ട്രയൽ റൂം തുറന്നപ്പോൾ ചോരയിൽ കുളിച്ച് 18-കാരി; ഡൽഹിയിലെ ടെക്സ്റ്റൈൽ ഷോപ്പിൽ നടന്നത് ക്രൂരമായ കൊലപാതകം
Teenager Murdered in Delhi Shop Trial Room: ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ കട അടയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ മറ്റ് ജീവനക്കാർ നടത്തുന്നതിനിടെയാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. ട്രയൽ റൂമിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയ സഹപ്രവർത്തകർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു
ന്യൂഡൽഹി: ഡൽഹിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ പതിനെട്ടുകാരിയെ കടയ്ക്കുള്ളിലെ ട്രയൽ റൂമിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്. സ്വന്തം ബന്ധു തന്നെയാണ് പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് വിവരം. പെൺകുട്ടിയുടെ മൂത്ത സഹോദരിയുടെ ഭർത്താവിൻ്റെ ബന്ധുവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. പടിഞ്ഞാറൻ ഡൽഹിയിലെ തിരക്കേറിയ പ്രദേശമായ മോട്ടി നഗർ മെട്രോ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന തുണിക്കടയിലാണ് പെൺകുട്ടി ജോലി ചെയ്തിരുന്നത്. ഇതേ തുണിക്കടയിലാണ് പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ കട അടയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ മറ്റ് ജീവനക്കാർ നടത്തുന്നതിനിടെയാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. ട്രയൽ റൂമിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയ സഹപ്രവർത്തകർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സംഘം ഉടൻ തന്നെ സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തി. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുത്താണ് പ്രതി കൊലപാതകം നടത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് എന്ന് വ്യക്തമായിട്ടില്ല. എന്നാൽ, കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതിയായ യുവാവും തമ്മിൽ കഴിഞ്ഞ മൂന്ന് മാസത്തോളമായി ചില പ്രശ്നങ്ങളും തർക്കങ്ങളും നിലനിന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ തർക്കങ്ങളുടെ വൈരാഗ്യത്തിലാകാം പ്രതി കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൃത്യം നടത്തിയ ശേഷം പ്രതി കടന്നുകളഞ്ഞ വഴി കണ്ടെത്തുന്നതിനായി കടയിലെയും പരിസര പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ഇതിന് പുറമെ കടയുടമയെയും മറ്റ് ജീവനക്കാരെയും പോലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. സംഭവസ്ഥലത്ത് നിന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി പോലീസിൻ്റെ പ്രത്യേക സംഘങ്ങൾ വിവിധയിടങ്ങളിൽ ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയാണ്.
English Summary
An 18-year-old female employee was found murdered with her throat slit inside a clothing store’s trial room in West Delhi. Police suspect her relative over a prior dispute.