AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

നിങ്ങളും അവനെ കണ്ടിട്ടുണ്ടാകാം, എന്നാൽ അവൻ ചെയ്യുന്നതൊരു ജോലി മാത്രമോ

ഈ മേഖലയിലേക്കുള്ള വാതിലുകൾ എപ്പോഴും തുറന്നുകിടക്കുകയാണ്. ഇവിടെ പലപ്പോഴും അഭിമുഖങ്ങളോ സർട്ടിഫിക്കറ്റുകളോ ആവശ്യമില്ല. ഒരു വാഹനവും ഫോണുമുള്ള ആർക്കും ദിവസങ്ങൾക്കുള്ളിൽ ജോലി തുടങ്ങാം. ഗ്രാമത്തിൽ ജോലി കണ്ടെത്താനാകാത്ത ഒരു യുവാവിനും, കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നതിനൊപ്പം സൗകര്യപ്രദമായ സമയത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു അമ്മയ്ക്കും ഇതൊരു വലിയ അനുഗ്രഹമാണ്.

നിങ്ങളും അവനെ കണ്ടിട്ടുണ്ടാകാം, എന്നാൽ അവൻ ചെയ്യുന്നതൊരു ജോലി മാത്രമോ
Delivery Boy Represental ImageImage Credit source: Getty Images Editorial 2026
Santosh Nair
Santosh Nair | Edited By: Arun Nair | Updated On: 15 Nov 2026 | 03:12 PM

മഴയുള്ളൊരു രാത്രി സമയം ഏകദേശം പതിനൊന്ന് മണി, കോളിംഗ് ബെൽ മുഴങ്ങിത്. വാതിൽ തുറന്നപ്പോൾ, നനഞ്ഞൊട്ടിയ മഞ്ഞ ജാക്കറ്റുമിട്ട് ഒരു യുവാവ് മുന്നിൽ നിൽക്കുന്നു. ഉറങ്ങിക്കിടക്കുന്ന ഒരു കുഞ്ഞിനെ എന്നപോലെ, ചൂടുള്ള ആ ഭക്ഷണപ്പൊതി അവൻ ഇരു കൈകൾ കൊണ്ടും ചേർത്തുപിടിച്ചിരുന്നു. നമുക്കവനെ അർജുൻ എന്ന് വിളിക്കാം. “ഗുഡ് ഈവനിംഗ് സാർ”, “ദയവായി എനിക്കൊരു റേറ്റിംഗ് തരണേ സാർ” എന്ന് പറഞ്ഞ്, ലിഫ്റ്റിന്റെ വാതിൽ അടയുന്നതിന് മുൻപേ അവൻ അവിടെനിന്ന് മറഞ്ഞു.

നിങ്ങളും ഇതുപോലൊരു അർജുനെ കണ്ടിട്ടുണ്ടാകാം. എന്നാൽ, അവൻ്റെ ആപ്പ് അവനെ എന്താണ് വിളിക്കുന്നതെന്ന് നിങ്ങൾ ഒരുപക്ഷേ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. അവൻ ഒരു ജീവനക്കാരനല്ല മറിച്ച് ഒരു ‘പങ്കാളി’യാണ് ). അവന് ശമ്പളമില്ല; ഓരോ ജോലിക്കും നിശ്ചിത ഫീസ് മാത്രമാണ് ലഭിക്കുന്നത്. ആരാണ് നിന്റെ ബോസ് എന്ന് അവനോട് ചോദിച്ചാൽ, പുഞ്ചിരിച്ചുകൊണ്ട് അവൻ പറയും—അത് ഈ ആപ്പ് ആണെന്ന്.

കേൾക്കുമ്പോൾ കൗതുകം തോന്നുന്ന ഒരു ഉത്തരമാണത്. പക്ഷേ, നിയമത്തിന്റെ കണ്ണിൽ അതത്ര ലളിതമല്ല. ആ ചെറിയ ചോദ്യത്തിനുള്ളിൽ, ഇന്ത്യക്കാർ ഇന്ന് എങ്ങനെ ഉപജീവനം കണ്ടെത്തുന്നു എന്നതിലെ വലിയൊരു മാറ്റം ഒളിഞ്ഞിരിപ്പുണ്ട്. മാസശമ്പളത്തിന് പകരം ഓരോ ജോലിക്കും പ്രതിഫലം ലഭിക്കുന്ന രീതിയാണ് ‘ഗിഗ് വർക്ക്’ ആപ്പുകൾ വഴി ജോലി കണ്ടെത്തുന്ന ഡെലിവറി റൈഡർമാർ, ടാക്സി ഡ്രൈവർമാർ, ഹോം-സർവീസ് തൊഴിലാളികൾ, ഫ്രീലാൻസർമാർ എന്നിവരെല്ലാം ഇതിൽ ഉൾപ്പെടുന്നു. 2020-21 കാലയളവിൽ ഏകദേശം 77 ലക്ഷം ഇന്ത്യക്കാർ ഗിഗ് മേഖലയിൽ ജോലി ചെയ്തിരുന്നതായും, 2029-30 ആകുമ്പോഴേക്കും ഇത് ഏകദേശം മൂന്നിരട്ടിയായി വർദ്ധിച്ച് 2.35 കോടിയിലെത്തുമെന്നും സർക്കാരിന്റെ നയരൂപീകരണ സമിതിയായ നീതി ആയോഗ് 2022-ലെ റിപ്പോർട്ടിൽ കണക്കാക്കിയിട്ടുണ്ട്.

വാതിലുകൾ എപ്പോഴും തുറന്നുകിടക്കുന്നു

ഇതിലേക്ക് ആളുകൾ ആകർഷിക്കപ്പെടാനുള്ള കാരണങ്ങൾ വ്യക്തമാണ്. ഈ മേഖലയിലേക്കുള്ള വാതിലുകൾ എപ്പോഴും തുറന്നുകിടക്കുകയാണ്. ഇവിടെ പലപ്പോഴും അഭിമുഖങ്ങളോ സർട്ടിഫിക്കറ്റുകളോ ആവശ്യമില്ല. ഒരു വാഹനവും ഫോണുമുള്ള ആർക്കും ദിവസങ്ങൾക്കുള്ളിൽ ജോലി തുടങ്ങാം. ഗ്രാമത്തിൽ ജോലി കണ്ടെത്താനാകാത്ത ഒരു യുവാവിനും, കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നതിനൊപ്പം സൗകര്യപ്രദമായ സമയത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു അമ്മയ്ക്കും ഇതൊരു വലിയ അനുഗ്രഹമാണ്. പത്തൊൻപതാം വയസ്സിൽ ഗ്രാമം വിട്ട് നഗരത്തിലെത്തിയ അർജുൻ ഒരാഴ്ചയ്ക്കുള്ളിൽ വരുമാനം നേടിത്തുടങ്ങിയിരുന്നു.

എന്നാൽ, ഇതിന് പകരമായി എന്തൊക്കെയാണ് ഇവർക്ക് നഷ്ടമാകുന്നത് എന്നതാണ് പ്രധാന ചോദ്യം. ഒരു സ്ഥിരം ജീവനക്കാരന് കൃത്യമായ ശമ്പളം, ശമ്പളത്തോടുകൂടിയ അവധി, പ്രൊവിഡന്റ് ഫണ്ടിലേക്കും ഇൻഷുറൻസിലേക്കുമുള്ള തൊഴിലുടമയുടെ വിഹിതം, അപകടം പറ്റിയാലോ പിരിച്ചുവിട്ടാലോ ഉള്ള സംരക്ഷണം എന്നിവ ലഭിക്കാറുണ്ട്. എന്നാൽ ഒരു ഗിഗ് തൊഴിലാളിയെ ജീവനക്കാരനായല്ല, ‘പങ്കാളി’യായാണ് കണക്കാക്കുന്നത്. ഇന്ധനച്ചെലവും വാഹനത്തിന്റെ അറ്റകുറ്റപ്പണികളും ഫോൺ ചെലവുമെല്ലാം അവൻ തന്നെ വഹിക്കണം. അസുഖം വന്നാൽ വരുമാനം നിലയ്ക്കും. റോഡിൽ അപകടം പറ്റിയാൽ ആശുപത്രി ബില്ല് സ്വയം അടയ്ക്കണം. ഓരോ ഡെലിവറിക്കും നൽകുന്ന തുകയിൽ മാറ്റം വരുത്താൻ പ്ലാറ്റ്‌ഫോമിന് അധികാരമുണ്ട്; അതിനെതിരെ വിലപേശാൻ തൊഴിലാളിക്ക് യാതൊരു ശേഷിയുമില്ല. ‘പങ്കാളി’ എന്ന വാക്ക് തുല്യതയെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ, ഒരാൾ പ്രതിഫലവും വഴിയും റേറ്റിംഗും തീരുമാനിക്കുകയും, മറ്റൊരാൾക്ക് ഒരു മോശം റേറ്റിംഗിലൂടെ ജോലി തന്നെ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇരുവർക്കും തുല്യ അധികാരമുണ്ടെന്ന് പറയാനാകുമോ?

നിയമനിർമ്മാതാക്കൾ വിഷയം ശ്രദ്ധിച്ചുതുടങ്ങി

നിയമനിർമ്മാതാക്കൾ ഈ വിഷയം ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട്. 2020-ൽ പാസാക്കിയ ‘കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി’ ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികളെ ആദ്യമായി നിയമപരമായി അംഗീകരിച്ചു. ഇവർക്ക് ഇൻഷുറൻസ്, ആരോഗ്യ-പ്രസവ ആനുകൂല്യങ്ങൾ, അപകട പരിരക്ഷ, വാർദ്ധക്യകാല സുരക്ഷ എന്നിവ നൽകുന്നതിനെക്കുറിച്ച് ഈ നിയമം സംസാരിക്കുന്നു. ഇതിനായി പ്ലാറ്റ്‌ഫോം കമ്പനികൾ തങ്ങളുടെ വിറ്റുവരവിന്റെ ഒരു ചെറിയ വിഹിതം ഒരു നിശ്ചിത പരിധി വരെ തൊഴിലാളി ക്ഷേമനിധിയിലേക്ക് നൽകണമെന്നും വ്യവസ്ഥയുണ്ട്. രാജസ്ഥാൻ, കർണാടക തുടങ്ങിയ ചില സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് നിയമങ്ങളും പാസാക്കിയിട്ടുണ്ട്.

ഏതൊരു പദ്ധതിയും ഫലപ്രദമാകുന്നത്

എങ്കിലും, ഏതൊരു പദ്ധതിയും ഫലപ്രദമാകുന്നത് അതിൽ രജിസ്റ്റർ ചെയ്യപ്പെടുന്നവരുടെ കൃത്യമായ കണക്കുകൾ ഉണ്ടാകുമ്പോൾ മാത്രമാണ്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ചതാണ് ‘ഇ-ശ്രം’ (e-Shram) പോർട്ടൽ. 2025 ഓഗസ്റ്റ് 3 വരെയുള്ള കണക്കുകൾ പ്രകാരം 30.9 കോടിയിലധികം തൊഴിലാളികൾ ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഇതിൽ പ്ലാറ്റ്‌ഫോം തൊഴിലാളികൾ വെറും 3,37,000-ൽ അല്പം മാത്രമാണ്. നീതി ആയോഗ് കണക്കാക്കിയ 77 ലക്ഷം ഗിഗ് തൊഴിലാളികളുമായി ഇത് താരതമ്യം ചെയ്യുമ്പോൾ വലിയൊരു അന്തരം കാണാം. വ്യത്യസ്ത വർഷങ്ങളിലെ വ്യത്യസ്ത മാനദണ്ഡങ്ങൾ വെച്ചുള്ള കണക്കുകളായതിനാൽ ഇവ കൃത്യമായി താരതമ്യം ചെയ്യാനാകില്ലെങ്കിലും, ബഹുഭൂരിപക്ഷം ഗിഗ് തൊഴിലാളികളും ഇപ്പോഴും ഈ സംവിധാനത്തിന് പുറത്താണെന്ന് ഈ വിടവ് വ്യക്തമാക്കുന്നു. ഇങ്ങനെയൊരു പോർട്ടൽ ഉള്ള കാര്യം തന്നെ പല റൈഡർമാർക്കും അറിയില്ലായിരിക്കാം; അല്ലെങ്കിൽ ഓർഡറുകൾക്കിടയിൽ രജിസ്റ്റർ ചെയ്യാൻ അവർക്ക് സമയമുണ്ടാകില്ല. അതുമല്ലെങ്കിൽ, എന്തെങ്കിലും ആനുകൂല്യങ്ങൾ ചോദിച്ചാൽ തങ്ങളുടെ അക്കൗണ്ട് തന്നെ നഷ്ടപ്പെടുമോ എന്ന ഭയമായിരിക്കാം അവരെ പിന്നോട്ട് വലിക്കുന്നത്. ഒരാൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത അവകാശം അയാൾക്ക് ലഭിച്ചിട്ടില്ല എന്ന് തന്നെയാണ് അർത്ഥം. ഇ-ശ്രം പോർട്ടലിലെ രജിസ്ട്രേഷൻ സൗജന്യമാണെന്നിരിക്കെയാണ് ഈ അവസ്ഥ.

ഈ വിഷയത്തിൽ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്; ഇരുപക്ഷവും പറയുന്നതിൽ സത്യവുമുണ്ട്. ജോലിസമയത്തിലെ സ്വാതന്ത്ര്യമാണ് ഗിഗ് വർക്കിന്റെ കാതലെന്നും, എല്ലാ റൈഡർമാരെയും സ്ഥിരം ജീവനക്കാരായി കണക്കാക്കിയാൽ ചെലവ് വർദ്ധിക്കുകയും തൊഴിലവസരങ്ങൾ കുറയുകയും ചെയ്യുമെന്നും കമ്പനികൾ വാദിക്കുന്നു. എന്നാൽ, പ്രതിഫലവും വഴിയും റേറ്റിംഗും ഒരു ആപ്പ് നിയന്ത്രിക്കുമ്പോൾ, ആ വ്യക്തി ഒരിക്കലും സ്വന്തം യജമാനനാകുന്നില്ലെന്ന് തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ മറ്റ് രാജ്യങ്ങളിലും ഇതേ ചർച്ചകൾ നടക്കുന്നുണ്ട്. സ്ഥിരം ജീവനക്കാരനും സ്വതന്ത്ര കരാറുകാരനും ഇടയിലുള്ള, നിയമം ഇതുവരെ കൃത്യമായി നിർവചിച്ചിട്ടില്ലാത്ത പുതിയൊരു വിഭാഗത്തിലായിരിക്കാം ഇതിനുള്ള ഉത്തരം ഒളിഞ്ഞിരിക്കുന്നത്.

അതേസമയം, അർജുന് ലഭിക്കുന്ന ഓരോ റേറ്റിംഗും നാളെ അവന് എത്രത്തോളം ജോലി ലഭിക്കുമെന്ന് തീരുമാനിക്കുന്ന ഒരു സംവിധാനത്തിലേക്കാണ് പോകുന്നത്. ഒരു നിമിഷം കൊണ്ട് നമ്മൾ സ്ക്രീനിൽ തൊട്ടുനൽകുന്ന ആ അഞ്ച് നക്ഷത്രങ്ങളാണ് (Five stars) അവന്റെ ജോലിക്കുള്ള ഏറ്റവും വലിയ ശുപാർശക്കത്ത്. നമ്മൾ പോലുമറിയാതെ നമ്മൾ എഴുതിനൽകുന്ന ശുപാർശക്കത്ത്.

മഴയുള്ള ഒരു രാത്രിയിൽ വാതിലിൽ കോളിംഗ് ബെൽ മുഴങ്ങുമ്പോൾ, പുറത്ത് നിൽക്കുന്ന ആ മനുഷ്യനെ സംരക്ഷിക്കേണ്ടത് ആരുടെ ഉത്തരവാദിത്തമാണ്?

അവലംബം: നീതി ആയോഗ് റിപ്പോർട്ട് (“India’s Booming Gig and Platform Economy”, ജൂൺ 2022), കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി (2020, ഇന്ത്യാ ഗവൺമെന്റ്), 2025 ഓഗസ്റ്റ് 3 വരെയുള്ള ഇ-ശ്രം പോർട്ടൽ രജിസ്ട്രേഷൻ വിവരങ്ങൾ (ദി പോളിസി എഡ്ജ് റിപ്പോർട്ട് പ്രകാരം). (ഈ ലേഖനത്തിലെ അർജുൻ എന്ന കഥാപാത്രം സാങ്കൽപ്പികമാണ്; എന്നാൽ ഇതിലെ വസ്തുതകൾ യാഥാർത്ഥ്യമാണ്).

Follow Us