‘കഴിഞ്ഞ ആറുമാസമായി അഭിനയിക്കുന്നത് അവളുടെ കൂടെ’; മമിതയുമൊത്തുള്ള കെമിസ്ട്രിയെക്കുറിച്ച് സംഗീത് പ്രതാപ്
Sangeeth Prathap Talks About Friendship With Mamitha Baiju and His Experience With Nivin Pauly: ഇതിനുമുമ്പ് 'ബേബി ഗേൾ' എന്ന സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. "ആ ചിത്രത്തിലെ ഞങ്ങളുടെ കഥാപാത്രങ്ങൾ തികച്ചും വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നതിനാൽ, അന്ന് സെറ്റിൽ നിവിൻ പോളി പതിവില്ലാതെ വളരെ റിസർവ്ഡ് ആയിരുന്നു
സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് മമിത ബൈജുവും സംഗീത് പ്രതാപും. സിനിമയുടെ പ്രമോഷൻ പരിപാടികളിലും അവാർഡ് ഷോകളിലുമെല്ലാം ഇരുവരും തമ്മിലുള്ള സംസാരവും തമാശകളും സമൂഹമാധ്യമങ്ങളിൽ എപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ മമിതയുമായുള്ള തന്റെ സ്പെഷ്യൽ ബോണ്ടിനെക്കുറിച്ചും, കഴിഞ്ഞ ആറുമാസത്തോളം താരത്തോടൊപ്പം ഒന്നിച്ച് അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളും തുറന്നുപറയുകയാണ് സംഗീത് പ്രതാപ്. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സിനിമയിലെയും ജീവിതത്തിലെയും പുതിയ വിശേഷങ്ങൾ താരം പങ്കുവെച്ചത്.
കഴിഞ്ഞ ആറുമാസത്തോളമായി മമിതയോടൊപ്പമാണ് താൻ തുടർച്ചയായി അഭിനയിക്കുന്നതെന്ന് സംഗീത് പറയുന്നു. “ഏകദേശം മൂന്ന് മാസത്തോളം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. അത് കഴിഞ്ഞയുടനെ ഡിനോയ് പൗലോസ് തങ്ങൾ രണ്ടുപേരെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന എന്ന സിനിമയുടെ ചിത്രീകരണവും ആരംഭിച്ചുവെന്ന് സംഗീത് വ്യക്തമാക്കി.
സിനിമയ്ക്കപ്പുറം വ്യക്തിജീവിതത്തിലും താനും മമിതയും കടന്നുവന്ന വഴികളും സ്ട്രഗിളുകളും ഏറെക്കുറെ സമാനമാണെന്ന് സംഗീത് പ്രതാപ് പറയുന്നു. “പ്രി ഇവൻ്റുകളിൽ പങ്കെടുക്കുന്ന സമയത്ത് സ്റ്റേജിൽ കയറുമ്പോഴുമുള്ള പരിഭ്രമങ്ങളെക്കുറിച്ചാകും ഞങ്ങൾ എപ്പോഴും സംസാരിക്കാറുള്ളത്. സിനിമയിലും ജീവിതത്തിലും അവൾ നേരിടുന്ന സ്ട്രഗിൾ അടുത്തറിയാവുന്ന ഒരാളെന്ന നിലയിൽ, മമിതയുടെ കഠിനാധ്വാനത്തിന് അർഹിക്കുന്ന വിജയം ലഭിക്കുന്നത് കാണുമ്പോൾ എനിക്ക് മറ്റാരേക്കാളും അഭിമാനവും സന്തോഷവും തോന്നാറുണ്ട്,” സംഗീത് വ്യക്തമാക്കി.
ഇരുവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമയുടെ വിശേഷങ്ങളും സംഗീത് പങ്കുവെക്കുന്നുണ്ട്. തങ്ങൾ രണ്ടുപേർക്കും വേണ്ടി മാത്രം ഒരുക്കിയ കഥാപാത്രങ്ങളാണ് ആ സിനിമയിലേത് എന്ന് താരം പറയുന്നു. “ഓരോ നിമിഷവും മനസ്സ് നിറഞ്ഞ് സന്തോഷിക്കാൻ കഴിയുന്ന, ഞങ്ങളുടെ സൗഹൃദത്തെ പൂർണ്ണമായും ഒപ്പിയെടുത്ത സിനിമയാണത്.” ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായതോടെ ഇരുവരും തമ്മിലുള്ള സൗഹൃദവും അടുപ്പവും കൂടുതൽ ദൃഢമായി. ഒരു സുഹൃത്ത് എന്ന നിലയിലും സഹോദരി എന്ന നിലയിലും മമിതയുമായുള്ള അടുപ്പം വളർന്നുവെന്നും, സൗഹൃദം ഇപ്പോൾ ഇരു കുടുംബങ്ങളിലേക്കും വ്യാപിച്ചു എന്നും സംഗീത് കൂട്ടിച്ചേർത്തു.
‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിൽ നിവിൻ പോളിക്കൊപ്പമുള്ള തൻ്റെ ഓൺ സ്‌ക്രീൻ, ഓഫ് സ്‌ക്രീൻ അനുഭവങ്ങളും സംഗീത് പങ്കുവെക്കുന്നുണ്ട്. ഇതിനുമുമ്പ് ‘ബേബി ഗേൾ’ എന്ന സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. “ആ ചിത്രത്തിലെ ഞങ്ങളുടെ കഥാപാത്രങ്ങൾ തികച്ചും വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നതിനാൽ, അന്ന് സെറ്റിൽ നിവിൻ പോളി പതിവില്ലാതെ വളരെ റിസർവ്ഡ് ആയിരുന്നു. മാത്രമല്ല, വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ഞങ്ങൾ തമ്മിൽ ഒരുമിച്ചുള്ള ചിത്രീകരണം ഉണ്ടായിരുന്നുള്ളൂ. എന്നാൽ ‘ബെത്ലഹേം കുടുംബ യൂണിറ്റി’ൻ്റെ സെറ്റിലെത്തിയപ്പോൾ കണ്ടത് തികച്ചും വ്യത്യസ്തനായ മറ്റൊരു നിവിൻ പോളിയെയാണ്. സിനിമകളിൽ നമ്മൾ കാണുന്ന അതേ എനർജിയും തമാശകളുമായി ചുറ്റുമുള്ള എല്ലാവരെയും വളരെ കംഫർട്ടബിളാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു,” സംഗീത് വ്യക്തമാക്കുന്നു.
English Summary
Actor Sangeeth Prathap opened up about his strong on-screen and off-screen bond with Mamitha Baiju, noting they share similar life struggles. After shooting back-to-back films, their friendship has grown deeper. He also praised co-star Nivin Pauly’s highly energetic and comforting presence on the sets of Bethlehem Kudumba Unit.