ഒരു വില്ലൻ വേഷം ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു എന്ന് നിവിൻ പോലി ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു ഭയങ്കര വില്ലൻ കഥാപാത്രം. നന്മയുടെ ഒരു സൈഡ് പോലും അയാൾക്കുണ്ടാവരുത്. അങ്ങനെ ഒരു വില്ലൻ കഥാപാത്രം ചെയ്യണമെന്ന് തനിക്കാഗ്രഹമുണ്ടായിരുന്നു. കുറേ വില്ലൻ വേഷം ചെയ്ത ഒരാൾക്ക് ഹീറോ വേഷം ചെയ്യാൻ ആഗ്രഹം തോന്നുന്നത് പോലെ.
അങ്ങനെയിരിക്കുമ്പോഴാണ് ബെൻസിൻ്റെ കഥ വരുന്നത്. ആദ്യം മറ്റൊരു കഥാപാത്രമായിരുന്നു ഓഫർ. പിന്നീട് അവർ ലോകേഷുമായൊക്കെ സംസാരിച്ചിട്ട് പ്രധാന വില്ലനാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. അവർ രണ്ടാമത് വന്നപ്പോൾ പുതിയ കഥാപാത്രമായിരുന്നു. അത് തനിക്ക് നല്ല രസമായി തോന്നി. പ്രധാന വില്ലൻ കഥാപാത്രമാണ്. നന്നായി ആസ്വദിച്ചാണ് ചെയ്തത്. ചെറിയ ഒരു ഡാർക്ക് ഹ്യൂമർ ലൈൻ അതിലുണ്ട്. സീരിയസ് ഹ്യൂമറുണ്ട്, പ്രധാന വില്ലൻ റോളിൻ്റെ സംഭവങ്ങളുമുണ്ട് എന്നും നിവിൻ പറഞ്ഞു.
ലോകേഷ് കനകരാജ് തിരക്കഥയൊരുക്കുന്ന ബെൻസ് ഭാഗ്യരാജ് കണ്ണനാണ് സംവിധാനം ചെയ്യുന്നത്. വാൾട്ടർ എന്നാണ് നിവിൻ്റെ കഥാപാത്രത്തിൻ്റെ പേര്. രാഘവ ലോറൻസ്, സംയുക്ത തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഖിൽ സത്യൻ്റെ സംവിധാനത്തിലൊരുങ്ങുന്ന സർവം മായ ആണ് നിവിൻ്റെ ഉടൻ റിലീസാവുന്ന ചിത്രം. ഡിസംബർ 25ന് സിനിമ തീയറ്ററുകളിലെത്തും.