Robin Radhakrishnan: കൊല്ലത്ത് റോബിൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥിയോ?; കട്ട സപ്പോർട്ടുമായി ആർഎസ്എസ്
Robin Radhakrishnan As BJP Contestent: റോബിൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥിയാവുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താരം കൊല്ലത്തുനിന്ന് മത്സരിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങൾ.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഗ് ബോസ് മത്സരാർത്ഥിയായ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥി ആവുമെന്ന് അഭ്യൂഹം. കൊല്ലത്തുനിന്ന് റോബിൻ മത്സരിക്കുമെന്നാണ് സൂചന. ഈ അവകാശവാദവുമായി പങ്കുവെക്കപ്പെട്ട സമൂഹമാധ്യമ പോസ്റ്റുകൾ റോബിൻ സ്വയം ഷെയർ ചെയ്തതും അഭ്യൂഹത്തിന് ശക്തിപകർന്നിട്ടുണ്ട്. ഇതിനിടെ ആർഎസ്എസ് റോബിന് പിന്തുണ അറിയിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സംസാരിക്കുന്ന ഒരു ചിത്രം റോബിൻ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം ഷെയർ ചെയ്ത ഈ ചിത്രത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു ഓൺലൈൻ മീഡിയ കൊല്ലത്തുനിന്ന് ബിജെപി സ്ഥാനാർത്ഥിയായി റോബിൻ രാധാകൃഷ്ണൻ മത്സരിക്കുമെന്ന് റിപ്പോർട്ട് ചെയ്തു. ഈ പോസ്റ്റ് റോബിൻ തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. രാജീവ് ചന്ദ്രശേഖരനുമൊത്തുള്ള ചിത്രമടങ്ങിയ റോബിൻ്റെ പോസ്റ്റ് ആർഎസ്എസ് തിരുവനന്തപുരം തങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു. ഇതും റോബിൻ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി. ഇതോടെയാണ് റോബിനെ ബിജെപി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പ്രാപിച്ചത്.
എംബിബിഎസ് ബിരുദധാരിയായ റോബിൻ രാധാകൃഷ്ണൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ താരം ബിഗ് ബോസ് മത്സരാർത്ഥിയായി. നാലാം സീസണിലാണ് താരം ബിഗ് ബോസിലെത്തുന്നത്. സീസണിൽ സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ കായികമായി കയ്യേറ്റം ചെയ്തതിന് താരത്തെ ഷോയിൽ നിന്ന് പുറത്താക്കുകയായിരുന്നു. മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആരതി പൊടിയാണ് റോബിൻ്റെ ഭാര്യ.
ഇതിനിടെ, ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ചാണ് റെജി ലൂക്കോസ് ബിജെപി അംഗത്വമെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗ്വത്വം നൽകി.
റോബിൻ രാധാകൃഷ്ണൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്
View this post on Instagram