Sarvam Maya: എങ്ങും സർവം മായ; ബോക്സോഫീസിൽ എകോയെ മറികടന്ന് നിവിൻ പോളിച്ചിത്രം
Sarvam Maya Box Office: സർവം മായ ബോക്സോഫീസിൽ നേട്ടമുണ്ടാക്കി മുന്നേറുന്നു. സിനിമ മലയാളത്തിൽ ഈ വർഷത്തെ പണം വാരിപ്പടങ്ങളിൽ 10ആം സ്ഥാനത്തെത്തി.
ബോക്സോഫീസിൽ തളർച്ചയില്ലാതെ സർവം മായ. നിവിൻ പോളി നായകനായ ചിത്രം ആഗോള കളക്ഷനിൽ എകോയെ മറികടന്നു. ആറാം ദിവസമായ ഇന്ന് സിനിമയുടെ ആകെ കളക്ഷൻ 55 കോടിയിലെത്തുമെന്നാണ് ട്രാക്കർമാർ പറയുന്നത്. അഞ്ചാം ദിവസം 50 കോടി തികച്ച സർവം മായ ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിലെത്തുന്ന നിവിൻ പോളിച്ചിത്രമെന്ന റെക്കോർഡിലെത്തിയിരുന്നു.
നിലവിൽ 10ആം സ്ഥാനത്താണ് സർവം മായ. എന്നാൽ, 55.08 ഫൈനൽ കളക്ഷനുള്ള ഓഫീസർ ഓൺ ഡ്യൂട്ടിയെ വൈകാതെ തന്നെ സർവം മായ മറികടന്നേക്കും. ഇക്കൊല്ലം അവസാനിക്കാൻ ഒരു ദിവസം കൂടി ബാക്കിനിൽക്കെ 2025ലെ ഏറ്റവും മികച്ച ബോക്സോഫീസ് കളക്ഷനുള്ള സിനിമകളിൽ 9ആം സ്ഥാനത്ത് എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. 56.88 കോടിയുമായി എട്ടാം സ്ഥാനത്തുള്ള രേഖാചിത്രത്തിനും സർവം മായ ഭീഷണിയാണ്.
Also Read: Sarvam Maya: അഞ്ചാം ദിവസം 50 കോടി!; ബോക്സോഫീസ് തകർത്തെറിഞ്ഞ് സർവം മായ ബ്ലോക്ക്ബസ്റ്ററിലേക്ക്
ആഭ്യന്തര മാർക്കറ്റിൽ സർവം മായയുടെ കളക്ഷൻ 26 കോടി രൂപ പിന്നിട്ടു. വിദേശ ബോക്സോഫീസിൽ നിന്ന് 24 കോടി രൂപയിലധികവും സിനിമ കളക്ട് ചെയ്തിട്ടുണ്ട്. ആദ്യ ദിവസങ്ങളിൽ ലഭിച്ചതിനെക്കാൾ കളക്ഷനാണ് പിന്നീടുള്ള ദിവസങ്ങളിൽ സർവം മായ നേടിയത്. വേർഡ് ഓഫ് മൗത്തിലൂടെ പബ്ലിസിറ്റി ലഭിച്ച സിനിമയ്ക്ക് ഇതോടെ വലിയ സ്വീകാര്യത ലഭിച്ചു. നിവിൻ പോളിയുടെ കരിയറിൽ 100 കോടി ക്ലബിലെത്തുന്ന ആദ്യ സിനിമയായി സർവം മായ മാറുമെന്ന് ട്രാക്കർമാർ വിലയിരുത്തുന്നു.
അഖിൽ സത്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹൊറർ കോമഡി സിനിമയാണ് സർവം മായ. നിവിൻ പോളി, അജു വർഗീസ്, റിയ ഷിബു, പ്രീതി മുകുന്ദൻ തുടങ്ങിയവർ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ശരൺ വേലായുധൻ ക്യാമറ കൈകാര്യം ചെയ്യുന്ന സിനിമ എഡിറ്റ് ചെയ്തതും അഖിൽ സത്യനാണ്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീതസംവിധാനം.