Sabarimala Gold Theft Case: തന്ത്രിയെ പിന്തുണച്ച് ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ നീക്കം ചെയ്ത് ‘മുഖം രക്ഷിക്കൽ’
R Sreelekha Supports Kandararu Rajeevaru: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് പിന്തുണയുമായി ബിജെപി കൗൺസിലർ ആർ ശ്രീലേഖ. പിന്നാലെ ഈ ഫേസ്ബുക്ക് പോസ്റ്റ് നീക്കുകയും ചെയ്തു.
ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ പിന്തുണച്ച് ശാസ്തമംഗലം ബിജെപി കൗൺസിലർ ആർ ശ്രീലേഖ. കേസിൻ്റെ പോക്കിലടക്കം സംശയം പ്രകടിപ്പിച്ചുകൊണ്ടാണ് ശ്രീലേഖ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ തന്ത്രിക്ക് പിന്തുണ അറിയിച്ചത്. എന്നാൽ, ചർച്ചയായതിന് പിന്നാലെ ഈ പോസ്റ്റ് നീക്കം ചെയ്തു.
കണ്ഠരര് രാജീവരെ തനിക്ക് 30 വര്‍ഷത്തിലേറെയായി അറിയാം എന്ന് ശ്രീലേഖ കുറിച്ചു. അറിഞ്ഞുകൊണ്ട് അയ്യപ്പന് ദോഷകരമാകുന്ന ഒന്നും അദ്ദേഹം ചെയ്യില്ല. കേസിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഭക്തജനങ്ങള്‍ കണ്ണ് തുറന്ന് കാണാന്‍ അപേക്ഷിക്കുന്നു. അന്വേഷണം ആരംഭിച്ച് നാളുകളായിട്ടും എവിടെയാണ് ഭഗവാന്റെ സ്വര്‍ണ്ണം? അത് പിടിച്ചെടുക്കാതെ ആര്‍ക്കു വേണ്ടിയാണ്, ആചാരലംഘനം നടത്തിയെന്ന് പറഞ്ഞുള്ള ഈ അറസ്റ്റ് എന്ന് ശ്രീലേഖ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ശബരിമല തന്ത്രി കണ്ഠരര് രാജീവരെ 30 വർഷത്തിലേറേയായി എനിക്കറിയാം. അദ്ദേഹം അറിഞ്ഞുകൊണ്ട് ഭഗവാൻ അയ്യപ്പനോ ക്ഷേത്രാചാരങ്ങൾക്കോ ദോഷകരമാകുന്ന ഒന്നും ചെയ്യില്ല എന്നുറപ്പാണ്. 100% ഉറപ്പ്… ഈ കേസിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഭക്തജനങ്ങൾ കണ്ണ് തുറന്നൊന്നു കാണാൻ അപേക്ഷിക്കുന്നു! ഇത്ര നാളായല്ലോ? എവിടെയാണ് ഭഗവാന്റെ സ്വർണ്ണം? അത് പോലും പിടിച്ചെടുക്കാതെ ആർക്കു വേണ്ടിയാണ്, ആചാരലംഘനം നടത്തിയെന്ന് പറഞ്ഞുള്ള ഈ അറസ്റ്റ്??
കേസിൽ ഈ മാസം 9ന് വൈകുന്നേരമാണ് ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണം കൊള്ളയടിച്ച കാര്യം തന്ത്രിക്കറിയാമായിരുന്നെന്നും പോറ്റിയുമായി തന്ത്രി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും എസ്ഐടി പറയുന്നു.