Mohanlal Mother Demise: മോഹൻലാലിന്റെ അമ്മയുടെ സംസ്കാരം ഇന്ന്; ഭർത്താവിനും മകനും ഒപ്പം അന്ത്യവിശ്രമം
Mohanlal Mother Demise:ഇന്ന് വൈകിട്ട് 4 മണിക്കാണ് വീട്ടുവളയിൽ സംസ്കാരം നടക്കുക....
തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മയുടെ സംസ്കാരം ഇന്ന് നടക്കും. മുടവൻമുകൾ കേശവദേവ് റോഡിലെ ഹിൽവ്യൂവിലേക്ക് ശാന്തകുമാരി അമ്മയുടെ ഭൗതികശരീരം ഇന്ന് രാവിലെ എത്തിക്കും. മോഹൻലാലിന്റെ അച്ഛൻ കെ.വിശ്വനാഥൻ നായരും സഹോദരൻ പ്യാരിലാലും അന്ത്യനിദ്രകൊള്ളുന്ന വീട്ടുവളപ്പിലാണ് അമ്മയ്ക്കും അന്ത്യവിശ്രമം.
ബുധനാഴ്ച രാവിലെ കൊച്ചിയിൽ നിന്നും ശാന്തകുമാരി അമ്മയുടെ മൃതശരീരം തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും. ഇന്ന് വൈകിട്ട് 4 മണിക്കാണ് വീട്ടുവളപ്പിൽ സംസ്കാരം നടക്കുക. മോഹൻലാലിന്റെ മൂന്നാം വയസ്സിൽ സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ സ്ഥലം വാങ്ങി നിർമ്മിച്ചതാണ് മുടവൻമുകളിലെ ഈ വീട്.
മോഹൻലാലിന്റെ ആദ്യത്തെ ചിത്രമായ തിരനോട്ടത്തിന്റെ ലൊക്കേഷനും ഈ വീട് ആയിരുന്നു. ഒരുപാട് കാലം ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നും എത്ര നിർബന്ധിച്ചാലും അമ്മ വരാൻ കൂട്ടാക്കിയിരുന്നില്ല എന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ട്. കോവിഡ്ക്കാലത്ത് തിരുവനന്തപുരത്തുള്ള അമ്മയുടെ വീട്ടിലേക്ക് എത്താൻ സാധിക്കാതെ വന്നതോടെ ചെന്നൈയിലെ വീട്ടിലിരുന്ന് അമ്മയുടെ ശബ്ദം ഫോണിലൂടെ കേട്ട് താൻ വേദനിച്ചിരുന്ന അനുഭവം ലാല് പങ്കുവെച്ചിട്ടുണ്ട്.
കൂടാതെ പൂജപ്പുരയിലെ വായനശാലയിൽ അമ്മയ്ക്കൊപ്പം പുസ്തകമെടുക്കാൻ പോയതും എല്ലാം മോഹൻലാലിന്റെ കുട്ടിക്കാലത്തെ മധുരമാർന്ന ഓർമ്മകളാണ്. 12 കൊല്ലം മുൻപ് ഉണ്ടായ പക്ഷാഘാതം ആണ് ശാന്തകുമാരി അമ്മയെ തളർത്തിയത്. തുടർന്ന് മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിലേക്ക് താമസം മാറി. മോഹൻലാൽ എന്ന മഹാനടനെ ആദ്യമായി തിരിച്ചറിഞ്ഞത് അമ്മയായിരുന്നു.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമ റിലീസ് ആയപ്പോൾ അച്ഛനും അമ്മയും ഒന്നിച്ച് കാണാൻ പോയതും ചിത്രത്തിൽ വില്ലൻ കഥാപാത്രമായി എത്തിയ മോഹൻലാലിനെ കാണുമ്പോൾ പ്രേക്ഷകർ അയ്യോ കാലൻ വരുന്നേ എന്ന തിയേറ്ററിൽ ഉയർത്തിയ പരാമർശങ്ങൾ അമ്മയെ വേദനിപ്പിച്ച കാര്യങ്ങളും എല്ലാം മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്.